
മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ത്യാക്കാരുടെ സ്വാതന്ത്ര്യ ദിനാഘോഷം ഖലിസ്ഥാൻ വാദികൾ തടസപ്പെടുത്തി. ഓസ്ട്രേലിയയിൽ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിലെ പരിപാടിയാണ് സംഘടിച്ചെത്തിയ ഖലിസ്ഥാൻ ഭീകരർ തടസപ്പെടുത്തിയത്. കോൺസുലേറ്റിന് മുന്നിൽ ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം സമാധാനപരമായി ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ഖലിസ്ഥാൻ ഭീകരർ തങ്ങളുടെ പതാകകളുമായി എത്തിയതോടെ ഓസ്ട്രേലിയൻ സുരക്ഷാ സേനയും സ്ഥലത്തെത്തി. ഇതോടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം അലങ്കോലപ്പെട്ടു.
ഖലിസ്ഥാൻ ഭീകരർ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചപ്പോൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ഇന്ത്യാക്കാർ ഇതിനെ പ്രതിരോധിച്ചത്. സ്ഥിതി സംഘർഷത്തിലേക്ക് നീങ്ങുന്നത് ഓസ്ട്രേലിയൻ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഭരത് മാതാ കീ ജയ്, വന്ദേ മാതരം മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ഇന്ത്യൻ ദേശീയ പതാക പിന്നീട് കോൺസുൽ ജനറൽ ഓഫീസിന് മുന്നിലുയർത്തി.
ഓസ്ട്രേലിയയിൽ ഖലിസ്ഥാൻ ഭീകരരുടെ പ്രവർത്തനം സജീവമാകുന്നതിനിടെയാണ് ഈ സംഭവം. ഓസ്ട്രേലിയയിൽ ബൊറോണിയയിൽ സ്വാമിനാരായൺ ക്ഷേത്രത്തിൽ ഇവർ ഈയിടെ അക്രമം നടത്തിയിരുന്നു. സമീപത്തെ ഭക്ഷണശാലകൾക്ക് മുന്നിൽ സ്പ്രേ പെയിൻ്റ് കൊണ്ട് അസഭ്യ വാചകം എഴുതിവെച്ച ശേഷം അഡോൾഫ് ഹിറ്റ്ലറുടെ ചിത്രവും ഇവിടെ സ്ഥാപിച്ചാണ് അക്രമികൾ മടങ്ങിയത്. ഇതിന് മുൻപ് അഡ്‌ലെയ്‌ഡിൽ 23കാരനായ ഇന്ത്യൻ വംശജൻ ഖലിസ്ഥാൻ ഭീകരരാൽ ആക്രമിക്കപ്പെട്ടിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടണമെന്ന് ഓസ്ട്രേലിയയോടും കാനഡയോടും യുകെയോടും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.