
പൗരത്വപ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ദില്ലിയിൽ നടക്കുന്ന കലാപങ്ങൾക്കിടെ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും പാർട്ടിയെയും ഉന്നം വെച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത് വന്നിരിക്കുകയാണ്. ഇന്ന് ഇമ്രാൻ ഖാൻ ചെയ്ത ഒരു ട്വീറ്റ് ഇപ്രകാരമാണ്, " നാസികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആർഎസ്എസ് പ്രത്യയശാസ്ത്രം നൂറുകോടിയിൽ അധികം ജനങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്തിൻറെ തലപ്പത്ത്, അണ്വായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് ഇരിക്കുന്നതാണ് ഇന്ന് നമ്മൾ ഇന്ത്യയിൽ കാണുന്നത്. വംശവെറിയിൽ അധിഷ്ഠിതമായ ഒരു പാർട്ടി ഭരണത്തിലേറിയാൽ, അത് ചെന്നെത്തി നിൽക്കുക ചോരചിന്തുന്നതിലാണ്.."
നേരത്തെ ചെയ്ത മറ്റൊരു ട്വീറ്റിൽ ഇമ്രാൻ ഖാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു, " എന്റെ ഈ ആശങ്കയെപ്പറ്റി ഞാൻ ഐക്യരാഷ്ട്ര സഭയുടെ കഴിഞ്ഞ സമ്മേളനത്തിൽ തന്നെ പറഞ്ഞിരുന്നു. വർഗീയകലാപങ്ങളുടെയും ചോരപ്പുഴകളുടെയും ഭൂതം ഒരിക്കൽ കുപ്പി തുറന്ന് പുറത്തുവന്നാൽ അതിനെ തിരികെ കുപ്പിയിൽ കയറ്റുക ദുഷ്കരമാകും. ഇതിന്റെ തുടക്കം ഇന്ത്യ 20 വർഷം മുമ്പ് കാശ്മീരിലാണ് കുറിച്ചത്, അതിന്റെ ഫലമാണ് ഇന്ന് അവിടത്തെ 20 കോടി മുസ്ലീങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നത്." ഈ സാഹചര്യത്തിനെതിരെ ലോകരാഷ്ട്രങ്ങൾ പ്രതികരിക്കണം എന്നും ഇമ്രാൻ ട്വീറ്റിൽ പറഞ്ഞു.
തന്റെ മൂന്നാമത്തെ ട്വീറ്റിൽ ഇമ്രാൻ അഭിസംബോധന ചെയ്തത് സ്വന്തം രാജ്യത്തിലെ പൗരന്മാരെയാണ്," എന്റെ നാട്ടിലെ പൗരന്മാരോട് ഒരു മുന്നറിയിപ്പ്. പാകിസ്ഥാനിൽ ആരെങ്കിലും ന്യൂനപക്ഷക്കാരായ അമുസ്ലിങ്ങളെയോ അവരുടെ ആരാധനാ കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ട് വല്ല അക്രമങ്ങളും പ്രവർത്തിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടി വരും. ഇവിടെ പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളും തുല്യ പൗരന്മാർ തന്നെയാണ്".
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ കഴിഞ്ഞ കുറെ കാലമായി നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. അവിടത്തെ ഷിയാക്കളും, അഹമ്മദിയ, ബലൂചികളും, ക്രിസ്ത്യാനികളും ഒക്കെ ഭൂരിപക്ഷസമുദായത്തിൽ പെട്ട മറ്റു പാക് പൗരന്മാരുടെ ആക്രമണങ്ങൾക്ക് നിരന്തരം ഇരയായിക്കൊണ്ടിരിക്കുകയാണ് ഇന്നും. പാകിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിൽ ഹിന്ദുക്കൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചുവരികയാണ് എന്നാണ് പാകിസ്താനിലെ മനുഷ്യാവകാശകമ്മീഷൻ റിപ്പോർട്ടുകൾ തന്നെ സൂചിപ്പിക്കുന്നത്.അതിനിടയിൽ ദില്ലിയിലെ അക്രമസംഭവങ്ങൾ മുതലെടുത്തുകൊണ്ടുള്ള ഇമ്രാന്റെ ട്വീറ്റ് ഇരട്ടത്താപ്പാണ് എന്ന അഭിപ്രായമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. സാധാരണ ഗതിയിൽ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങൾക്ക് ഉടനടി മറുപടി നൽകാറുള്ള ഇന്ത്യൻ ഗവൺമെന്റ് ഇതുവരെ ഇമ്രാന്റെ ട്വീറ്റിനോട് പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam