താരിഫിൽ ഉലഞ്ഞ് ഇന്ത്യ-യുഎസ് ബന്ധം, പിന്നാലെ പാക് സൈനിക മേധാവി വീണ്ടും അമേരിക്കയിലേക്ക്; 2 മാസത്തിനിടെ സന്ദർശനം രണ്ടാം തവണ

Published : Aug 07, 2025, 08:01 AM ISTUpdated : Aug 07, 2025, 08:02 AM IST
Asim Munir and Donald Trump

Synopsis

പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ ഈ മാസം വീണ്ടും യുഎസ് സന്ദർശിക്കും. യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. 

വാഷിംഗ്ടൺ: പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഈ മാസം വീണ്ടും യുഎസ് സന്ദർശിക്കാനൊരുങ്ങുന്നു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം വാഷിംഗ്ടണിലേക്ക് പോകുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

യുഎസ് സെൻട്രൽ കമാൻഡ് (സെന്‍റ്കോം) കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാനാണ് മുനീർ എത്തുന്നത്. ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ പാകിസ്ഥാൻ അസാധാരണമായ പങ്കാളിയാണെന്ന് കുറില്ല നേരത്തെ വിശേഷിപ്പിച്ചിരുന്നു. മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക നടപടികൾക്ക് മേൽനോട്ടം വഹിച്ചിരുന്ന 4സ്റ്റാർ ആർമി ജനറലായ കുറില്ല ഈ മാസമാണ് വിരമിക്കുന്നത്. യുഎസ് നൽകിയ ഇന്‍റലിജൻസ് വിവരങ്ങൾ ഉപയോഗിച്ച് അഞ്ച് ഐഎസ്ഐഎസ്-ഖൊറാസാൻ (ISIS-K) ഭീകരരെ പിടികൂടിയതിന് കുറച്ച് മാസങ്ങൾക്ക് മുൻപ് കുറില്ല പാകിസ്ഥാനെ പ്രശംസിച്ചിരുന്നു.

"ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ പാകിസ്ഥാൻ ഒരു അസാധാരണ പങ്കാളിയാണ്. അതുകൊണ്ടാണ് പാകിസ്ഥാനും ഇന്ത്യയുമായി നമുക്ക് ബന്ധം ആവശ്യമായി വരുന്നത്" - ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുമ്പാകെ നടന്ന ഹിയറിംഗിൽ കുറില്ല പറഞ്ഞു. ലോകത്തിന് മുന്നിൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്‍റെ പങ്ക് തുറന്നുകാട്ടാൻ ഇന്ത്യ ശ്രമിക്കുന്ന സമയത്ത്, യുഎസിന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രശംസയെ ദില്ലിയുടെ നെറ്റി ചുളിച്ചിരുന്നു.

സെന്‍റ്കോം തലവന്‍റെ ഈ വാക്കുകൾ ഇന്ത്യയെയും പാകിസ്ഥാനെയും ഒരുമിച്ച് കാണുന്ന പഴയ പടിഞ്ഞാറൻ നയങ്ങളിലേക്കുള്ള തിരിച്ചുപോക്കായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിനുള്ള പ്രത്യുപകാരമെന്നോണം, ജൂലൈയിൽ ഇസ്ലാമാബാദ് സന്ദർശിച്ച ജനറൽ കുറില്ലയ്ക്ക് പാകിസ്ഥാൻ തങ്ങളുടെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ 'നിഷാൻ-ഇ-ഇംതിയാസ്' നൽകി ആദരിച്ചിരുന്നു.

ഈ സംഭവവികാസങ്ങളെല്ലാം പാകിസ്ഥാനും യുഎസും തമ്മിലുള്ള സൈനികവും തന്ത്രപരവുമായ ബന്ധം വളരുന്നുവെന്ന് സൂചിപ്പിക്കുന്നു. ജൂണിൽ, പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനും ശേഷം പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി മുനീർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു യുഎസ് പ്രസിഡന്‍റ്, സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ഒരു പാകിസ്ഥാൻ സൈനിക നേതാവിനെ സ്വീകരിക്കുന്നത് ചരിത്രത്തിൽ ആദ്യമായായിരുന്നു. മെയ് മാസത്തിലെ സംഘർഷങ്ങൾക്കിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങൾ ലഘൂകരിക്കുന്നതിൽ മുനീർ വഹിച്ച പങ്കിനെയും ട്രംപ് പരസ്യമായി അഭിനന്ദിച്ചിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം