വാഷിംഗ്‍ടൺ, ദില്ലി: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ സഹായം തേടിയെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ പൂർണ്ണമായും തള്ളി ഇന്ത്യ. വിഷയത്തിൽ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്ക്കായി ഒരു നിർദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ കശ്മീരിൽ പ്രശ്ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

അതേസമയം, ട്രംപിന്‍റെ പ്രസ്താവനയിൽ പ്രതിഷേധം ശക്തമായതോടെ തൽക്കാലം മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് അമേരിക്ക. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമായതിനാൽ, ഇരുവരും ചേർന്ന് പ്രശ്നം പരിഹരിക്കണമെന്നും അമേരിക്ക അത്തരം ഏത് ശ്രമത്തെയും സഹായിക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും അമേരിക്കയുടെ ബ്യൂറോ ഓഫ് സൗത്ത് ആന്‍റ് സെൻട്രൽ ഏഷ്യൻ അഫയേഴ്‍സ് വിശദീകരിച്ചു. 

കശ്‍മീര്‍ വിഷയത്തില്‍ ജി - 20 ഉച്ചകോടിയ്ക്കിടെ മോദി അമേരിക്കയുടെ മധ്യസ്ഥത തേടിയെന്നായിരുന്നു ട്രംപിന്‍റെ വിവാദ പ്രസ്താവന. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വൈറ്റ് ഹൗസിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപിന്‍റെ പരാമർശം.

''രണ്ടാഴ്ച മുൻപ് ഞാൻ മോദിയെ കണ്ടിരുന്നു. അപ്പോൾ ഞങ്ങളീ വിഷയത്തെക്കുറിച്ച് (കശ്മീർ) സംസാരിച്ചു. അദ്ദേഹം യഥാർത്ഥത്തിൽ പറഞ്ഞതിങ്ങനെയാണ് ''ഇതിൽ മധ്യസ്ഥത വഹിക്കാൻ താങ്കൾക്ക് കഴിയുമോ?'', ഞാൻ ചോദിച്ചു, ''എവിടെ?'', അദ്ദേഹം പറഞ്ഞു, ''കശ്മീർ''.

വീഡിയോ:

''എന്തൊരു ബാലിശവും ഉത്തരവാദിത്തമില്ലാത്തതുമായ പ്രസ്താവന'', ഇതിൽ ഞാൻ മാപ്പ് ചോദിക്കുന്നുവെന്ന് ഡെമോക്രാറ്റിക് പ്രതിനിധി ബ്രാഡ് ഷെർമാൻ ട്വീറ്റ് ചെയ്തു.