ഹൈഡ്രജൻ ബോംബ് വരൂട്ടാ, വോട്ട് ചോരി കടുപ്പിച്ച് രാഹുൽ, അസാധ്യമെന്ന് കമ്മീഷൻ; ട്രംപിൻ്റെ താരിഫ് ഒഴിയും, അദാനിക്ക് ക്ലീൻ ചിറ്റ്, ഇന്നത്തെ പ്രധാന വാർത്തകൾ

Published : Sep 18, 2025, 07:38 PM IST
Rahul Gandhi vs Ec

Synopsis

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. എല്ലാം കമ്മീഷൻ തള്ളി. ഹിൻഡൻബർഗ് കേസിൽ അദാനി ഗ്രൂപ്പിന് സെബി ക്ലീൻ ചിറ്റ് നൽകി. അമേരിക്ക താരിഫ് പിൻവലിച്ചേക്കുമെന്ന സൂചനയും ഇന്നത്തെ പ്രധാന വാർത്തകളിൽ ഉൾപ്പെടുന്നു

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’

കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാജ ലോഗിനുകൾ ഉപയോഗിച്ച് വോട്ടർമാരെ കൂട്ടത്തോടെ നീക്കി എന്ന ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്യാജ ലോഗിൻ വഴിയാണ് ഇത് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു. തെളിവായി കർണാടകയിലെ അലന്ദ് മണ്ഡലത്തിൽനിന്ന് സാക്ഷികളെ ഹാജരാക്കി ആയിരുന്നു രാഹുലിന്റെ വാർത്താ സമ്മേളനം. മറ്റുള്ളവരുടെ വോട്ടുകൾ ഒഴിവാക്കാൻ തങ്ങളുടെ പേരുകൾ ആരോ ഉപയോഗിച്ചുവെന്ന് ഗോദാഭായി, സൂര്യകാന്ത് എന്നിവർ പറഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ രംഗത്തെത്തുന്നത്. ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്ന് പറഞ്ഞായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം തുടങ്ങിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. താൻ തെളിവ് കാണിക്കാം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും‌ രാഹുൽ ​ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഓൺലൈനായി വോട്ട് ഒഴിവാക്കാനാവില്ല, രാഹുൽ ഗാന്ധിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തികളെ നേരിട്ട് കേൾക്കാതെ ഓൺലൈനായി രാഹുൽഗാന്ധി പറഞ്ഞത് പോലെ വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഓൺലൈനായി വോട്ട് ഒഴിവാക്കുന്നതിനുള്ള സാധ്യതയില്ല. വോട്ടറിനെ കേൾക്കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂർത്തീകരിക്കാനുമാകില്ല. രാഹുൽ ​ഗാന്ധി ഉന്നയിച്ചിരിക്കുന്ന ഈ ആക്ഷേപം 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലേതാണ്. അന്ന് ചില ക്രമക്കേടുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷൻ വ്യക്തമാക്കി. അതിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷൻ അറിയിച്ചു.

ഇന്ത്യക്ക് മേൽ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിൻവലിച്ചേക്കും, നിർണായക സൂചന നൽകി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ഇന്ത്യക്ക് മേൽ ചുമത്തിയ താരിഫിൽ 25 ശതമാനം അമേരിക്ക പിൻവലിച്ചേക്കുമെന്ന സൂചന നൽകി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദനാഗേശ്വരൻ. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള പിഴ താരിഫായി ചുമത്തിയ 25 ശതമാനം നവംബറോടെ പിൻവലിച്ചേക്കുമെന്നാണ് വിവരം. വ്യാപാര കരാറിന്മേലുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് നിർണായക സൂചനകൾ പുറത്ത് വരുന്നത്. കൽക്കട്ടയിലെ മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അമേരിക്ക താരിഫ് പിൻവലിക്കുന്നതിനുള്ള സൂചനകൾ സാമ്പത്തിക ഉപദേഷ്ടാവ് പുറത്ത് വിട്ടത്. '25 ശതമാനം തീരുവയും അതോടൊപ്പം 25 ശതമാനം പിഴ തീരുവയും പ്രതീക്ഷിച്ചതായിരുന്നില്ല. ചില സാഹചര്യങ്ങളാകാം 25 ശതമാനം പിഴ തീരുവയിലേക്ക് നയിച്ചതെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ നടന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ, നവംബർ 30 ന് ശേഷം പിഴത്തീരുവ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.

144 പേരുടെയും പട്ടിക പുറത്തുവിടൂ, പിണറായിയെ വെല്ലുവിളിച്ച് ചെന്നിത്തല; സഭയെ തെറ്റിദ്ധരിപ്പിച്ചതിന് അവകാശലംഘന നോട്ടീസ് നൽകും

സംസ്ഥാനത്ത് എൽഡിഎഫ് കാലത്ത് 144 പൊലീസുകാരെ പിരിച്ചു വിട്ടെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമെന്ന് മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകുമെന്ന് ചെന്നിത്തല വ്യക്തമാക്കി. 50 ൽ താഴെ ആള്‍ക്കാരെ പിരിച്ചുവിട്ടിട്ടുള്ളുവെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് സൂചിപ്പിക്കുന്നത്. ആയതിനാൽ പിരിച്ചു വിട്ടുവെന്ന മുഖ്യമന്ത്രി പറയുന്ന 144 പേരുടെയും പട്ടിക പുറത്തുവിടണമെന്ന് ചെന്നിത്തല വെല്ലുവിളിച്ചു.

ആ​ഗോള ‌അയ്യപ്പസം​ഗമം: '7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി'; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി

ആ​ഗോള അയ്യപ്പ സം​ഗമത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഫണ്ട് സ്പോൺസർഷിപ്പ് വഴിയാണെന്നും 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും ദേവസ്വം മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ല. അയ്യപ്പ സം​ഗമത്തിൽ എൻഎസ്എസും എസ്എൻഡിപിയും പങ്കെടുക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. 5000 അധികം രജിസ്ട്രേഷൻ വന്നിരുന്നു. അതിൽ മുൻഗണന വെച്ചാണ് തീരുമാനിച്ചത്. മുമ്പ് വന്നിട്ടുള്ള ആളുകൾ‌, സംഘടനകൾ എന്നിങ്ങനെയാണ് മുൻ​ഗണന നൽകിയത്. 3500 പേർ പരമാവധി പങ്കെടുക്കുമെന്നും പ്രധാന പന്തൽ (ജർമൻ പന്തൽ) പൂർത്തിയായി എന്നും മന്ത്രി അറിയിച്ചു.

അദാനിക്ക് ക്ലീൻ ചിറ്റ്, ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളിക്കളഞ്ഞ് സെബി

യുഎസ് ഷോർട്ട്-സെല്ലർ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സെബി, അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകി. 2023 ജനുവരിയിൽ ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അദാനി ഗ്രൂപ്പ് ഓഹരി കൃത്രിമവും അക്കൗണ്ടിംഗ് തട്ടിപ്പും നടത്തിയെന്ന് ആരോപിച്ചിരുന്നു. അദാനി പോർട്ട്സ്, അദാനി പവർ, അദാനി എന്റർപ്രൈസസ് എന്നിവയുൾപ്പെടെ ഗ്രൂപ്പിന്റെ കമ്പനികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ സെബി അന്വേഷിച്ചെങ്കിലും, ഇവയ്ക്ക് തെളിവുകളില്ലെന്ന് കണ്ടെത്തി. അതിനാൽ, ഈ കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിക്കാൻ സെബി തീരുമാനിച്ചു, കൂടാതെ യാതൊരു പിഴയും ചുമത്തേണ്ടതില്ലെന്നും വ്യക്തമാക്കി.

പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്‍യു മാർച്ച്, സംഘർഷം, ജലപീരങ്കി പ്രയോ​ഗിച്ചു

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്കും സെക്രട്ടറിയേറ്റിലേക്കും കെഎസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. 17 പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും പ്രവർത്തകരർ പിരിഞ്ഞു പോയില്ല. സമരക്കാര്‍ സെക്രട്ടറിയേറ്റിലേക്ക് ചാടികടക്കാൻ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തി വീശി. സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അടക്കം 12 പേരെ അറസ്റ്റ് ചെയ്തു. കെഎസ് യുക്കാരെ മുഖംമൂടി ധരിപ്പിച്ചതിനും പൊലീസ് മൂന്നാം മുറയ്ക്കും എതിരെയായിരുന്നു നിയമസഭാ മാര്‍ച്ച് . പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോള്‍ പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ സമരം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്രണ്ടായി തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് ഡോ.സുനിൽകുമാർ. സൂപ്രണ്ട് സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോ.സുനിൽകുമാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകി. സൂപ്രണ്ട് ആയതോടെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് അറിയിച്ചാണ് കത്ത്. ഡോ.ഹാരിസിന്റെ തുറന്നുപറച്ചിൽ അടക്കം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർച്ചയായി വിവാദങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സൂപ്രണ്ടിൻ്റെ കത്ത്.

പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോ​ഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി

പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തിൽ പെട്രോൾ പമ്പ് ഉടമകൾക്ക് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും, ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയെയും ഹൈക്കോടതി വിമർശിച്ചു. യാത്രികര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്എഐ ആണ്. കൃത്യമായ ദൂരപരിധിയില്‍ എന്‍എച്ച്എഐ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ബാധ്യത പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് മേല്‍ നല്‍കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി.

ധര്‍മ്മസ്ഥല കേസ്; വീണ്ടും തലയോട്ടിയും അസ്ഥികൂടവും ലഭിച്ചു, 7 വര്‍ഷം മുമ്പ് കാണാതായാളുടെ തിരിച്ചറിയല്‍ കാർഡ് കണ്ടെത്തി

ധർമ്മസ്ഥലയില്‍ നിന്ന് വീണ്ടും തലയോട്ടി കിട്ടിയതായി റിപ്പോര്‍ട്ട്. ബങ്കലെഗുഡേ വനത്തിൽ നിന്ന് ഇന്ന് ലഭിച്ചത് രണ്ട് തലയോട്ടികളാണ്. തലയോട്ടിക്കൊപ്പം അസ്ഥികൂടവും ലഭിച്ചിട്ടുണ്ട്. സമീപത്തുനിന്ന് 7 വർഷങ്ങൾക്കു മുമ്പ് കാണാതായ ഒരാളുടെ തിരിച്ചറിയൽ കാർഡും തിരച്ചിലില്‍ കിട്ടി. ഇതോടെ രണ്ടുദിവസത്തെ തെരച്ചിലിൽ കിട്ടിയ തലയോട്ടികളുടെ എണ്ണം 7 ആയി. നിലവില്‍ ഇന്നത്തെ തെരച്ചിൽ എസ്ഐടി അവസാനിപ്പിച്ചിരിക്കുകയാണ്. ബങ്കലെഗുഡേ വനമേഖലയിൽ നിന്ന് ഇന്നലെയും അസസ്ഥി കഷ്ണങ്ങൾ ലഭിച്ചിരുന്നു. കർണാടക ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു പരിശോധന.

പത്തനംതിട്ട പോക്സോ കേസ് അട്ടിമറി: 2 ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശയുമായി ആഭ്യന്തര വകുപ്പ്

പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയിൽ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്. തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, ആറന്മുള സി.ഐ പ്രവീൺ എന്നിവർക്ക് എതിരെ നടപടിക്ക് വകുപ്പ് ശുപാർശ നൽകി. പൊലീസിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ച് എന്നാണ് കണ്ടെത്തൽ. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തി. ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണത്തിന് നിർദ്ദേശം നൽകി‌യിരിക്കുകയാണ്. കേസ് ആദ്യം അട്ടിമറിച്ചതിൽ കോന്നി ഡിവൈഎസ്പി ആയിരുന്ന രാജപ്പൻ റാവുത്തറയും സി.ഐ ശ്രീജിത്തിനെയും മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. പത്തനംതിട്ട സിഡബ്ല്യുസി ചെയർമാനെയും സസ്പെൻഡ് ചെയ്തിരുന്നു. 16കാരി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് നടപടി.

ലോക അത്‌ലറ്റിക്സ്: നീരജിന് മെഡലില്ലാതെ മടക്കം; ഫൈനലില്‍ അമ്പരപ്പിച്ച് സച്ചിന്‍ യാദവ്

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ നീരജ് ചോപ്രക്ക് മെഡലില്ലാതെ മടക്കം. തന്‍റെ മികച്ച ദൂരം കണ്ടെത്താനാവാതിരുന്ന നീരജ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേസമയം 86.27 മീറ്റര്‍ ദൂരം താണ്ടി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യയുടെ സച്ചിന്‍ യാദവ് ഞെട്ടിച്ചു. തന്‍റെ നാലാം ശ്രമത്തില്‍ തന്നെ 88.16 മീറ്റര്‍ ദൂരം താണ്ടിയ ട്രിൻബാഗോയുടെ കെഷോം വാല്‍ക്കോട്ട് ആണ് സ്വര്‍ണം നേടിയത്. 87.38 മീറ്റര്‍ ദൂരം പിന്നിട്ട ഗ്രനഡയുടെ ആന്‍ഡേഴ്സൺ പീറ്റേഴ്സ് വെള്ളി നേടിയപ്പോള്‍ 86.67 മീറ്റര്‍ പിന്നിട്ട അമേരിക്കയുടെ കര്‍ട്ടിസ് തോംപ്സണ്‍ വെങ്കലം നേടി.

ഈ ആഴ്ചയും മുന്നിൽ തന്നെ; ബാര്‍ക്ക് റേറ്റിങില്‍ കൃത്യമായ മേധാവിത്വം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്; നേരോടെ നിർഭയം നിരന്തരം

പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ എന്ന സ്ഥാനം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. ഇന്ന് പുറത്തുവന്ന 36-ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങിൽ 84 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുകയാണ്. രണ്ടും മൂന്നും സ്ഥാനത്തുള്ള വാ‌ർത്താചാനലുകളെക്കാൾ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനൽ. റേറ്റിങ് കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 68 പോയിന്റാണുള്ളത്. 48 പോയിന്റുള്ള 24 ന്യൂസ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. 38 പോയിന്‍റുകളുള്ള മനോരമ നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. 29 പോയിന്‍റുമായി ന്യൂസ് മലയാളം 24x7 ആറാം സ്ഥാനത്താണ്.

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം