
ഇസ്ലാമാബാദ്: ഇന്ത്യ പ്രകോപനങ്ങളില്ലാതെ രണ്ട് തവണ പാകിസ്ഥാനെ ആക്രമിച്ചുവെന്ന് പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീർ.ഇന്ത്യയുടേത് 'വരും വരായ്കകൾ നോക്കാതെയുള്ള' നടപടി ആണെന്നും അദ്ദേഹം വിമർശിച്ചു. മേഖലയിലെ സംഘർഷങ്ങൾ വർധിപ്പിക്കുന്നതിന് ഇന്ത്യയെ കുറ്റപ്പെടുത്തിയ മുനീർ, ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ആക്രമണമുണ്ടായാൽ തക്കതായ തിരിച്ചടി നൽകുമെന്നും വ്യക്തമാക്കി.
ശനിയാഴ്ച കറാച്ചിയിലെ പാകിസ്ഥാൻ നേവൽ അക്കാദമിയിൽ സംസാരിക്കുകയായിരുന്നു ജനറൽ മുനീർ. പ്രകോപനങ്ങളില്ലാത്ത ഇന്ത്യൻ സൈനിക നടപടികളോട് ഇസ്ലാമാബാദ് ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. പ്രകോപനങ്ങളുണ്ടായിട്ടും, പാകിസ്ഥാൻ സംയമനവും പക്വതയും പ്രകടിപ്പിച്ചു, സമാധാനത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തീവ്രവാദം ഇല്ലാതാക്കുന്ന നടപടികളിൽ പാകിസ്ഥാൻ അടുത്തെത്തിയപ്പോൾ ഇന്ത്യ മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയാണെന്നും മുനീർ ആരോപിച്ചു.
അതേസമയം, മുനീർ കശ്മീരിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീണ്ടും മുനീര്‍ പ്രസംഗത്തിൽ പ്രസ്താവന നടത്തി. 'ഇന്ത്യയുടെ നിയമവിരുദ്ധമായ അധിനിവേശത്തിനെതിരെ പോരാടുന്ന നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങൾ നാം ഓർക്കണം" എന്നാണ് മുനീര്‍ പറഞ്ഞത്. പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കും കശ്മീരി ജനതയുടെ അഭിലാഷങ്ങൾക്കും അനുസൃതമായി കശ്മീർ വിഷയത്തിന് നീതിയുക്തമായ പരിഹാരം കാണുന്നതിന് പാകിസ്ഥാൻ ശക്തമായി വാദിക്കുന്നുവെന്നും മൂനീര്‍ കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ പിന്തുണയോടെ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപും മുനീർ കശ്മീർ വിഷയത്തിൽ പ്രകോപനപരമായ പ്രസ്താവന നടത്തിയിരുന്നു. കശ്മീർ ഇസ്ലാമാബാദിന്റെ പ്രധാന ധമനിയാണെന്നായിരുന്നു അദ്ദേഹം വിദേശത്തുള്ള പാകിസ്ഥാൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പറഞ്ഞത്. മുനീറിന്റെ ഈ പ്രസ്താവന പുറത്തുവന്ന് ഒരാഴ്ച തികയും മുൻപാണ്, പാക് പിന്തുണയോടെ ഭീകരർ കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയത്.