ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിളിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

By Web TeamFirst Published Jun 25, 2020, 11:37 PM IST
Highlights

ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്തതില്‍ ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. 2011ലാണ് യുഎസ് സൈന്യം പാകിസ്ഥാനിലെ അബോട്ടാബാഗദിലെ ഒളിത്താവളത്തില്‍വെച്ച് ഒസാമ ബിന്‍ലാദനെ വധിക്കുന്നത്. 

ഇസ്ലാമാബാദ്: അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പാകിസ്ഥാന്‍ പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്തത്. ഇമ്രാന്‍ ഖാന്‍ സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്യുമ്പോഴും എങ്ങനെയാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ അപമാനിക്കപ്പെട്ടതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.   

'ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ നമ്മള്‍ അമേരിക്കയെ സഹായിച്ചു. എന്നാല്‍, എന്റെ രാജ്യം അപമാനം നേരിട്ടു. ഭീകരതക്കെതിരെയുള്ള യുദ്ധത്തെ സഹായിച്ച മറ്റൊരു രാജ്യവും ഇങ്ങനെ വിമര്‍ശിക്കപ്പെട്ടിട്ടില്ല. എന്നാല്‍, അഫ്ഗാനിസ്ഥാനിലും അവര്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെങ്കില്‍ അതിന്റെ കുറ്റവും പാകിസ്ഥാനാണ്. അബോട്ടാബാദില്‍ അമേരിക്ക ഒസാമ ബിന്‍ ലാദനെ വധിച്ചു. ബിന്‍ ലാദന്‍ രക്തസാക്ഷിയായി. പക്ഷേ എന്തു സംഭവിച്ചു. മുഴുവന്‍ ലോകവും നമ്മളെ കുറ്റപ്പെടുത്തി. നമ്മുടെ സഖ്യരാഷ്ട്രം(അമേരിക്ക) നമ്മോട് ആലോചിക്കുക പോലും ചെയ്യാതെ നമ്മുടെ രാജ്യത്ത് കടന്ന് ലാദനെ കൊലപ്പെടുത്തി. ഇത് വലിയ അപമാനമാണ്'-ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്തതില്‍ ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. 2011ലാണ് യുഎസ് സൈന്യം പാകിസ്ഥാനിലെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍വെച്ച് ഒസാമ ബിന്‍ലാദനെ വധിക്കുന്നത്.
 

click me!