
മെല്‍ബണ്‍: പൊലീസുകാരുടെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ മരിച്ചു. ഓസ്ട്രേലിയലിലെ അഡ്‌ലെയ്ഡിലെ പെയ്നെഹാം റോഡിൽ വെച്ചാണ് ഗൗരവ് എന്ന 42 കാരന്‍ പൊലീസ് മര്‍ദനത്തിന് ഇരയായത്. പൊലീസുകാര്‍ വലിച്ചിഴയ്ക്കുകയും കാല്‍ കഴുത്തില്‍ വെച്ച് ഞെരിക്കുകയുമായിരുന്നു. തുടര്‍ന്ന് തലച്ചോറിന് പരിക്കേറ്റ ഗൗരവ് രണ്ടാഴ്ചയോളം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
ഭാര്യയുമായി ഗൗരവ് തര്‍ക്കത്തലില്‍ ഏര്‍പ്പെടുന്നതിനിടെയാണ് പൊലീസ് ഇടപെട്ടത്. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമിമലുള്ള ചെറിയ വാക്കു തര്‍ക്കമായിരുന്നെന്നും കാര്യമായ പ്രശ്നം ആയിരുന്നില്ല നടന്നതെന്നും ഗൗരവിന്‍റെ ഭാര്യ അമൃത്പാല്‍ കൗര്‍ പറയുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ അമൃത്പാല്‍ കൗര്‍ തന്‍റെ ഫോണില്‍ പകര്‍ത്തിയിരുന്നു. കഴുത്തില്‍ മര്‍ദിച്ചതോടെ ഗൗരവിന്‍റെ ബോധം നഷ്ടപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്ത് ഓസ്ട്രേലിയൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.