'തീരുവ ചുമത്തി ഇന്ത്യയെയും ചൈനയെയും വിരട്ടാൻ നോക്കേണ്ട, വിലപ്പോവില്ല'; അമേരിക്കയോട് റഷ്യൻ വിദേശകാര്യ മന്ത്രി

Published : Sep 19, 2025, 04:41 AM IST
Russian Foreign Minister Sergei Lavrov

Synopsis

അമേരിക്കൻ സമ്മർദത്തിന് വഴങ്ങി ഇന്ത്യയും ചൈനയും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ഇത്തരം അന്ത്യശാസനങ്ങൾ ഈ രാജ്യങ്ങളെ അമേരിക്കയിൽ നിന്ന് കൂടുതൽ അകറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

മോസ്കോ: തീരുവയുടെ പേരിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ സമ്മർദത്തിലാക്കാനുള്ള അമേരിക്കൻ നീക്കം വിജയക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ഇന്ത്യയും ചൈനയുമൊന്നും അത്തരം അന്ത്യശാസനങ്ങൾക്ക് വഴങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്താൻ ചൈനയോടും ഇന്ത്യയോടും അമേരിക്ക ആവശ്യപ്പെടുന്നതിലൂടെ, ഈ രാജ്യങ്ങൾ അമേരിക്കയിൽ നിന്നും കൂടുതൽ അകലുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ പ്രധാന ചാനലായ 'ചാനൽ 1 ടിവി'-യുടെ 'ദി ഗ്രേറ്റ് ഗെയിം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ലാവ്റോവ്.

അമേരിക്കൻ സമ്മർദം ഇരു രാജ്യങ്ങളെയും പുതിയ ഊർജ്ജ വിപണികളും പുതിയ സ്രോതസ്സുകളും തേടാൻ നിർബന്ധിതരാക്കും, അമേരിക്കയുടെ ഈ സമീപനത്തോട് ധാർമ്മികവും രാഷ്ട്രീയവുമായ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. ചൈനയും ഇന്ത്യയും ഏറെ ചരിത്രമുള്ള നാഗരികതകളാണ്. അവരോട് 'എനിക്ക് ഇഷ്ടമല്ലാത്തത് ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ, ഞാൻ തീരുവ ചുമത്തും' എന്ന് പറഞ്ഞാൽ, അത് വിലപ്പോവില്ലെന്നും ലാവ്റോവ് പറഞ്ഞു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ ചൊല്ലിയാണ് യുഎസ്പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്‌നിലെ യുദ്ധത്തിന് ധനസഹായം നൽകുന്നുവെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കൻ നടപടി 'അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന്' ഇന്ത്യ പ്രതികരിച്ചിട്ടുണ്ടെന്ന് ലാവ്റോവ് പറഞ്ഞു. രാജ്യത്തിന്റെ ഊർജ്ജ സംഭരണം ദേശീയ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ നിലപാട് സ്വീകരിച്ചെന്നും ലാവ്റോവ് ചൂണ്ടിക്കാട്ടി. അതേസമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ചൈനക്ക് മേൽ അധിക തീരുവ ചുമത്താനുള്ള നീക്കം ട്രംപ് ഭരണകൂടം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ചുമത്തിയിട്ടില്ല.

റഷ്യക്ക് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന ഭീഷണിയെ വകവെയ്ക്കുന്നില്ലെന്നും ലാവ്റോവ് പറഞ്ഞു- "സത്യം പറഞ്ഞാൽ, റഷ്യയ്ക്ക് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിൽ ഞാൻ ഒരു പ്രശ്നവും കാണുന്നില്ല. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരുന്ന ആദ്യ അവസരത്തിൽ തന്നെ അക്കാലത്ത് അഭൂതപൂർവ്വമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ ഈ ഉപരോധങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിന്ന് ഞങ്ങൾ പാഠങ്ങൾ ഉൾക്കൊള്ളാൻ തുടങ്ങിയിട്ടുണ്ട്. പിന്നീട് ജോ ബൈഡൻ പ്രസിഡന്റായിരുന്നപ്പോഴും ഉപരോധങ്ങൾ ഉപയോഗിച്ചു. ഞങ്ങൾ ഒരു ഒത്തൂതീർപ്പിനും ശ്രമിച്ചിട്ടില്ല".

വ്യാപാര കരാർ: തുടർ ചർച്ചകൾക്ക് ഇന്ത്യൻ സംഘത്തെ ക്ഷണിച്ച് അമേരിക്ക

വ്യാപാര കരാറിന്‍റെ തുടർ ചർച്ചകൾക്ക് ഇന്ത്യൻ സംഘത്തെ ക്ഷണിച്ച് അമേരിക്ക. കാർഷിക ഉത്പന്നങ്ങളിലടക്കം ചർച്ചയോട് എതിർപ്പില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചതായാണ് സൂചന. തീരുവ ചുമത്തിയുള്ള ഭീഷണിക്കൊടുവിൽ നരേന്ദ്ര മോദിയെ ഡോണൾഡ് ട്രംപ് വിളിച്ചത് അമേരിക്ക നിലപാട് മാറ്റുന്നു എന്ന സൂചനയായാണ് ഇന്ത്യ കാണുന്നത്. ഇന്ത്യ - അമേരിക്ക ചർച്ചയിൽ വ്യപാര കരാറിനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കാനാണ് ധാരണയിലെത്തിയത്. കാർഷിക ഉത്പന്നങ്ങളിൽ ഇന്ത്യ നിലപാട് മാറ്റിയിട്ടില്ല എന്നാണ് സൂചന. ജനിതകമാറ്റം വരുത്തിയ ചോളം ഇന്ത്യ വാങ്ങണം എന്ന ആവശ്യം യു എസ് ആവർത്തിച്ചു. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാം എന്നാണ് ഇന്ത്യ മറുപടി നൽകിയത്.

ഇന്ത്യ - അമേരിക്ക തന്ത്രപ്രധാന ബന്ധം മുന്നോട്ടു കൊണ്ടു പോകും എന്നാണ് മോദി അറിയിച്ചത്. അഡീഷണൽ സെക്രട്ടറി രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ മധ്യസ്ഥ സംഘത്തെ അമേരിക്കൻ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് യു എസിലേക്ക് ക്ഷണിച്ചു. അടുത്ത റൗണ്ട് സംഭാഷണത്തിനുള്ള തീയതി ഉടൻ പ്രഖ്യാപിക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതും ഇന്ത്യ അമേരിക്ക കരാറും കൂട്ടിക്കുഴയ്ക്കരുത് എന്നാണ് ഇന്ത്യ ഇന്നലെ നിർദ്ദേശിച്ചത്. എന്നാൽ എണ്ണ വാങ്ങുന്നതിനുള്ള ഇരട്ട തീരുവ പിൻവലിക്കുമോ എന്നതിൽ ഇപ്പോൾ വ്യക്തതയില്ല. നരേന്ദ്ര എന്നാണ് ടെലിഫോൺ സംഭാഷണത്തിന് ശേഷം നരേന്ദ്ര മോദിയെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി എന്ന നിലയ്ക്ക് മോദി ഗംഭീര കാര്യങ്ങൾ ചെയ്യുന്നു എന്നും ട്രംപ് കുറിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?