
വെസ്റ്റബാങ്ക്: ജോർദാൻ നദിയുടെ പടിഞ്ഞാറൻ തീരത്തെ തുർമുസ് അയ്യ ഗ്രാമത്തിൽ ഒലിവ് വിളവെടുപ്പിനിടെ പലസ്തീൻ യുവതിയെ മുഖംമൂടി ധരിച്ച കുടിയേറ്റക്കാരൻ ക്രൂരമായി ആക്രമിച്ചതായി റിപ്പോർട്ട്. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ യുഎസ്. മാധ്യമപ്രവർത്തകൻ ജാസ്പർ നഥാനിയേലാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിൻ്റെ ഒലിവ് തോട്ടത്തിൽ വിളവെടുപ്പിന് പോയ അഫാഫ് അബു ആലിയ (ഉം സാലിഹ് - 55) എന്ന കർഷകയാണ് ആക്രമണത്തിന് ഇരയായത്. അക്രമിയുടെ അടിയേറ്റ് അവർ ബോധരഹിതയായി.
വലിയ വടിയുമായി വന്ന യുവാവ് ആലിയയെ തലങ്ങും വിലങ്ങും അടിച്ച് വീഴ്ത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. ബോധരഹിതയായി നിലത്തുവീണതിന് ശേഷവും അയാൾ അവരെ അടിക്കുന്നത് തുടർന്നുവെന്ന് നഥാനിയേൽ പറയുന്നു. പലസ്തീൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ബ്രെയിൻ ഹെമറേജ് സംഭവിച്ച യുവതിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിൽ മറ്റൊരു പലസ്തീൻകാരനും, പലസ്തീനികളെ സഹായിക്കാനെത്തിയ ഒരു വിദേശ പൗരനും ഉൾപ്പെടെ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഒലിവ് വിളവെടുപ്പ് കാലയളവിൽ ജൂത കുടിയേറ്റക്കാരുടെ ഭാഗത്തുനിന്ന് പലസ്തീനികൾക്ക് നേരെ ആക്രമണം പതിവാണെന്നും ഇതിന് സഹായം നൽകാനെത്തിയ ആളാണ് വിദേശ പൗരനെന്നും റിപ്പോർട്ടുകൾ പറയുന്നു. അക്രമം നടന്ന സ്ഥലത്ത് ഇസ്രായേൽ പ്രതിരോധ സേന എത്തിയതിന് ശേഷം സംഘർഷം നിയന്ത്രിച്ചുവെന്നും, കുടിയേറ്റക്കാരുടെ ഭാഗത്തുനിന്നുള്ള ഏത് തരത്തിലുള്ള അക്രമത്തെയും ശക്തമായി അപലപിക്കുന്നതായും ഐഡിഎഫ് ബിബിസിയോട് പ്രതികരിച്ചിരുന്നു.
എന്നാൽ, ഈ വാദം നഥാനിയേൽ തള്ളി. ആക്രമണം നടന്ന സമയത്ത് ഒരു ഇസ്രായേൽ സേനയും സ്ഥലത്ത് എത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ ഇസ്രായേൽ സൈന്യം സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും, തങ്ങളെയും കർഷകരെയും ഒരു ഒളിത്താവളത്തിലേക്ക് മാറ്റിയത് അവരാണെന്നും, ആക്രമണത്തിന് തൊട്ടുമുമ്പ് ഇസ്രായേൽ സൈന്യം സ്ഥലം വിട്ടുവെന്നും അദ്ദേഹം ആരോപിച്ചു. തുർമുസ് അയ്യ ഗ്രാമത്തിലെ ഏകദേശം 80 ശതമാനം താമസക്കാർക്കും നഥാനിയേലിനെപ്പോലെ യു.എസ്. പൗരത്വമോ താമസരേഖയോ ഉണ്ട്. സംഭവത്തിൽ ഇസ്രായേൽ അധികൃതർ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.