
ഖൈബർ പഖ്തുൻഖ്വ: കളിച്ചത് ഭീമാകാരൻ ഷെല്ലിന് മുകളിൽ. പാകിസ്ഥാനിൽ കളിസ്ഥലത്ത് മോട്ടോർ ഷെല്ല് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 5 കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. 12 പേരുടെ പരിക്ക് ഗുരുതരം. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ലാക്കി മാർവാത് ജില്ലയിൽ ശനിയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ 12പേരുടെ നില ഗുരുതരമാണ്.
കളിസ്ഥലത്തിന് താഴെയായി ഷെല്ല് കിടന്നത് അറിയാതെയായിരുന്നു കുട്ടികൾ ഇവിടെ കളിച്ചിരുന്നത്. കളിക്കിടെ കുട്ടികളിൽ ഒരാൾ ഷെല്ല് കണ്ടെത്തുകയായിരുന്നു. ഇതോടെ കുട്ടികൾ ഷെല്ല് അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമയത്. പരിക്കേറ്റവരിൽ 12 പേർ കുട്ടികളാണ്. കുട്ടികളാണ് ഗുരുതരാവസ്ഥയിലുള്ളതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിന് പിന്നാലെ ബന്നു പ്രാദേശിക പൊലീസ് മേഖലയിലെത്തി. ബോംബ് ഡിസ്പോസൽ സ്ക്വാഡും മേഖലയിലെത്തിയിട്ടുണ്ട്.
സ്ഫോടനം മേഖലയിൽ ആകെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് പൊലീസ് പ്രതികരിക്കുന്നത്. കുട്ടികൾ വലിച്ചും നിരക്കിയുമായി ഷെല്ല് ഗ്രാമത്തിലേക്ക് കൊണ്ട് പോവുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടാവുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലും ഖലീഫ ഗു നവാസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ പാകിസ്ഥാനിലുണ്ടാവുന്ന ആദ്യത്തെ അപകടമല്ല ഇതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ വർഷം തുടക്കത്തിൽ പൂഞ്ചിൽ പ്രാദേശിക പൊലീസ് സഹായത്തോടെ കരസേന നടത്തിയ തെരച്ചിലിൽ പൊട്ടാത്ത നിലയിലെ 42 ഷെല്ലുകൾ കണ്ടെത്തിയിരുന്നു. ഇവ പിന്നീട് സുരക്ഷിതമായി നിർവീര്യമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനുമായുള്ള ഷെല്ലാക്രമണത്തിനിടെ എത്തിയതാണ് ഇവയെന്ന നിരീക്ഷണമാണ് സംഭവത്തിൽ കരസേന നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam