
കൊളംബോ: മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ച മാരകമായ സിന്തറ്റിക് മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് 21കാരിയായ ഫ്ലൈറ്റ് അറ്റൻഡർ റിമാന്റിൽ. ലണ്ടൻ സ്വദേശിനിയായ ഷാർലറ്റ് മെയ് ലീ ഈ മാസം ആദ്യം ശ്രീലങ്കയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ അറസ്റ്റിലായിരുന്നു. പശ്ചിമാഫ്രിക്കയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന "കുഷ്" എന്ന അതിമാരക മയക്കു മരുന്ന് നിറച്ച സ്യൂട്ട്കേസുകൾ കൈവശം വച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തിരുന്നത്. കുഷ് ഉപയോഗിച്ച് സിയറ ലിയോണിൽ മാത്രം ആഴ്ച്ചയിൽ 12 പേർ മരിക്കുന്നുവെന്നാണ് കണക്ക്.
ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, 3.3 മില്യൺ ഡോളർ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന കുഷ് ആണ് യുവതിയുടെ സ്യൂട്ട്കേസിൽ നിന്നും പിടിച്ചെടുത്തത്. എന്നാൽ ഇതെങ്ങനെ സ്യൂട്ട്കേസിൽ വന്നുവെന്ന് അറിയില്ലെന്നാണ് ഷാർലറ്റ് മെയ് ലീ വാദിച്ചത്. നിലവിൽ യുവതി കൊളംബോയിലുള്ള ജയിലിൽ കഴിയുകയാണ്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.
വിവിധതരം വിഷവസ്തുക്കളിൽ നിന്നാണ് കുഷ് നിർമിക്കുന്നത്. അതിന്റെ പ്രധാന ചേരുവകളിൽ ഒന്ന് മനുഷ്യന്റെ അസ്ഥി പൊടിച്ചതാണ്. ഏഴ് വർഷങ്ങൾക്ക് മുമ്പ് പശ്ചിമാഫ്രിക്കയിലാണ് കുഷ് ആദ്യമായി കണ്ടെത്തിയത്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഒരു ഹിപ്നോട്ടിക് ഹൈപ്പിന് കാരണമാകുന്ന വസ്തുവാണിത്. കുഷ് നിർമിക്കുന്നതിനുള്ള അസ്ഥി ലഭിക്കുന്നതിനായി ശ്മാശനങ്ങളിൽ വരെ വലിയ കൊള്ള നടക്കുന്നതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷം കുഷിന്റെ ദുരുപയോഗത്തിനെതിരെ സിയറ ലിയോൺ പ്രസിഡന്റ് ജൂലിയസ് മാഡ ബയോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ബന്ദാരനായകെ വിമാനത്താവളത്തിൽ നടന്ന ഈ സംഭവം ചരിതത്തിൽ കുഷ് കണ്ടെത്തിയ ഏറ്റവും വലിയ ലഹരി വേട്ടയാണെന്ന് ശ്രീലങ്കൻ കസ്റ്റംസ് നാർക്കോട്ടിക് കൺട്രോൾ യൂണിറ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam