'ലാദന്‍ രക്തസാക്ഷി'; ഇമ്രാന്‍ഖാന്‍റെ വിവാദ പ്രസ്താവന വീണ്ടും ചര്‍ച്ചയാകുന്നു

By Web TeamFirst Published Jun 27, 2021, 6:57 PM IST
Highlights

അമേരിക്ക അബോട്ടാബാദിൽ ആക്രമണം നടത്തിയെന്നും ഒസാമയെ രക്തസാക്ഷിയാക്കിയെന്നും (ഷഹീദ്) ഇമ്രാൻ പറഞ്ഞു. ഈ വിഡിയോയുടെ ക്ലിപ്പ് വൈറലാകുകയും രാജ്യാന്തരതലത്തിൽ ഇത് രൂക്ഷവിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. 

ഇസ്ലാമബാദ്: സ്ത്രീകളുടെ വസ്ത്രം സംബന്ധിച്ച് പ്രസ്താവന നടത്തി വിവാദത്തിലായ  പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പഴയ നാക്കുപിഴ വീണ്ടും ചര്‍ച്ചയാകുന്നു. ആഗോള ഭീകരനായിരുന്ന ഒസാമ ബിൻ ലാദനെക്കുറിച്ചുള്ള കഴിഞ്ഞവര്‍ഷം നടത്തിയ പരാമര്‍ശമാണ് പാകിസ്ഥാന്‍ മന്ത്രിയുടെ തിരുത്തലിലൂടെ വീണ്ടും ചര്‍ച്ചയാകുന്നത്. ലാദന്‍ രക്തസാക്ഷിയെന്നു വിശേഷിപ്പിച്ച് കഴിഞ്ഞവർഷം പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഇമ്രാൻ ഖാന്റെ വിവാദ പരാമർശം. പാക്കിസ്ഥാനിൽ ഒസാമ ബിൻ ലാദനെ വധിക്കാനായി അമേരിക്ക നടത്തിയ അബോട്ടാബാദ് ദൗത്യത്തെപ്പറ്റി സംസാരിക്കുന്നതിനിടെയായിരുന്നു ഇത്. 

അമേരിക്ക അബോട്ടാബാദിൽ ആക്രമണം നടത്തിയെന്നും ഒസാമയെ രക്തസാക്ഷിയാക്കിയെന്നും (ഷഹീദ്) ഇമ്രാൻ പറഞ്ഞു. ഈ വിഡിയോയുടെ ക്ലിപ്പ് വൈറലാകുകയും രാജ്യാന്തരതലത്തിൽ ഇത് രൂക്ഷവിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയം ഒരു വര്‍ഷത്തോളം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു പാക്ക് സർക്കാർ. എന്നാൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ഒരു സ്വകാര്യ വാർത്താചാനലിനു നൽകിയ അഭിമുഖത്തിൽ പാക്ക് ഐടി മന്ത്രി ഫവാദ് ചൗധരി ആദ്യമായി ഇത് സംബന്ധിച്ച് പ്രതികരിച്ചു. 

ഇമ്രാന്റെ ഭാഗത്തു നിന്നുണ്ടായ ഒരു നാക്കുപിഴയാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ ഒസാമ ബിൻ ലാദനെ ഒരു ഭീകരനായും അൽ ക്വയ്ദയെ ഭീകരസംഘടനയായുമാണു കാണുന്നതെന്ന് ചൗധരി പറഞ്ഞു. നേരത്തെ  ഇമ്രാന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നായിരുന്നു പാക്ക് ആഭ്യന്തരമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. 

ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ ഭീകരനും അൽ ക്വയ്ദയുടെ തലവനുമായ ബിൻ ലാദൻ 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ യുഎസിലെ വേൾഡ് ട്രേ‍ഡ് സെന്റർ തകർത്തതോടെയാണ് ലോകത്തിന്‍റെ പേടിസ്വപ്നമായത്. ഒടുവിൽ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ലാദനെ 2011ൽ യുഎസ് നേവി സീൽസ് നടത്തിയ രഹസ്യദൗത്യത്തിലാണു വധിച്ചത്.

click me!