
ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ പിസ ഡെലിവറി ചെയ്യാനെത്തിയ 28 വയസ്സുകാരനായ ഇന്ത്യൻ യുവാവിനെ അജ്ഞാതർ വെടിവെച്ചു കൊന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. തെലങ്കാന സ്വദേശിയായ അൻഷുൽ കുഞ്ചയാണ് കൊല്ലപ്പെട്ടത്. മൾട്ടിനാഷണൽ കമ്പനിയിൽ ജീവനക്കാരനായിരുന്ന അൻഷുൽ, അധിക വരുമാനത്തിനായാണ് പാർട്ട് ടൈം ആയി പിസ്സ ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നത്. വ്യാജ ഓർഡർ നൽകി ജനവാസമില്ലാത്ത സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് അൻഷുലിനെ കൊലപ്പെടുത്തിയതെന്ന് കുടുംബം പറയുന്നു.
ശനിയാഴ്ച രാത്രി വൈകി വിജനമായ ഒരു സ്ഥലത്തേക്ക് അൻഷുലിന് പിസ്സ ഡെലിവറി ഓർഡർ ലഭിക്കുകയായിരുന്നു. ഓർഡർ നൽകിയ വിലാസത്തിൽ അൻഷുൽ എത്തിയ ഉടൻ, അവിടെയുണ്ടായിരുന്ന അജ്ഞാതർ അൻഷുലിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. അൻഷുലിന്റെ തലയ്ക്ക് ഒന്നിലധികം തവണ വെടിയേറ്റു. കൃത്യം നിർവഹിച്ച ശേഷം അക്രമികൾ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. രക്തസ്രാവത്തോടെ അബോധാവസ്ഥയിൽ കണ്ടെത്തിയ അൻഷുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അൻഷുലിന്റെ പക്കൽ നിന്നും പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് കുടുംബം പറയുന്നു. ഇത് കൊള്ളയടിക്കാനുള്ള ശ്രമമല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നുമുള്ള സംശയം ബലപ്പെടുത്തുന്നു. ആക്രമണം നടന്ന സമയത്ത് കറുത്ത വസ്ത്രം ധരിച്ച് ബാക്ക്പാക്ക് തോളിലിട്ട രണ്ട് മുഖംമൂടി ധാരികൾ ആ പ്രദേശത്ത് നടന്നുപോകുന്നതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു.
മുൻപ് അമേരിക്കയിൽ വെച്ച് അൻഷുൽ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അന്ന് മാലയും ഫോണും പണവും കവർച്ചക്കാർ തട്ടിയെടുത്തിരുന്നു. അൻഷുലിന് ലഭിച്ച പിസ്സ ഡെലിവറി ഓർഡർ വകവരുത്താൻ വേണ്ടി മാത്രം ഒരുക്കിയ ഒരു വലിയ 'കെണി' ആയിരുന്നുവെന്ന് സഹോദരി തൻവി മാധ്യമങ്ങളോട് പറഞ്ഞു. ആളൊഴിഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ ഒരു കെട്ടിടത്തിലേക്കാണ് പിസ്സ എത്തിക്കാൻ ആവശ്യപ്പെട്ടത്. എന്തിനാണ് കൊലപ്പെടുത്തിയതെന്നും ആരാണ് അക്രമിയെന്നും കണ്ടെത്തണമെന്ന് സഹോദരി ആവശ്യപ്പെട്ടു.
സഹോദരന്‍റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തൻവി അധികൃതരോട് അഭ്യർത്ഥിച്ചു. "വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു എന്‍റെ സഹോദരൻ. കഴിഞ്ഞ നാല് വർഷത്തോളമായി അവൻ യുഎസിലായിരുന്നു. വ്യാജ ഓർഡർ നൽകി കെണിയിൽപ്പെടുത്തിയാണ് അവനെ കൊലപ്പെടുത്തിയതെന്ന് ഞങ്ങൾ അറിഞ്ഞു. അവന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ ആവശ്യം"- തൻവി പറഞ്ഞു.
തിങ്കളാഴ്ചയോടെ മൃതദേഹം വിട്ടുകിട്ടുമെന്നാണ് അധികൃതർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. കൊലപാതകത്തിൽ തങ്ങൾക്ക് പ്രത്യേകമായി ആരെയും സംശയമില്ലെന്നും എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മക്കളെ വിദേശത്തേക്ക്, പ്രത്യേകിച്ച് അമേരിക്കയിലേക്ക് അയക്കരുതെന്ന് തൻവി കണ്ണീരോടെ അഭ്യർത്ഥിച്ചു. തന്റെ സഹോദരന് യുഎസിലേക്ക് പോകാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. നിർബന്ധിച്ചാണ് അവനെ അയച്ചത്. ഒടുവിൽ അവന് സംഭവിച്ചത് എന്താണെന്ന് നോക്കൂ. ദയവായി നിങ്ങളുടെ മക്കളെ യുഎസിലേക്ക് അയക്കരുതെന്ന് തൻവി പറഞ്ഞു.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അന്വേഷണ പുരോഗതിക്കായി അധികൃതരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. യുവാവിന്റെ ദാരുണമായ കൊലപാതകം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അൻഷുലിന്റെ ജന്മനാടായ തെലങ്കാനയിലെ ഗുണ്ട്‌ലപോച്ചമ്പള്ളി ഗ്രാമത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കടുത്ത ദുഃഖത്തിലാണ്. യുവാവിന്റെ അപ്രതീക്ഷിത വേർപാട് ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam