ഫോറൻസിക് പരിശോധനയിൽ രാകേഷിന്‍റെ കൈയ്യിൽ ഉണ്ടായിരുന്ന തോക്കിലെ ബുള്ളറ്റുകളല്ല മരണ കാരണണെന്ന് കണ്ടെത്തി. ഇതോടെയാണ് ധനിക കുടുംബത്തിന്‍റെ മരണം കൊലപാതകമാണെന്ന വിവരം പുറത്തു വന്നത്.

ദില്ലി: ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബം അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. കുടുംബം ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും പൊലീസ്. യുഎസിലെ മസാച്യുസെറ്റ്‌സിൽ രാകേഷ് കമാൽ (57), ഭാര്യ ടീന (54), അവരുടെ 18 വയസ്സുള്ള മകൾ അരിയാന എന്നിവരുടെ മരണത്തിലാണ് പുതിയ വെളിപ്പെടുത്തൽ. ഡിസംബർ അവസാന വാരമാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്.

മരിച്ച് കിടക്കുന്ന രാകേഷിന്‍റെ കൈയ്യിൽ ഒരു തോക്കുണ്ടായിരുന്നു. ഭാര്യയെയും മകളേയും വെടിവെച്ച് കൊലപ്പെടുത്തി ശേഷം രാകേഷ് ജീവനൊടുക്കിയതാകാമെന്നായിരുന്നു ആദ്യം പൊലീസിന്‍റെ നിഗമനം. സാമ്പത്തിക ബാധ്യതയുള്ളതിനാൽ ആത്മഹത്യ ചെയ്തതാകാമെന്ന് അന്വേഷണ സംഘം വിലയിരുത്തി. എന്നാൽ ഫോറൻസിക് പരിശോധനയിൽ രാകേഷിന്‍റെ കൈയ്യിൽ ഉണ്ടായിരുന്ന തോക്കിലെ ബുള്ളറ്റുകളല്ല മരണ കാരണണെന്ന് കണ്ടെത്തി. ഇതോടെയാണ് ധനിക കുടുംബത്തിന്‍റെ മരണം കൊലപാതകമാണെന്ന വിവരം പുറത്തു വന്നത്.

രാകേഷിന്റെ പക്കൽ നിന്ന് കണ്ടെത്തിയ തോക്കിലെ വെടിയുണ്ടകളല്ല മൃതദേഹത്തിൽ നിന്നും കണ്ടെത്തിയതെന്നാണ് ഫോറൻസിക് റിപ്പോർട്ട്. വിശദമായ പരിശോധന നടക്കുകയാണെന്നും ഫലം വന്നതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് നോർഫോക്ക് ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ മോറിസിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. മൃതശരീരങ്ങളിൽ നിന്നും ലഭിച്ച വെടിയുണ്ടകൾ ഉപയോഗിക്കുന്ന തോക്ക് രാകേഷിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

2023 ഡിസംബർ 28ന് ആണ് രാകേഷിനെയും കുടുംബത്തെയും ഇവരുടെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യം പൊലീസ് അറിയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും പുറത്തുവന്നതോടെ കോടീശ്വര കുടുംബത്തിന്‍റെ മരണം കൊലപാതകമാണെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യൻ വംശജനായ രാകേഷും കുടുംബവും ഏറെ നാളായി അമേരിക്കയിൽ സ്ഥിരതാമസക്കാർ ആയിരുന്നു. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന രാകേഷ് സ്വന്തമായി ഒരു കമ്പനി നടത്തുകയായിരുന്നു. കോടികൾ സ്വത്തുള്ള രാകേഷും കുടുംബവും ജീവനൊടുക്കിയതിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. യുഎസിൽ ഐറ്റ് സ്ഥാപനത്തിന് പുറമേ എഡ്യൂനോവ എന്ന പേരിൽ ഒരു എഡ്യുക്കേഷൻ കോച്ചിംഗ് സ്ഥാപനവും രാകേഷും കുടുംബവും നടത്തിയിരുന്നു. എന്നാൽ ഈ കമ്പനി ഇപ്പോള്‍ പ്രവർത്തിക്കുന്നില്ല.

2016 ൽ ആണ് രാകേഷും ഭാര്യയും യുഎസിൽ കോച്ചിംഗ് സെന്‍റർ തുടങ്ങുന്നത്. കമ്പനി വൻ വിജയമായിരുന്നു. 2019ൽ 11 കിടപ്പുമുറികളുള്ള അത്യാധുനിക ബംഗ്ലാവടക്കം ഇവർ സ്വന്തമാക്കിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2021 ഡിസംബറിൽ എഡ്യൂനോവ തകർന്നു. ഇതോടെ രാകേഷും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് പിന്നാലെ ആറ് മില്യൺ ഡോളർ മൂല്യമുള്ള ബംഗ്ലാവ് ഇവർ 3 മില്യൺ ഡോളറിന് വിറ്റിരുന്നു. 2022 സെപ്റ്റംബറിൽ പാപ്പർ ഹർജിയും നൽകിയിരുന്നു.

Read More :  ട്രെയിനിൽ ഉറങ്ങിക്കിടന്ന മലയാളി യുവതിയുടെ മുന്നിലിരുന്ന് സ്വയംഭോഗം ചെയ്ത 42 കാരൻ ഗോവയിൽ അറസ്റ്റിൽ