ദുബായിൽ നിന്ന് പറന്ന വിമാനത്തിൽ തൊട്ടടുത്തിരുന്ന യാത്രക്കാരിക്ക് നേരെ അശ്ലീല പ്രദർശനം; യുവാവിന് ശിക്ഷ വിധിച്ച് യുകെ കോടതി

Published : Aug 09, 2026, 01:17 PM IST
Britto Lorence

Synopsis

ദുബായിൽ നിന്ന് യുകെയിലെ ന്യൂകാസിലിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ സഹയാത്രികയ്ക്കും കുഞ്ഞിനും മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ ഇന്ത്യക്കാരനായ യുവാവിന് യുകെ കോടതി ശിക്ഷ വിധിച്ചു. മിഡിൽസ്ബ്രോ സ്വദേശി ബ്രിട്ടോ ലോറൻസിനാണ് 18 മാസത്തെ കമ്മ്യൂണിറ്റി ഓർഡറും സാമൂഹിക സേവനവും പിഴയും വിധിച്ചത്. വിമാനം ലാൻഡ് ചെയ്ത ഉടൻ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ന്യൂകാസിൽ: വിമാനത്തിനുള്ളിൽ സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഇന്ത്യക്കാരനായ യുവാവിന് യുകെ കോടതി ശിക്ഷ വിധിച്ചു. ദുബായിൽ നിന്ന് യുകെയിലെ ന്യൂകാസിലിലേക്ക് പറന്ന എമിറേറ്റ്സ് വിമാനത്തിനുള്ളിൽ വെച്ച് സഹയാത്രക്കാരിയുടെയും അവരുടെ ചെറിയ കുഞ്ഞിന്‍റെയും മുന്നിൽ അശ്ലീല പ്രദർശനം നടത്തിയതിനാണ് യുവാവിന് ശിക്ഷ വിധിച്ചത്. മിഡിൽസ്ബ്രോയിലെ അബിംഗ്ഡൺ റോഡിൽ താമസിക്കുന്ന ബ്രിട്ടോ ലോറൻസ് (27) എന്നയാൾക്കാണ് ന്യൂകാസിൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

18 മാസത്തെ കമ്മ്യൂണിറ്റി ഓർഡറും 150 മണിക്കൂർ സൗജന്യ സാമൂഹിക സേവനവുമാണ് കോടതി വിധിച്ചത്. ഇതിനുപുറമെ, 914 പൗണ്ട് (ഏകദേശം ലക്ഷത്തോളം രൂപ) കോടതിച്ചെലവായും ഇരയായവർക്കുള്ള നഷ്ടപരിഹാരമായും ഒടുക്കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വർഷം ജൂൺ 2-നായിരുന്നു കേസിനാസ്പദമായ സംഭവം. ദുബായിൽ നിന്ന് ന്യൂകാസിലിലേക്ക് പോവുകയായിരുന്ന എമിറേറ്റ്സ് വിമാനത്തിൽ പരാതിക്കാരിയായ യുവതിക്കും അവരുടെ മകനും തൊട്ടടുത്തുള്ള സീറ്റിലായിരുന്നു ബ്രിട്ടോ ലോറൻസ് ഇരുന്നിരുന്നത്.

യാത്രയ്ക്കിടെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനായി യുവതി തയ്യാറെടുത്തപ്പോഴാണ്, മടിയിൽ തലയിണയും പുതപ്പും വെച്ച് ബ്രിട്ടോ ലോറൻസ് അശ്ലീല പ്രവൃത്തി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് ഭയന്നുപോയെങ്കിലും കുട്ടി പരിഭ്രാന്തനാകാതിരിക്കാൻ സമചിത്തത പാലിച്ച യുവതി, ഉടൻ തന്നെ വിമാനത്തിലെ ക്യാബിൻ ക്രൂവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ന്യൂകാസിൽ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം ഇറങ്ങിയ ഉടൻ യുകെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ആദ്യം കുറ്റം നിഷേധിച്ച ബ്രിട്ടോ ലോറൻസ്, മേയ് മാസത്തിൽ വിചാരണ ആരംഭിക്കുന്ന ദിവസം കുറ്റം സമ്മതിച്ചു. എന്നാൽ പിന്നീട്, താൻ സമ്മർദ്ദത്തിന് വഴങ്ങിയാണ് കുറ്റം സമ്മതിച്ചതെന്ന് കാട്ടി നൽകിയ ഹർജി തിരുത്താൻ വീണ്ടും അപേക്ഷ നൽകി. എന്നാൽ ഈ നീക്കം തള്ളിക്കളഞ്ഞ ഡിസ്ട്രിക്റ്റ് ജഡ്ജി കേറ്റ് മീക്ക് ഇയാൾക്ക് ശിക്ഷ വിധിച്ച് ഉത്തരവിറക്കുകയായിരുന്നു.

"വിമാനത്തിനുള്ളിൽ വെച്ചാണ് ഈ ക്രൂരത നടന്നത് എന്നത് കേസിന്‍റെ ഗുരുതരാവസ്ഥ വർധിപ്പിക്കുന്നു. പ്രതിയുടെ ഈ പ്രവൃത്തി ഒഴിവാക്കി മാറിനിൽക്കാൻ മറ്റ് യാത്രക്കാർക്ക് സാധിക്കുമായിരുന്നില്ല. തൊട്ടടുത്ത് ഒരു ചെറിയ കുട്ടിയുണ്ടെന്ന പരിഗണന പോലും നൽകിയില്ല." - ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു. ടീസൈഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫുഡ് സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ആളാണ് ബ്രിട്ടോ ലോറൻസ്. നിലവിൽ യുകെയിൽ വർക്ക് വിസയിൽ ഒരു കഫേയുടെ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതിയ സൈനിക സഖ്യമായി സൗദിയും തുർക്കിയും പാകിസ്ഥാനും; ചരിത്രപരമായ സംയുക്ത പ്രതിരോധ കരാർ മക്കയിൽ ഒപ്പിട്ടു
നാലാമത്തെ കുഞ്ഞ് പിറന്നു; ജെഡി വാൻസിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി