'ഒഴിവാക്കിയത് ആണവയുദ്ധം', വ്യാപാരം നിർത്തുമെന്ന് പറഞ്ഞതോടെയാണ് വെടിനിർത്തൽ സാധ്യമായതെന്ന് ട്രംപ്; തള്ളി ഇന്ത്യ

Published : May 13, 2025, 12:23 AM IST
'ഒഴിവാക്കിയത് ആണവയുദ്ധം', വ്യാപാരം നിർത്തുമെന്ന് പറഞ്ഞതോടെയാണ് വെടിനിർത്തൽ സാധ്യമായതെന്ന് ട്രംപ്; തള്ളി ഇന്ത്യ

Synopsis

വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചതെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചു

ദില്ലി:  ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ അവകാശവാദം തള്ളിക്കളഞ്ഞ് ഇന്ത്യ. അമേരിക്കയുടെ ഇടപെടൽ മൂലമാണ് ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തൽ യാഥാർത്ഥ്യമായതെന്നും ആണവയുദ്ധമാണ് ഒഴിവാക്കിയതെന്നും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചതെന്നുമായിരുന്നു ട്രംപിന്‍റെ പുതിയ അവകാശവാദം. എന്നാൽ ട്രംപിന്‍റെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞു. അമേരിക്കയുമായുള്ള സംഭാഷണത്തിൽ ഒരുഘട്ടത്തിലും വ്യാപാരത്തെക്കുറിച്ച് പരാമർശമുണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇപ്പോൾ വെടിനിർത്തലിലെത്തിയില്ലെങ്കിൽ വ്യാപാരം നിർത്തുമെന്ന് ഇരുരാജ്യങ്ങളോടും പറഞ്ഞെന്ന ട്രംപിന്‍റെ അവകാശവാദം തെറ്റാണെന്നും അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസുമായി വിദേശകാര്യമന്ത്രി നടത്തിയ ചർച്ചകളിൽ വ്യാപാരത്തെക്കുറിച്ച് ഒരു പരാമർശവുമുണ്ടായില്ലെന്നും ഇന്ത്യ വിവരിച്ചു.

നേരത്തെ ഇന്ത്യ - പാക് സംഘർഷം പരിഹരിക്കാൻ ഇടപെട്ട വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും നന്ദിയറിച്ചുകൊണ്ടാണ് ട്രംപ് പുതിയ അവകാശവാദം മുന്നോട്ടുവച്ചത്. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ വെടിനിർത്തലിലെത്തിയില്ലെങ്കിൽ വ്യാപാരം നിർത്തുമെന്ന് ഇരുരാജ്യങ്ങളോടും പറഞ്ഞെന്നും ഇതാണ് സമാധാനത്തിന് കാരണമായതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യ - പാക് സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നെന്നും അമേരിക്കയുമായുള്ള വ്യാപാരം തുടരണമെങ്കില്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ട്രംപ് വിശദീകരിച്ചു.

അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവയുദ്ധം ഒഴിവാക്കിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി പാകിസ്ഥാന് ഇക്കാര്യത്തിൽ ശക്തമായ താക്കീതാണ് നൽകിയത്. ആണവായുധ ഭീഷണി എന്ന ബ്ലാക്ക് മെയിലിംഗ് ഇന്ത്യയോട് ചെലവാകില്ല. അണുവായുധം കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താനാകില്ല. അണുവായുധത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന തീവ്രവാദ സങ്കേതങ്ങളെയും ഇന്ത്യ ഉന്നമിട്ട് തകർക്കുമെന്ന് മോദി പറയുന്നത് ഭീകരകേന്ദ്രങ്ങളെ ആക്രമിച്ച് തകർത്തതിന് പിന്നാലെ പാകിസ്ഥാന് ശക്തമായ താക്കീതാകുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്ക്ക് നേരെ വേണ്ടി വന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന തരത്തിൽ പാക് വിദേശകാര്യമന്ത്രി ക്വാജ ആസിഫ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് മോദിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. പാകിസ്ഥാന്‍റെ ആണവായുധ ശേഖരത്തിന് അടുത്ത് ഇന്ത്യ ബോംബിംഗ് നടത്തിയെന്ന പ്രചാരണങ്ങൾക്കിടയിലാണ് മോദിയുടെ ഈ പ്രസ്താവന എന്നതും നിർണായകമാണ്. ആണവായുധമുള്ളത് കൊണ്ട് മാത്രം പാകിസ്ഥാന് ഇന്ത്യൻ മണ്ണിൽ ഭീകരാക്രമണം നടത്തി രക്ഷപ്പെടാൻ കഴിയില്ലെന്ന നയത്തിലേക്ക് ഇന്ത്യ മാറുകയാണ് എന്നാണ് മോദിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ