
ദില്ലി: തപാൽ വകുപ്പ് അമേരിക്കയിലേക്കുള്ള മിക്ക അന്താരാഷ്ട്ര തപാൽ സേവനങ്ങളും താത്ക്കാലികമായി നിർത്തിവെച്ചു. ഓഗസ്റ്റ് 25 മുതലാണ് ഈ നിയന്ത്രണം നിലവിൽ വരിക. യുഎസ് സർക്കാർ കൊണ്ടുവന്നതും സാധനങ്ങളുടെ അന്താരാഷ്ട്ര ഷിപ്പിംഗിനെ ബാധിക്കുന്നതുമായ നിയന്ത്രണങ്ങളെ തുടർന്നാണ് തീരുമാനം.
ഈ വർഷം ജൂലൈ 30ന് യുഎസ് ഭരണകൂടം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡർ നമ്പർ 14324 ന് പിന്നാലെയാണ് ഈ തീരുമാനം. 800 ഡോളർ വരെ മൂല്യമുള്ള സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി നൽകിയിരുന്ന ഇളവ് ഈ ഉത്തരവിലൂടെ യുഎസ് പിൻവലിച്ചിരുന്നു. ഓഗസ്റ്റ് 29 മുതൽ യുഎസിലേക്ക് അയക്കുന്ന എല്ലാ സാധനങ്ങൾക്കും അവയുടെ മൂല്യം പരിഗണിക്കാതെ തന്നെ, ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർ ആക്ട് തീരുവ പ്രകാരമുള്ള കസ്റ്റംസ് തീരുവ ബാധകമായിരിക്കും. 100 ഡോളർ വരെ വിലയുള്ള സമ്മാനങ്ങൾക്ക് മാത്രമാണ് പുതിയ തീരുവയിൽ നിന്ന് ഇളവ് നൽകിയിട്ടുള്ളത്.
ഈ ഉത്തരവ് പ്രകാരം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) അംഗീകരിച്ച കാരിയറുകൾക്കും അംഗീകൃത സ്ഥാപനങ്ങൾക്കും ചില പുതിയ ഉത്തരവാദിത്തങ്ങളുണ്ട്. അന്താരാഷ്ട്ര തപാൽ തീരുവ ശേഖരിക്കുകയും കൈമാറുകയും ചെയ്യണം. ഓഗസ്റ്റ് 15 ന് സിബിപി പ്രാഥമിക മാർഗനിർദേശങ്ങൾ പുറത്തിറക്കിയെങ്കിലും, അംഗീകൃത സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും തീരുവ ശേഖരിക്കുന്നതിനും കൈമാറുന്നതിനുമുള്ള സംവിധാനങ്ങളും അന്തിമമായിട്ടില്ല. അതുകൊണ്ടാണ് യുഎസിലേക്കുള്ള പോസ്റ്റൽ സർവീസുകൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നത്.
തപാൽ വകുപ്പ് ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണെന്നും എത്രയും വേഗം യുഎസ്സിലേക്കുള്ള മുഴുവൻ തപാൽ സേവനങ്ങളും പുനരാരംഭിക്കാൻ ശ്രമിക്കുമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. താൽക്കാലികമായി സേവനം നിർത്തിവെച്ചതിൽ തപാൽ വകുപ്പ് ഖേദം പ്രകടിപ്പിക്കുകയും എത്രയും വേഗം മുഴുവൻ സേവനങ്ങളും പുനഃസ്ഥാപിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam