
ദില്ലി: ദില്ലി ഉച്ചകോടിയിൽ ജി 20 രാജ്യങ്ങളുടെ സ്വപ്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ജി 20 രാജ്യങ്ങളുടെ സ്വപ്ന പദ്ധതിയായ ഇന്ത്യ - ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചത്. ചൈനയുടെ വൺ ബെൽറ്റ് പദ്ധതിക് ബദൽ ആയ പദ്ധതിയാണ് ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രഖ്യാപനമായത്. ഇന്ത്യ - ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാകുമ്പോഴുള്ള നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വിവരിച്ചു.
രാജ്യങ്ങളെ ബന്ധിപ്പിക്കുന്നത് ആണ് ഇടനാഴിയുടെ പ്രഥമ പരിഗണനയെന്നാണ് മോദി പറഞ്ഞത്. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി അടുത്ത തലമുറക്ക് ആയി അടിത്തറ പാകുന്നതാണെന്നും മോദി വിവരിച്ചു. പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടത്. രാജ്യങ്ങൾ തമ്മിലുള്ള അടിസ്ഥാന സൗകര്യങ്ങളിലെ വിടവ് നികത്തുകയാണെന്നും സുസ്ഥിരമായ ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ പങ്കാളികളോടൊപ്പം സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് സഹകരിച്ച് പ്രവർത്തിക്കുമെന്ന് ബൈഡൻ വിവരിച്ചു.
സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്നാണെന്നാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ അഭിപ്രായപ്പെട്ടത്. ഇടനാഴിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസലറും അറിയിച്ചു. യുദ്ധമുണ്ടാക്കിയ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന നരേന്ദ്ര മോദിയുടെ നിർദ്ദേശത്തോടെയാണ് ജി 20 ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കം കുറിച്ചത്. കൊവിഡ് ഭീഷണി മറികടന്നതു പോലെ പരസ്പര വിശ്വാസമില്ലായ്മയും കൂട്ടായി പരിഹരിക്കണമെന്ന് ഉച്ചകോടിയുടെ ആമുഖപ്രസംഗത്തിൽ മോദി നിർദ്ദേശിച്ചു. ആഫ്രിക്കൻ യൂണിയന് ജി20യിൽ അംഗത്വം നല്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം ഉച്ചകോടി അംഗീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam