ചൈനയുമായി അടുക്കുമ്പോൾ വീണ്ടും യുഎസിന്‍റെ ഭീഷണി; 'ഇന്ത്യ ലാഭക്കൊതിയന്മാർ, മറിച്ചുവിറ്റുള്ള ഈ കച്ചവടം അംഗീകരിക്കില്ല'

Published : Aug 20, 2025, 10:28 AM IST
trump Modi

Synopsis

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി ശുദ്ധീകരിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുന്ന ഇന്ത്യയുടെ നടപടി അസ്വീകാര്യമാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി ആരോപിച്ചു. 

വാഷിംഗ്ടണ്‍: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് വീണ്ടും രംഗത്ത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിലും കുറഞ്ഞ വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങി, അത് ശുദ്ധീകരിച്ച് ഉയർന്ന വിലയ്ക്ക് വിറ്റ് ഇന്ത്യ ലാഭം കൊയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസെന്‍റ് ഇന്ത്യയുടെ നടപടിയെ അസ്വീകാര്യം എന്ന് വിശേഷിപ്പിച്ചത്.

കുറഞ്ഞ വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങി, അത് ഉൽപ്പന്നങ്ങളായി മറിച്ചുവിറ്റ് ഇന്ത്യ നടത്തുന്ന ഈ കച്ചവടം യുദ്ധകാലത്ത് പൊടുന്നനെ ഉണ്ടായതാണ്, ഇത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് വെറും ലാഭക്കൊതിയാണ്, അവർ അത് മറിച്ചുവിൽക്കുകയാണ് എന്നാണ് ബെസെന്‍റ് തുറന്നടിച്ചത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളിൽ ചിലർക്ക് റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നതിലൂടെ പ്രയോജനം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, താങ്ങാനാവുന്ന വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ ദേശീയ താൽപ്പര്യമാണെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് രാജ്യത്തിന്‍റെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനും ആഗോള വില വർദ്ധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും സഹായിക്കുന്നുവെന്ന് ഇന്ത്യ വാദിക്കുന്നു. ട്രംപിന്‍റെ താരിഫ് നീക്കത്തിനിടെ ഇന്ത്യ - ചൈന ബന്ധം കൂടുതല്‍ മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് വീണ്ടും ഭീഷണിയെന്നുള്ളതാണ് ശ്രദ്ധേയം.

യുഎസിന്‍റെ നീക്കങ്ങൾ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ട്രഷറി സെക്രട്ടറി ഇന്ത്യയെ വിമർശിക്കുന്നത് ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞയാഴ്ച ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ, അലാസ്കയിൽ ട്രംപും പുടിനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ഇന്ത്യക്കെതിരെ കൂടുതൽ അധിക താരിഫ് ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കാർക്ക് അധിക താരിഫ് ചുമത്തിയിട്ടുണ്ട്. കാര്യങ്ങൾ നല്ല രീതിയിൽ പോയില്ലെങ്കിൽ ഉപരോധങ്ങളും അധിക താരിഫുകളും വർദ്ധിപ്പിക്കുമെന്ന് ബെസെന്‍റ് പറഞ്ഞിരുന്നു. അതേസമയം, യുഎസിന്‍റെ ഉപരോധങ്ങളുമായി യോജിച്ച് നിൽക്കാൻ യൂറോപ്യൻ സഖ്യകക്ഷികളെയും അദ്ദേഹം പ്രേരിപ്പിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് റഷ്യൻ എണ്ണ ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ വാങ്ങുന്നത് കപടതയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇന്ത്യ - റഷ്യ എണ്ണ ഇടപാട്

2022-ൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയതിന് ശേഷമാണ് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങാൻ തുടങ്ങിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2020 സാമ്പത്തിക വർഷത്തിൽ 1.7 ശതമാനം മാത്രമുണ്ടായിരുന്ന റഷ്യൻ എണ്ണ ഇറക്കുമതി, 2025 സാമ്പത്തിക വർഷത്തിൽ 35 ശതമാനത്തിലധികം വർദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ ഇറക്കുമതി ചെയ്ത 245 ദശലക്ഷം മെട്രിക് ടൺ എണ്ണയിൽ 88 ദശലക്ഷം മെട്രിക് ടണ്ണും റഷ്യയിൽ നിന്നാണ് വന്നത്. ഇത് റഷ്യയെ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാക്കി മാറ്റി.

യുഎസ് ഉപരോധങ്ങൾ വൈകിയേക്കാം

ബെസെന്‍റിന്‍റെ രൂക്ഷമായ വാക്കുകൾ ഉണ്ടായെങ്കിലും, യുഎസ് ഉടനടി ഉപരോധങ്ങൾ വർദ്ധിപ്പിക്കുമോ എന്നത് വ്യക്തമല്ല. അലാസ്കയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ട്രംപ്, ഉപരോധങ്ങൾ രണ്ടോ മൂന്നോ ആഴ്ചത്തേക്ക് വൈകിയേക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഉടൻ തന്നെ ഉപരോധം ഏർപ്പെടുത്തിയാൽ അത് വലിയ ആഘാതമുണ്ടാക്കും എന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന്‍റെ അടുത്ത ഘട്ട ചർച്ചകൾ വൈകാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഈ മാസം അവസാനം ന്യൂഡൽഹി സന്ദർശിക്കാൻ നിശ്ചയിച്ചിരുന്ന യുഎസ് പ്രതിനിധി സംഘം തങ്ങളുടെ യാത്ര മാറ്റിവെച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം