
റിയാദ്: പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ നിർണായകമായ പുതിയൊരു ശക്തിസമവാക്യം രൂപപ്പെടുത്തി സൗദി അറേബ്യയും തുർക്കിയും പാകിസ്താനും കൈകോർക്കുന്നു. പരസ്പര സുരക്ഷയും സഹകരണവും മുൻനിർത്തി മൂന്ന് രാജ്യങ്ങളും ചേർന്ന് 'മക്ക സംയുക്ത പ്രതിരോധ കരാറിൽ' ഒപ്പുവെച്ചു. മക്കയിലെ അൽ സഫ കൊട്ടാരത്തിലുള്ള റോയൽ ദിവാനിൽ വെച്ച് നടന്ന പ്രത്യേക ഉച്ചകോടിയിലാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് എന്നിവർ കരാറിൽ ഒപ്പുവെച്ചത്.
മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണം എല്ലാവർക്കും നേരെയും ഉള്ള ആക്രമണമായി പരിഗണിക്കുമെന്നും, അത്തരം സാഹചര്യങ്ങളിൽ ഒന്നിച്ചുനിന്ന് അതിനെ പ്രതിരോധിക്കുമെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനൊപ്പം മൂന്ന് രാജ്യങ്ങൾക്കുമിടയിലുള്ള സൈനിക-പ്രതിരോധ സഹകരണം സമഗ്രമായി വികസിപ്പിക്കാനും ധാരണയായി.
ചരിത്രപരമായ സൗഹൃദം, ഇസ്‌ലാമിക സാഹോദര്യം, പങ്കാളിത്ത തന്ത്രപ്രധാന താല്പര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് ഈ നിർണായക കരാർ രൂപീകരിച്ചത്. മേഖലയിലും ആഗോളതലത്തിലും സുസ്ഥിരമായ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താനും സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാനും ഈ പ്രതിരോധ സഖ്യം വഴിയൊരുക്കുമെന്ന് ഉച്ചകോടിക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പാകിസ്താൻ പ്രധാനമന്ത്രിയും തുർക്കിയ പ്രസിഡന്റും സൗദി അറേബ്യയിലെത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ജിദ്ദയിലെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ഉംറ നിർവഹിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയോടെയാണ് തുർക്കി പ്രസിഡന്റ് ജിദ്ദയിൽ എത്തിയത്. തുടർന്ന് മക്ക അൽ സഫ കൊട്ടാരത്തിലെ റോയൽ ദിവാനിൽ വെച്ച് സൗദി കിരീടാവകാശി ഇരുനേതാക്കളെയും സ്വീകരിച്ചു. ഇതിനുശേഷമാണ് 'മക്ക സംയുക്ത പ്രതിരോധ ഉച്ചകോടി' നടന്നത്. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ ഉഭയകക്ഷി ബന്ധങ്ങളും പരസ്പര താല്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഉച്ചകോടിയിൽ നേതാക്കൾ വിശദമായി വിലയിരുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam