'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ'; ആ വീഡിയോ വ്യാജം, മസൂദ് അസ്ഹർ കൊല്ലപ്പെട്ടിട്ടില്ല, എല്ലാം മാസ്റ്റർ പ്ലാനോ ?

Published : Jan 04, 2024, 09:19 AM IST
 'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ'; ആ വീഡിയോ വ്യാജം, മസൂദ് അസ്ഹർ കൊല്ലപ്പെട്ടിട്ടില്ല, എല്ലാം മാസ്റ്റർ പ്ലാനോ ?

Synopsis

2016 ലെ പത്താൻകോട്ട് ആക്രമണമായിരുന്നു ജെയ്ഷെ മുഹമ്മദ് ഇന്ത്യയിൽ നടത്തിയ അടുത്ത വലിയ ഭീകരാക്രമണം.  ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അന്ന് രാജ്യത്തിന് നഷ്ടമായത്.

ദില്ലി: ഇന്ത്യ തെരയുന്ന കൊടും ഭീകരൻ, ഒന്നിലധികം ഭീകരാക്രമണങ്ങളിലെ പ്രതി,  യുഎൻ ആഗോള ഭീകരരുടെ പട്ടികയിൽ  ഉൾപ്പെടുത്തിയ ആൾ, നിരോധിത സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ... വിശേഷണങ്ങൾ ഒരുപാടാണ് മസൂദ് അസ്ഹറിന്. പാക്കിസ്ഥാനിലെ ബഹവൽപൂർ മേഖലയിലുണ്ടായ സ്‌ഫോടനത്തിൽ മസൂദ് കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു വീഡിയോ എക്‌സിൽ വൈറലായത് കഴിഞ്ഞ ദിവസങ്ങളിലാണ്. വൈകാതെ ഇത് വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

ആരാണ് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരനായ മസൂദ് അസ്ഹർ? 

2001 ലെ പാർലമെന്റ് ആക്രമണം മുതൽ 2019 ലെ പുൽവാമ ആക്രമണം വരെയുള്ള കേസുകളിൽ പ്രതിയായ കൊടും ഭീകരൻ എന്ന് ചുരുക്കി പറയാം. 2019 മെയ്ലാണ് ഇയാളെ ഐക്യരാഷ്ട്ര സംഘടനാ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത്. 1968 ജൂലൈ 10 ന് പാകിസ്ഥാനിലെ പഞ്ചാബിലുള്ള ഭവൽപുരിലായിരുന്നു മസൂദ് അസ്ഹർ ജനിക്കുന്നത്. ഇയാളുടെ പിതാവ് അല്ല ഭക്ഷ് ഷബ്ബിർ  ഒരു സർക്കാർ സ്‌കൂളിന്റെ ഹെഡ് മാസ്റ്ററായിരുന്നു. മാതാവ് റുഖിയ ബീവി. ഇവരുടെ കുടുംബത്തിന് കോഴികളെയും പശുക്കളെയും വളർത്തുന്ന തൊഴിൽ കൂടിയുണ്ടായിരുന്നു. ആകെ പതിനൊന്ന് മക്കളാണ് ഇവർക്കുണ്ടായിരുന്നത്‌. 

അഞ്ച് ആൺകുട്ടികളും ആറ് പെൺകുട്ടികളും. ഇവരിൽ മൂന്നാമനായിരുന്നു മസൂദ്.  എട്ടാം ക്ലാസ് വരെയുള്ള ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം പാകിസ്ഥാനിലെ ജാമിയ ഉലൂം ഉൽ ഇസ്ലാമിയ എന്ന സ്ഥാപനത്തിലായിരുന്നു മസൂദിന്റെ തുടർ പഠനം. 1989 ൽ ഇയാൾ ഇവിടെനിന്നു ബിരുദധാരിയായ പുറത്തിറങ്ങി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീടാണ് മസൂദ് തീവ്രനിലപാടുകളിൽ ആകൃഷ്ടനാകുന്നത്. തുടർന്ന് ഇയാൾ ഹർകത് ഉൽ അൻസാർ എന്ന തീവ്രവാദ സംഘടയുടെ ഭാഗമായി. ഇക്കാലയളവിൽ നടന്ന സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിലും മസൂദ് പങ്കെടുത്തു. പക്ഷേ ഗുരുതരമായി പരിക്കേറ്റതോടെ യുദ്ധത്തിൽനിന്ന് വിരമിക്കേണ്ടിവന്നു.

പിന്നീട് മസൂദ് അസ്ഹർ ഹർകത് ഉൽ അൻസാറിന്റെ മോട്ടിവേഷൻ വിഭാഗത്തിന്റെ തലവനായി ചുമതലയേറ്റു. ഉറുദുവിലും അറബിയിലുമുള്ള രണ്ട് മാഗസിനുകളുടെ എഡിറ്റോറിയൽ ചുമതലയും മസൂദിനുണ്ടായിരുന്നു. കാലക്രമേണ ഇയാൾ ഹർകത് ഉൽ അൻസാറിന്റെ ജനറൽ സെക്രട്ടറി പദത്തിലുമെത്തി. ഈ സമയത്ത് മസൂദ് സംഘടനയിലേക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും പണം സ്വരൂപിക്കുന്നതിന്റെയുമെല്ലാം ഭാഗമായി നിരവധി വിദേശ യാത്രകളും നടത്തിയിട്ടുണ്ട്. 

1994 ന്റെ തുടക്കത്തിൽ ഹർകത് ഉൽ അൻസാറിലെ രണ്ട് വിമത വിഭാഗങ്ങൾ തമ്മിലെ വൈരാഗ്യവും സംഘർഷവും ലഘൂകരിക്കാൻ മസൂദ്  ഫേക്ക് ഐഡന്റിറ്റിയിൽ ശ്രീനഗറിലേക്ക്  പോയി. ഫെബ്രുവരിയിൽ ഭീകരവാദപ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യയിൽനിന്ന് ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടു.  മസൂദിന്റെ കൂട്ടാളികൾ 1995 ജൂലൈയിൽ ജമ്മുവിൽനിന്ന് 6 വിദേശ സഞ്ചാരികളെ തട്ടിക്കൊണ്ടുപോയി. ഇവരെ മോചിപ്പിക്കണമെങ്കിൽ മസൂദ് അസ്ഹറിനെ വിട്ടയക്കണമെന്നായിരുന്നു തട്ടിക്കൊണ്ടുപോയവരുടെ ആവശ്യം. എന്നാൽ അത് അംഗീകരിക്കാൻ സർക്കാർ തയാറായില്ല. ബന്ദികളാക്കിയവരിൽ ഒരാൾ രക്ഷപെടുകയും ഒരാളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ ഓഗസ്റ്റിൽ കണ്ടെത്തുകയും ചെയ്തു. മറ്റുള്ളവരെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. 

മസൂദിൽനിന്ന് പലവട്ടം ഇവരെക്കുറിച്ചറിയാൻ എഫ്ബിഐ ശ്രമങ്ങൾ നടത്തിയെങ്കിലും അവയും ഫലം കണ്ടില്ല. അത്തവണ മസൂദിനെ രക്ഷിക്കാനുള്ള സംഘത്തിന്റെ ശ്രമം വിജയിച്ചില്ലെങ്കിലും നാല് വർഷങ്ങൾക്കുശേഷം വീണ്ടും മസൂദ് അസ്ഹറിനായി കൂട്ടാളികൾ അടുത്ത നീക്കം നടത്തി. ഇത്തവണ കൂടുതൽ അപകടകരവും സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതുമായിരുന്നു അവരുടെ നീക്കം. 1999 ഡിസംബറിൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് ദില്ലിയിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 814 നെ ഭീകരർ റാഞ്ചി. തുടർന്ന് അഫ്ഗാനിലെ കാണ്ഡഹാറിലേക്ക് അവർ ഫ്ലൈറ്റ് ലാൻഡ് ചെയ്യിച്ചു. 

അന്ന് അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. വിമാനത്തിലെ ബന്ദികളെ വിട്ടയക്കാൻ പകരം ആവശ്യപ്പെട്ടത് തടവിലുള്ള നിരവധി ഭീകരരുടെ മോചനമായിരുന്നു. അന്ന് ഇന്റലിജന്‍സ് ബ്യൂറോ അഡിഷണല്‍ ഡയറക്ടറായിരുന്ന അജിത് ഡോവൽ ഉൾപ്പെടുന്ന ആറംഗ സംഘം ഭീകരരുമായി ചർച്ച നടത്താൻ കാണ്ഡഹാറിലേക്ക് പോയി. വയർലെസ് മുഖേന നടത്തിയ ആ ചർച്ചയിൽ അവർ ആവശ്യപ്പെട്ടത്  തടവിലുള്ള 35 ഭീകരരുടെ മോചനവും 20 കോടി അമേരിക്കൻ ഡോളറും കൊല്ലപ്പെട്ട ഭീകരന്‍ സജ്ജാദ് അഫ്ഗാനിയുടെ മൃതദേഹവുമായിരുന്നു. 

1999 ഡിസംബര്‍ 26 മുതല്‍ 31 വരെ നിരന്തരം നടന്ന ആ ചർച്ചകൾക്കും വിലപേശലുകൾക്കുമൊടുവിൽ മൂന്ന് ഭീകരരെ വിട്ടയക്കാമെന്ന തീരുമാനത്തിൽ ഇരുകൂട്ടരുമെത്തി. വിട്ടയക്കപ്പെട്ട ഭീകരരുടെ കൂട്ടത്തിൽ മസൂദ് അസ്ഹറുമുണ്ടായിരുന്നു. ഈ സംഭവത്തിനുശേഷം അമേരിക്ക ഹർക്കത്ത്-ഉൽ-അൻസാറിനെ നിരോധിക്കുകയും നിരോധിത തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ  ഹർക്കത്ത്-ഉൽ-അൻസാറിന്റെ പേര് ഹർക്കത്ത്-ഉൽ- മുജാഹിദീൻ  എന്നാക്കി മാറ്റി.  വൈകാതെ മസൂദ് പുതിയൊരു ഭീകര സംഘടനാ രൂപീകരിച്ചു. അതിന്റെ പേര് ജെയ്ഷ്- ഇ - മുഹമ്മദ്. ഇതിനെ നിയന്ത്രിച്ചത് മസൂറിന്റെ കുടുംബം തന്നെയാണ്. തന്റെ കുടുംബത്തിന്റെ ഒരു സംരംഭമായാണ് മസൂദും മറ്റുള്ളവരും ജെയ്ഷെ മുഹമ്മദിനെ കണ്ടത്. 

2001 ലെ പാര്‍ലമെന്റ് ആക്രമണമായിരുന്നു ജയ്‌ഷെ മുഹമ്മദ് ഇന്ത്യയില്‍ നടപ്പിലാക്കിയ ആദ്യത്തെ വലിയ ഭീകരാക്രമണം. രാജ്യത്തെ നടുക്കിയ ഈ ആക്രമണത്തിൽ സുരക്ഷാസൈനികരടക്കം 9 പേർ കൊല്ലപ്പെട്ടു. ഏഴ് വർഷങ്ങൾക്കുശേഷം 2008 ൽ  രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്ന് വീണ്ടും ജെയ്ഷെ മുഹമ്മദ് ഇന്ത്യയിൽ നടപ്പിലാക്കി. മുംബൈ ഭീകരാക്രമണം. ഏതാണ്ട് 60 മണിക്കൂറുകളോളം നീണ്ടുനിന്ന ഈ ആക്രമണ പരമ്പരയിൽ 22 വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെട്ടു. 

2016 ലെ പത്താൻകോട്ട് ആക്രമണമായിരുന്നു ജെയ്ഷെ മുഹമ്മദ് ഇന്ത്യയിൽ നടത്തിയ അടുത്ത വലിയ ഭീകരാക്രമണം. 2016 ജനുവരി രണ്ടിന് ആണ് പാക്കിസ്ഥാനിൽ നിന്നെത്തിയ ജയ്ഷെ മുഹമ്മദ് സംഘടനയിൽപ്പെട്ട ഭീകരർ പത്താൻകോട്ട്  വ്യോമസേനാ താവളത്തിൽ കടന്ന് ആക്രമണം നടത്തുത്തിയത്. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അന്ന് രാജ്യത്തിന് നഷ്ടമായത്. 2019 ലെ പുൽവാമ ഭീകരാക്രമണവും ആരുടെയും ഓർമ്മകളിൽനിന്ന് മയനിടയില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ചതും ജെയ്ഷെ മുഹമ്മദ് തന്നെ. 40 സിആർപിഎഫ് ജവാന്മാരാണ് ഈ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. നേരത്തെതന്നെ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ  പുൽവാമ ആക്രമണത്തിനുശേഷമാണ് ഐക്യരാഷ്ട്ര സംഘടന ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത്. 

ഫ്രാന്‍സാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം സജീവമാക്കി നിര്‍ത്തിയത്. യുഎന്‍ രക്ഷാസമിതിയില്‍ മസൂദിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ചതും ഫ്രാന്‍സ് ആയിരുന്നു. ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനാല്‍ മസൂദ് അസ്ഹറിന് സംരക്ഷണം നല്‍കാല്‍ പാകിസ്ഥാന് ഔദ്യോഗികമായി സാധിക്കില്ലെങ്കിലും പാകിസ്താനിൽത്തന്നെയാണ് മസൂദ് ഉള്ളതെന്നാണ് വിവരങ്ങൾ. ബഹാവൽപുരിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ഇയാൾ താമസിക്കുന്നതെന്നും വിവരങ്ങളുണ്ട്. അതുകൊണ്ടുതന്നെ യുഎസ് ബിൻ ലാദനെ പിടികൂടിയതുപോലെ ഇയാളെ പിടികൂടാനും നിർവാഹമില്ല. രാജ്യത്തെ നടുക്കിയ ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്തിയ  മസൂദ് അസ്ഹർ ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി വിലസുകയാണ്.

Read More :'വെടിയുണ്ടകൾ തോക്കുമായി മാച്ച് അല്ല'; ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബത്തിന്‍റെ മരണം കൊലപാതകം ? അന്വേഷണം
 

PREV
click me!

Recommended Stories

പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി, പ്രസിഡന്‍റിനെ പുറത്താക്കി, കലാപം തടഞ്ഞതായി സർക്കാർ
'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി