
ബ്രിസ്ബേൻ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജന് നിറഞ്ഞ കൈയ്യറി. കൊറിയർ ഡെലിവറി ചെയ്യാനെത്തിയ ഇദ്ദേഹം വീട്ടുമുറ്റത്ത് വിരിച്ചിട്ട തുണി മഴയത്ത് നനയാതിരിക്കാൻ എടുത്തുമാറ്റിയതിനാണ് അഭിനന്ദനം. മഴ പെയ്യാൻ തുടങ്ങിയപ്പോൾ, പാർസൽ വാതിലിനടുത്ത് വച്ച് നടന്നുപോകുന്നതിനുപകരം, അയയിൽ വിരിച്ചിട്ട കഴുകിയ ബെഡ് ഷീറ്റുകൾ ഇദ്ദേഹം എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. വീടിന് മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വീട്ടുകാർ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും തങ്ങളുടെ സന്തോഷം അറിയിക്കുകയും ചെയ്തതോടെ ഇത് വലിയ തോതിൽ ചർച്ചയായി.
നാല് ലക്ഷത്തിലേറെ പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. ലോഗൻ നഗരത്തിൽ വെരിറ്റി വാൻഡൽ എന്ന സ്ത്രീയുടെ വീട്ടിലാണ് ഈ സംഭവം നടന്നത്. ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുന്ന ഓസ്ട്രേലിയൻ പൗരത്വമുള്ള ഇന്ത്യൻ വംശജനായ ഗുർപ്രീത് സിങാണ് ഈ പ്രവർത്തി ചെയ്തത്. വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ വിരിച്ചിട്ട തുണി കാണാത്തത് കൊണ്ട് താൻ അമ്പരന്നുവെന്നും പിന്നീട് വാതിലിന് സമീപം മഴ നനയാതെ ഇത് സൂക്ഷിച്ച് വെച്ചത് കണ്ടുവെന്നും വാൻഡൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് ആര് ചെയ്‌തെന്ന് അറിയാൻ താൻ ക്യാമറ പരിശോധിച്ചെന്നും അപ്പോഴാണ് ഗുർപ്രീത് സിങിനെ കണ്ടതെന്നും അവർ പറഞ്ഞു.
പിന്നാലെ വാൻഡൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഗുർപ്രീത് സിങ് ജോലി ചെയ്യുന്ന കമ്പനിയിൽ വിളിച്ച് അദ്ദേഹത്തിന് ശമ്പളം കൂട്ടിക്കൊടുക്കാൻ ആവശ്യപ്പെടണമെന്നും സ്ഥാനക്കയറ്റം നൽകാൻ പറയണമെന്നും പലരും ഈ വീഡിയോക്ക് താഴെ കമൻ്റ് ചെയ്തു. ഓസ്ട്രേലിയ പോസ്റ്റ് എന്ന കൊറിയർ കമ്പനിയിലെ ജീവനക്കാരനാണ് ഗുർപ്രീത്. കഴിയുന്നിടത്തെല്ലാം ഉപഭോക്താക്കളെ സഹായിക്കാൻ ശ്രമിക്കുന്നയാളാണ് ഇദ്ദേഹമെന്നാണ് കമ്പനിയുടെ പ്രതികരണം.