പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 വ്യാപാര പങ്കാളികൾക്കെതിരെ 'സെക്ഷൻ 301' പ്രകാരം വ്യാപാര അന്വേഷണം പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളിലെ അമിത ഉൽപ്പാദനവും കുറഞ്ഞ വിലയ്ക്കുള്ള കയറ്റുമതിയും അമേരിക്കൻ വ്യവസായത്തെ തകർക്കുന്നുവെന്നാരോപിച്ചാണ് ഈ നീക്കം. അന്വേഷണം പൂർത്തിയാക്കി ഉയർന്ന ഇറക്കുമതി തീരുവകൾ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
ന്യൂയോർക്ക്: അധിക തീരുവ നീക്കം യുഎസ് സുപ്രീം കോടതിയുടെ ഉത്തരവിൽ തട്ടി പിൻവലിക്കേണ്ടി വന്നതിന് പിന്നാലെ ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യാപാര അന്വേഷണം പ്രഖ്യാപിച്ചു. സുപ്രീം കോടതി ആഗോള നികുതി നയങ്ങളിൽ പലതും റദ്ദാക്കിയത് മറികടക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുകയാണ് ലക്ഷ്യം. 1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള 'സെക്ഷൻ 301' നിയമം ഉപയോഗിച്ചാണ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ അന്വേഷണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വിദേശ രാജ്യങ്ങളിലെ അമിതമായ ഉൽപ്പാദന ശേഷിയും, ഇത് ആഗോള വിപണിയിൽ സൃഷ്ടിക്കുന്ന ആഘാതവുമാണ് ഈ അന്വേഷണത്തിന്റെ പ്രധാന വിഷയം. പല രാജ്യങ്ങളും തങ്ങളുടെ ആഭ്യന്തര ആവശ്യത്തേക്കാൾ കൂടുതൽ സാധനങ്ങൾ ഉൽപ്പാദിപ്പിച്ച്, അവ കുറഞ്ഞ വിലയ്ക്ക് അമേരിക്കയിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നത് അമേരിക്കൻ വ്യവസായ മേഖലയെ തകർക്കുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വാദം. വലിയ തോതിലുള്ള വ്യാപാര മിച്ചം, കുറഞ്ഞ വേതനം, സർക്കാർ സബ്സിഡികൾ തുടങ്ങിയവ വഴി വിദേശ രാജ്യങ്ങൾ നടത്തുന്ന ഇത്തരം വ്യാപാര രീതികൾ 'അന്യായമാണോ' എന്ന് അമേരിക്ക പരിശോധിക്കും.
ഇന്ത്യ, ചൈന എന്നിവയ്ക്ക് പുറമെ യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, വിയറ്റ്‌നാം, തായ്‌വാൻ തുടങ്ങി 16 രാജ്യങ്ങളാണ് നിലവിൽ ഈ അന്വേഷണ പരിധിയിൽ വരുന്നത്. സുപ്രീം കോടതി വിധിക്ക് പിന്നാലെ ട്രംപ് നിലവിൽ 150 ദിവസത്തേക്ക് താൽക്കാലികമായി 10% അധിക നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കാലാവധി അവസാനിക്കുന്ന ജൂലൈ മാസത്തിന് മുൻപ് അന്വേഷണം പൂർത്തിയാക്കി, സെക്ഷൻ 301 പ്രകാരം സ്ഥിരമായ ഉയർന്ന ഇറക്കുമതി തീരുവകൾ നടപ്പിലാക്കാനാണ് അമേരിക്കൻ ലക്ഷ്യം. കാനഡയെ ഈ അന്വേഷണ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഈ നിർമ്മാണ മേഖലയിലെ അന്വേഷണത്തിന് പുറമെ, നിർബന്ധിത തൊഴിൽ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളെക്കുറിച്ചും അമേരിക്ക മറ്റൊരു അന്വേഷണം ആരംഭിക്കാൻ പോവുകയാണ്. ഏകദേശം 60 രാജ്യങ്ങളെ ബാധിക്കുന്ന ഈ അന്വേഷണത്തിലൂടെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി പൂർണ്ണമായും നിരോധിക്കാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. ഇന്ത്യയുമായി നേരത്തെ നടത്തിയ ചർച്ചകളിൽ ചില ഇളവുകൾ നൽകിയിരുന്നെങ്കിലും, പുതിയ അന്വേഷണം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വീണ്ടും പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം.


