അയർലൻഡിലെ 'ഇന്ത്യാ ഡേ' ആഘോഷങ്ങൾ മാറ്റിവച്ചു; നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് വിശദീകരണം

Published : Aug 12, 2025, 06:43 PM IST
India Day celebration in Ireland postponed

Synopsis

ഇന്ത്യാ ദിനം ആഘോഷിക്കാൻ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് കരുതുന്നു എന്നാണ് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അയർലൻഡ് ഇന്ത്യ കൗൺസിലിന്‍റെ ഉപാധ്യക്ഷൻ പ്രശാന്ത് ശുക്ല പറഞ്ഞത്.

ഡബ്ലിൻ: ഇന്ത്യക്കാർക്ക് നേരെയുള്ള അതിക്രമങ്ങളെ തുടർന്ന് അയർലൻഡിലെ 'ഇന്ത്യാ ഡേ' ആഘോഷങ്ങൾ മാറ്റിവച്ചു. സുരക്ഷാ ആശങ്കളെ തുടർന്നാണ് ആഘോഷം മാറ്റിയതെന്ന് അയർലൻഡ് ഇന്ത്യ കൗൺസിൽ അറിയിച്ചു. "ഇന്ത്യ ദിനം ആഘോഷിക്കാൻ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് ഞങ്ങൾ കരുതുന്നു" എന്നാണ് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിലിന്‍റെ ഉപാധ്യക്ഷൻ പ്രശാന്ത് ശുക്ല മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

2015 മുതൽ ഐറിഷ് സർക്കാരുമായി സഹകരിച്ച് ഇന്ത്യാ ഡേ ആഘോഷങ്ങൾ നടത്തുന്നുണ്ട്. വിവിധ കലാ പരിപാടികളോടെയുള്ള ഇത്തവണത്തെ ആഘോഷം ഞായറാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടി മാറ്റിവയ്ക്കാൻ തീരുമാനിച്ചത് ഏറെ വിഷമത്തോടെയാണെന്ന് പ്രശാന്ത് ശുക്ല പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്‍റെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പുതിയ തിയ്യതി പിന്നീട് തീരുമാനിക്കുമെന്നും പ്രശാന്ത് ശുക്ല പറഞ്ഞു.

സമീപ ദിവസങ്ങളിൽ അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടായ അക്രമങ്ങളെയും വംശീയാധിക്ഷേപത്തെയും അലപിക്കുന്നുവെന്ന് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. എന്നാൽ എത്ര പേർ ആക്രമിക്കപ്പെട്ടു, ഈ ആക്രമത്തിന്‍റെ പൊതുസ്വഭാവം എന്താണ് എന്നതിനെ കുറിച്ച് അയർലൻഡ് പൊലീസിനോട് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതോടെ ഡബ്ലിനിലെ ഇന്ത്യൻ എംബസി ഈ മാസം ആദ്യം സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. രാത്രികാലങ്ങളിൽ വിജനമായ പ്രദേശങ്ങളിലൂടെ തനിച്ച് യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർക്ക് നിർദേശം നൽകി. ദില്ലിയിലെ ഐറിഷ് എംബസി ആക്രമണങ്ങളെ അപലപിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച് പൊലീസുമായി ആശയ വിനിമയം നടത്തിവരികയാണെന്നും അറിയിച്ചു.

തെക്കുകിഴക്കൻ അയർലൻഡിൽ ആറ് വയസ്സുകാരിയായ ഇന്ത്യൻ വംശജ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്. ഡബ്ലിനിൽ ഇന്ത്യക്കാരനായ ടാക്സി ഡ്രൈവറെ രണ്ട് യാത്രക്കാർ ആക്രമിക്കുകയും നിങ്ങളുടെ രാജ്യത്തേക്ക് തിരികെ പോകാൻ ആക്രോശിക്കുകയും ചെയ്തു. വെറുപ്പ് അതിവേഗം പടരുന്നതിൽ അയർലൻഡിലെ ഇന്ത്യക്കാർ ആശങ്കയിലാണ്. അയർലൻഡിൽ തങ്ങൾക്ക് വീട് കിട്ടാത്തത് ഇന്ത്യൻ കുടിയേറ്റക്കാർ കാരണമെണെന്ന വ്യാജ പ്രചാരണം വ്യാപകമാണ്. അയർലൻഡിൽ ഏകദേശം 80,000 ഇന്ത്യൻ വംശജരുണ്ട്. ഇത് അയർലൻഡിലെ ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനമാണ്.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്