അഫ്ഗാൻ പൗരന്മാർക്ക് വിസ നൽകും, ഇന്ത്യ സേവനം പുനരാരംഭിച്ചത് നാല് വർഷത്തിന് ശേഷം

Published : May 28, 2025, 12:20 PM IST
അഫ്ഗാൻ പൗരന്മാർക്ക് വിസ നൽകും, ഇന്ത്യ സേവനം പുനരാരംഭിച്ചത് നാല് വർഷത്തിന് ശേഷം

Synopsis

ബിസിനസ്, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാം. 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം നിർത്തിവച്ചിരുന്ന സേവനമാണ് പുനരാരംഭിച്ചത്.

ദില്ലി: അഫ്ഗാനിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനം ഇന്ത്യ പുനരാരംഭിച്ചു. ബിസിനസ്, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 2021 ആഗസ്തിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം, കാബൂളിലെ എംബസിയിൽ നിന്ന് ഇന്ത്യ ഉദ്യോഗസ്ഥരെ പിൻവലിക്കുകയും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.

സർക്കാരിന്‍റെ ഔദ്യോഗിക വിസ പോർട്ടലിലെ അറിയിപ്പ് അനുസരിച്ച് ബിസിനസ്, വിദ്യാർത്ഥി, ചികിത്സ, രോഗിക്കൊപ്പം വരുന്നയാൾ, യുഎൻ നയതന്ത്രജ്ഞൻ എന്നീ വിഭാഗങ്ങളിലാണ് വിസ നൽകുന്നത്. അപേക്ഷകർ പേര്, ജനന തിയതി, ദേശീയത, എക്സ്പയറി തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ അഫ്ഗാൻ നാഷണൽ ഐഡന്റിറ്റി കാർഡ് (തസ്കിറ) ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. ബിസിനസ് കാർഡുകൾ, ഇൻവിറ്റേഷൻ ലെറ്റർ മുതലായവ ഉൾപ്പെടെയുള്ള എല്ലാ രേഖകളും ഇംഗ്ലീഷിലായിരിക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നോട്ടീസിൽ പറയുന്നു. ഇന്ത്യയിൽ എത്തുമ്പോൾ അപേക്ഷകന്റെ ബയോമെട്രിക് വിശദാംശങ്ങൾ ശേഖരിക്കും.

ബിസിനസ് വിസയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ സന്ദർശനത്തിന്റെ ഉദ്ദേശ്യം പരാമർശിക്കണം. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് സ്‌കോളർഷിപ്പുകൾ ലഭിച്ചവർക്കും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്കും വിദ്യാർത്ഥി വിസ നൽകും. രോഗികൾക്ക് മെഡിക്കൽ വിസയും രോഗികളുടെ സഹായികൾക്ക് മെഡിക്കൽ അറ്റൻഡന്റ് വിസയും നൽകും. 'എൻട്രി വിസ' എന്ന വിസ വിഭാഗവുമുണ്ട്. ഇതിന് കീഴിൽ ഇന്ത്യയിലെ പ്രശസ്ത സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന സാംസ്കാരിക പരിപാടികളിലും മറ്റും പ്രതിഫലമില്ലാതെ ഹ്രസ്വകാലത്തേക്ക് പങ്കെടുക്കാൻ അഫ്ഗാൻ പൗരന്മാർക്ക് അനുമതി നൽകും. 

യാത്ര ചെയ്യുമ്പോൾ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷന്റെ (ഇടിഎ) പകർപ്പ് കൈവശം വയ്ക്കണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിസ പോർട്ടലിൽ ഇടിഎ സ്റ്റാറ്റസ് 'ഗ്രാന്‍റഡ്' എന്ന് കാണിച്ചിട്ടുണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. വിസ സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്ത് അപേക്ഷകർക്ക് അവരുടെ അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈനായി ട്രാക്ക് ചെയ്യാൻ കഴിയും. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഇന്ത്യാ ഗവൺമെന്റിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍റെ വെബ്‌സൈറ്റിൽ ലഭ്യമായ നിർദ്ദേശങ്ങൾ വായിക്കാനും നിർദേശമുണ്ട്.

വിസയ്ക്ക് അപേക്ഷിച്ച പാസ്‌പോർട്ട് ഉപയോഗിച്ചായിരിക്കണം അപേക്ഷകർ യാത്ര ചെയ്യേണ്ടത്. പഴയ പാസ്‌പോർട്ടിൽ ഇടിഎ നൽകിയിട്ടുണ്ടെങ്കിൽ പോലും പുതിയ പാസ്‌പോർട്ടിൽ ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കും. എങ്കിലും അത്തരം സന്ദർഭങ്ങളിൽ ഇടിഎ നൽകിയ പഴയ പാസ്‌പോർട്ട് യാത്രക്കാർ കൈവശം വയ്ക്കണം.

താലിബാനുമായി നേരത്തെ ഉന്നത തലത്തിൽ തുറന്ന ചർച്ച നടത്തിയിരുന്നു. താലിബാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രിയെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കണ്ടു. ദുബൈയിലാണ് വിദേശകാര്യ സെക്രട്ടറി താലിബാൻ പ്രതിനിധിയെ കണ്ടത്. അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് സഹായം ഉണ്ടാകുമെന്ന് ഇന്ത്യ ഉറപ്പു നല്കി. അഫ്ഗാനുമായി ആരോഗ്യം, ക്രിക്കറ്റ് തുടങ്ങിയ മേഖലകളിൽ സഹകരിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

‘ഫിറ്റായ’ റക്കൂണിന്റെ പേരിലും കോക്ടെയിൽ
മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുമോ, ട്രംപിനെ സാക്ഷിയാക്കി ഒപ്പിട്ട സമാധാന കരാർ ലംഘിച്ചു, കംബോഡിയയെ കടന്നാക്രമിച്ച് തായ്‍വാൻ