യുഎസ് ആക്രമണത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. നിലവിലെ സംഘർഷത്തിലൂടെ ഇറാൻ തന്ത്രപരമായി കൂടുതൽ ശക്തമായ നിലയിലെത്തിയെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ തന്ത്രപ്രധാന ആയുധമെന്നും അരഗ്ച്ചി പറഞ്ഞു
ടെഹ്റാൻ: ഇറാനെതിരെ വലിയ തോതിലുള്ള ആക്രമണം ഉടൻ എന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണത്തിന് മറുപടിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ബുദ്ധിശൂന്യമായ ആക്രമണത്തിന് അമേരിക്ക വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാനിലെ സുപ്രധാന നഗരങ്ങളിൽ പതിമൂന്നാം ദിവസവും അമേരിക്ക ആക്രമണം തുടരുകയാണ്. ക്രൂഡ് വില നൂറ് ഡോളർ കടന്നത് അതീവ ഗുരുതര സാഹചര്യമെന്ന് യുഎൻ വിലയിരുത്തി.
അടുത്തിടെയുണ്ടായ സംഘർഷത്തിൽ നിന്ന് ഇറാൻ കൂടുതൽ കരുത്താർജിച്ചെന്നും ഹോർമുസ് കടലിടുക്കിനെ തന്ത്രപ്രധാനമായ പ്രതിരോധമാർഗ്ഗമായി ഉപയോഗിക്കാനുള്ള രാജ്യത്തിന്റെ ശേഷി ലോകം ഇപ്പോൾ അംഗീകരിക്കുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അവകാശപ്പെട്ടു. അതോടൊപ്പം ഇറാന്‍റെ ആണവ പദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവും "വിൽപനയ്ക്കുള്ളതല്ല" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിയൻ ഡോക്യുമെന്ററി നിർമ്മാതാവ് ജവാദ് മോഗൂയിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം യുദ്ധത്തിന്റെ ആദ്യ നാളുകളിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചും ഇറാന്റെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും തുറന്നുപറഞ്ഞത്.
യുദ്ധത്തിന്‍റെ തുടക്കത്തിൽ നേതാക്കൾ തമ്മിലുള്ള ആശയവിനിമയം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നുവെന്നും ആരെല്ലാം ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും അരഗ്ചി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിലെത്തി ഏകദേശം മൂന്ന് ദിവസത്തോളം ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയേണ്ടി വന്നു. സഹപ്രവർത്തകരിൽ ആരൊക്കെ ജീവനോടെയുണ്ട്, കൊല്ലപ്പെട്ടു എന്ന് കണ്ടെത്താനായിരുന്നു ശ്രമം. യുദ്ധം തുടങ്ങി മൂന്ന് ദിവസത്തിന് ശേഷമാണ് പ്രസിഡന്‍റിനെ കാണാൻ സാധിച്ചത്. ആറാം ദിവസം സുരക്ഷിതമായ ഒരിടത്ത് വെച്ച് നടന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത മൂന്ന് പ്രമുഖ നേതാക്കൾ പിന്നീട് കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
'കോഡ് 110' വെളിപ്പെടുത്തി അരഗ്ചി
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്ക് നേരെ ആക്രമണമുണ്ടായാൽ നേരിടാനായി ഇറാൻ മുൻകൂട്ടി അടിയന്തര പ്രതിരോധ പദ്ധതി തയ്യാറാക്കിയിരുന്നതായി വിദേശകാര്യ മന്ത്രി വെളിപ്പെടുത്തി. "കോഡ് 110" എന്നറിയപ്പെടുന്ന ഈ പ്രോട്ടോക്കോളിന് ആയത്തുള്ള അലി ഖമനെയി തന്നെ നേരിട്ട് അംഗീകാരം നൽകിയിരുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും കൃത്യമായ ബോധ്യമുണ്ടായിരുന്നതിനാൽ, ആക്രമണം ഉണ്ടായ ഉടൻ തന്നെ പ്രതിരോധവും ആരംഭിച്ചെന്ന് അരഗ്ചി പറഞ്ഞു.
സൈനിക സമ്മർദ്ദങ്ങൾക്കോ പ്രലോഭനങ്ങൾക്കോ വഴങ്ങി രാജ്യം യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കില്ലെന്ന് അരഗ്ചി വ്യക്തമാക്കി. തങ്ങളുടെ ആണവ പദ്ധതി 'വിൽപനയ്ക്കുള്ളതല്ലെ'ന്നും വിദേശ രാജ്യങ്ങൾ നൽകുന്ന യാതൊരു ആനുകൂല്യങ്ങളും ഇതിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായിട്ടും ഇറാന്റെ നിലപാടുകളിൽ മാറ്റമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി ആവർത്തിച്ചു. ഭീഷണികൾക്കോ മറ്റ് വാഗ്ദാനങ്ങൾക്കോ ഇറാനെ കീഴടക്കാനാവില്ല. പുതിയ അടിസ്ഥാന സൗകര്യങ്ങളോ വൈദ്യുത നിലയങ്ങളോ നിർമ്മിച്ചു നൽകാമെന്ന പ്രലോഭനങ്ങൾക്ക് ഇറാൻ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 20 വർഷമായി ജനങ്ങൾ ഉപരോധങ്ങൾ സഹിച്ചും ആണവശാസ്ത്രജ്ഞർ രക്തം ചിന്തിയുമാണ് ഈ പദ്ധതി കെട്ടിപ്പടുത്തത്. ഇറാന് ഭയമില്ല. ഭയമുള്ളവരെ മാത്രമേ ഭീഷണിപ്പെടുത്താൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് എന്ന ആണവായുധം
നിലവിലെ സംഘർഷത്തിലൂടെ ഇറാൻ തന്ത്രപരമായി കൂടുതൽ ശക്തമായ നിലയിലെത്തിയെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ തന്ത്രപ്രധാന ആയുധമെന്നും അരഗ്ച്ചി പറഞ്ഞു. ഇറാന്റെ ഏറ്റവും വലിയ തന്ത്രപ്രധാനമായ ആയുധം ആണവായുധമല്ലെന്നും മറിച്ച് ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര വ്യാപാരത്തെ സ്വാധീനിക്കാനുള്ള ശേഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു: "നിങ്ങളുടെ അണുബോംബ് ഹോർമുസ് കടലിടുക്കാണെന്ന് ഞങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു. ഇറാൻ ശക്തമാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതായിരിക്കും യഥാർത്ഥത്തിൽ നമ്മുടെ ഏറ്റവും വലിയ വിജയം." ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയെച്ചൊല്ലി ടെഹ്‌റാനും വാഷിംഗ്ടണും തമ്മിൽ കടുത്ത പിരിമുറുക്കം നിലനിൽക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.


