അമ്മയോട് ഫോണിൽ സംസാരിച്ച് മണിക്കൂറുകൾക്കകം ഡ്രോൺ ആക്രമണം, യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

Published : Jul 31, 2026, 12:42 PM IST
ship attack

Synopsis

യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ നാവികനെ കാണാതായി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥൻ റാം ചന്ദ്ര ദുബെയെയാണ് കാണാതായത്. ആക്രമണത്തെ തുടർന്ന് കടലിൽ ചാടിയ നാല് ഇന്ത്യക്കാരിൽ രണ്ടുപേരെ രക്ഷപെടുത്തിയെങ്കിലും റാം ചന്ദ്ര ഉൾപ്പെടെ രണ്ടുപേരെ കണ്ടെത്താനായിട്ടില്ല.

പ്രായാഗ്‌രാജ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ 22കാരൻ റാം ചന്ദ്ര ദുബെ എന്ന മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി. കഴിഞ്ഞ ജൂലൈ 25നാണ് സംഭവം നടന്നത്.

നാവികസേനയിൽ നിന്ന് വിരമിച്ച രമേഷ് ചന്ദ്ര ദുബെയുടെ മകനായ റാം ചന്ദ്ര, തന്റെ രണ്ടാമത്തെ വിദേശ ദൗത്യത്തിനായാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യാത്രതിരിച്ചത്. ജൂലൈ 24ന് രാത്രിയിലാണ് റാം ചന്ദ്ര അവസാനമായി അമ്മ കൽപന ദുബെയുമായി ഫോണിൽ സംസാരിച്ചത്. കപ്പൽ യുക്രൈനിൽ നിന്ന് യാത്ര തിരിച്ചതായി അദ്ദേഹം കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം ഒഡേസ തുറമുഖത്തിന് സമീപം കപ്പൽ ഡ്രോൺ ആക്രമണത്തിന് ഇരയാവുകയായിരുന്നു.

'എം.വി എ.ജി.എൻ റാഗ്നർ' എന്ന വിദേശ കപ്പലിലാണ് അദ്ദേഹം സഞ്ചരിച്ചത്. കപ്പലിൽ ആകെയുണ്ടായിരുന്ന എട്ട് ജീവനക്കാരിൽ നാലു പേർ ഇന്ത്യക്കാരായിരുന്നു. ഡ്രോൺ ആക്രമണം ഉണ്ടായ ഉടൻ ജീവൻ രക്ഷിക്കാനായി ഇന്ത്യൻ നാവികർ കടലിലേക്ക് ചാടുകയായിരുന്നു. യുക്രൈൻ രക്ഷാസേന നടത്തിയ തെരച്ചിലിൽ രണ്ടു ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാനായി. എന്നാൽ റാം ചന്ദ്ര ദുബെയെയും യുപിയിലെ റായ്ബറേലി സ്വദേശിയായ മറ്റൊരു ഇന്ത്യൻ നാവികനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവമറിഞ്ഞ് റാം ചന്ദ്രയുടെ സഹോദരൻ കൃഷ്ണ ദാസ് ദുബെയും കുടുംബവും ദില്ലിയിലെത്തി കപ്പൽ കമ്പനി അധികൃതരെ കണ്ടു. തെരച്ചിൽ തുടരുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും ആശങ്ക ഒഴിയാത്ത സാഹചര്യത്തിൽ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചു.

യുക്രൈനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമുദ്ര സുരക്ഷ ഉറപ്പാക്കാൻ സൗദിയുടെ വമ്പൻ നീക്കം, ബഹുരാഷ്ട്ര പ്രതിരോധ സഖ്യം രൂപീകരിക്കുന്നു, 14 രാജ്യങ്ങളുടെ പിന്തുണ
നേപ്പാളിൽ വർഗീയ കലാപം, മൂന്ന് പേർ കൊല്ലപ്പെട്ടു; നിരവധി ജില്ലകളിലേക്ക് സംഘർഷം വ്യാപിച്ചു; സമാധാനത്തിന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി