
ദില്ലി: ചൈനയ്ക്കും ഇന്ത്യക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായി സ്ഥിരീകരണം. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ന്യൂഡൽഹി സന്ദർശിച്ചതിന് പിന്നാലെയാണ് ഈ നിര്‍ണായ തീരുമാനം വന്നിട്ടുള്ളത്. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രാവിസ, ബിസിനസ് വിസ, മാധ്യമപ്രവർത്തകർക്കുള്ള വിസ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാനും ധാരണയായി.
ഇത് ഇരു രാജ്യങ്ങളിലെയും സഞ്ചാരികളെയും വ്യവസായികളെയും സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഡോക്ലാം പ്രതിസന്ധിക്ക് പിന്നാലെ നിർത്തിവെച്ച വിമാന സർവീസുകളാണ് കൊവിഡ് 19 മഹാമാരി കാരണം വീണ്ടും വൈകിയത്. ഇന്ത്യയിൽ നിന്ന് ടിബറ്റിലെ കൈലാസ പർവതത്തിലേക്കും മാനസരോവർ തടാകത്തിലേക്കുമുള്ള തീർത്ഥാടനം 2026ൽ പുനരാരംഭിക്കാനും വികസിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. ട്രംപ് ഇന്ത്യക്കെതിരെ താരിഫ് ചുമത്തിയ ശേഷം ഇന്ത്യ - ചൈന ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന്‍റെ സൂചയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇത് ട്രംപിനും യുഎസിനും വലിയ തിരിച്ചടി നൽകുന്നതാണ്.
അതിർത്തി വ്യാപാരം പുനരാരംഭിക്കും
അതിർത്തിയിലെ മൂന്ന് വ്യാപാര കേന്ദ്രങ്ങളായ ലിപുലേഖ് ചുരം, ഷിപ്കി ലാ ചുരം, നാഥു ലാ ചുരം എന്നിവ തുറക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. അതിർത്തി പ്രശ്നങ്ങളിൽ മൂന്ന് പുതിയ സംവിധാനങ്ങൾ സ്ഥാപിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. അതിർത്തി മാനേജ്മെന്‍റിനും സംഘർഷം കുറയ്ക്കുന്നതിനുമായി നിലവിലുള്ള നയതന്ത്ര, സൈനിക ചാനലുകൾ ഉപയോഗിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൈനീസ് പ്രസിഡന്‍റുമായി പ്രത്യേക ചർച്ച നടത്താൻ പ്രധാനമന്ത്രി
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങുമായി പ്രത്യേക ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. ചൈനീസ് പ്രസിഡന്‍റിന്‍റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ നരേന്ദ്ര മോദിയെ കണ്ട് ഷി ജിൻപിങിന്‍റെ ക്ഷണക്കത്ത് കൈമാറി. അതിർത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് മോദി ചൂണ്ടിക്കാട്ടി. കസാനിൽ താനും ഷി ജിൻപിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാർഹമെന്നും മോദി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam