യുഎൻ രക്ഷാസമിതിയിലേക്ക് എതിരില്ലാതെ എട്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ

By Web TeamFirst Published Jun 18, 2020, 7:00 AM IST
Highlights

ഇന്ത്യയോടൊപ്പം അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും സുരക്ഷാസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചു. എട്ടാംതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ നയതന്ത്രമേഖലയിലെ മറ്റൊരു നേട്ടമായി.

ജനീവ: യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത രണ്ട് വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുക. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ ഇന്ത്യയ്ക്ക് ലഭിച്ചു. എട്ടാംതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ നയതന്ത്രമേഖലയിലെ മറ്റൊരു നേട്ടമായി.

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമല്ലാത്തവരെ തെരഞ്ഞെടുക്കാനാണ് കൃത്യമായ ഇടവേളകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയോടൊപ്പം അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും സുരക്ഷാസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചു.

ഏഷ്യാ- പസിഫിക് വിഭാഗത്തിലെ അംഗത്തിനായുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു ഇന്ത്യ. ആകെ 15 അംഗങ്ങളാണ് യുഎൻ രക്ഷാസമിതിയിലുള്ളത്. ഇതിൽ അഞ്ച് രാജ്യങ്ങൾക്ക് സ്ഥിരാംഗത്വമുണ്ട്. അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാൻസ് എന്നിവയാണ് സ്ഥിരാംഗങ്ങൾ. 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എന്നീ വർഷങ്ങളിൽ ഇന്ത്യ യുഎൻ രക്ഷാസമിതി അംഗമായിരുന്നിട്ടുണ്ട്. 2011-12 ലായിരുന്നു ഇന്ത്യ ഏറ്റവുമൊടുവിൽ രക്ഷാസമിതി അംഗമായത്. 

click me!