മുന്നോട്ട് നീങ്ങരുത്, ഇന്ത്യൻ കപ്പലുകൾക്ക് ജാഗ്രതാ നിർദേശം; നാവികസേനയുടെ നേരിട്ടുള്ള നിർദ്ദേശം ലഭിച്ചാൽ മാത്രം ഹോർമുസിൽ യാത്ര തുടരാം

Published : Apr 20, 2026, 02:00 PM IST
iran attack indian ship

Synopsis

ഇറാനിയൻ റവല്യൂഷണറി ഗാർഡ് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെച്ചതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് മേഖലയിൽ ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കി. പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് സേന കർശന നിർദ്ദേശങ്ങൾ നൽകുകയും സുരക്ഷാ അകമ്പടി ഉറപ്പാക്കുകയും ചെയ്യുന്നു.

ന്യൂഡൽഹി: ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാനിയൻ റവല്യൂഷണറി ഗാർഡ് വെടിവെപ്പ് നടത്തിയതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് മേഖലയിൽ ഇന്ത്യൻ നാവികസേന സുരക്ഷാ വലയം കടുപ്പിച്ചു. പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് സേന കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാന്‍റെ തന്ത്രപ്രധാനമായ ലാറക് ഐലൻഡിന് സമീപത്തുനിന്ന് വിട്ടുനിൽക്കണമെന്നും നാവികസേനയുടെ നേരിട്ടുള്ള നിർദ്ദേശം ലഭിച്ചാൽ മാത്രം യാത്ര തുടർന്നാൽ മതിയെന്നുമാണ് പുതിയ അറിയിപ്പ്. നിലവിൽ ഹോർമുസ് കടലിടുക്ക് കടക്കാൻ കാത്തുനിൽക്കുന്ന എല്ലാ ഇന്ത്യൻ കപ്പലുകളുടെയും സുരക്ഷയ്ക്കാണ് സേന മുൻഗണന നൽകുന്നത്.

സംഘർഷഭരിതമായ ഈ സാഹചര്യത്തിലും പതിനൊന്ന് ഇന്ത്യൻ കപ്പലുകൾ ഇതിനോടകം സുരക്ഷിതമായി കടലിടുക്ക് മുറിച്ചുകടന്നു. ഏപ്രിൽ 18-ന് 'ദേശ് ഗരിമ' എന്ന ടാങ്കറാണ് അവസാനമായി മേഖല കടന്നത്. എന്നാൽ ഇതേ ദിവസം തന്നെ 'ജഗ് അർണവ്', 'സൻമാർ ഹെറാൾഡ്' എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സേന വെടിവെപ്പ് നടത്തുകയും ഇവ തിരിച്ചയക്കാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു. നിലവിൽ അറബിക്കടലിലെത്തിയ 'ദേശ് ഗരിമ'യ്ക്ക് നാവികസേന അകമ്പടി സേവിക്കുന്നുണ്ട്. കപ്പൽ ഏപ്രിൽ 22ഓടെ മുംബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറാന്‍റെ എണ്ണക്കയറ്റുമതിയുടെയും ഊർജ്ജ മേഖലയുടെയും കേന്ദ്രമായ ലാറക് ഐലൻഡ് ഹോർമുസ് കടലിടുക്കിലെ ഏറ്റവും ഇടുങ്ങിയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതീവ സുരക്ഷാ മേഖലയായ ഇവിടെ റഡാർ സംവിധാനങ്ങളുടെയും ബങ്കറുകളുടെയും ശക്തമായ നിരീക്ഷണവലയമുണ്ട്. വേഗതയേറിയ ബോട്ടുകൾ ഉപയോഗിച്ച് കപ്പലുകളെ ആക്രമിക്കാൻ ശേഷിയുള്ള ഇറാന്‍റെ സൈനിക താവളങ്ങളും ഇവിടെ സജീവമാണ്. ലോകത്തെ എണ്ണനീക്കത്തിന്‍റെ 20 ശതമാനവും കടന്നുപോകുന്ന ഈ നിർണ്ണായക പാതയിലൂടെയുള്ള യാത്ര ഇപ്പോൾ അതീവ അപകടകരമായി മാറിയിരിക്കുകയാണ്.

നിലവിൽ പതിനാലോളം ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കപ്പലുകളുമായി നാവികസേന നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സേനയുടെ പച്ചക്കൊടി ലഭിക്കാതെ മുന്നോട്ട് നീങ്ങരുതെന്നാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. പേർഷ്യൻ ഗൾഫിന് സമീപമായി ഇന്ത്യൻ നാവികസേനയുടെ ഏഴ് യുദ്ധക്കപ്പലുകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. കടലിടുക്ക് കടന്നെത്തുന്ന ഇന്ത്യൻ കപ്പലുകൾക്ക് ഈ യുദ്ധക്കപ്പലുകൾ സുരക്ഷാ അകമ്പടി ഉറപ്പാക്കുന്നുണ്ട്. മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ നാവികസേന അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുഎസ് സൈന്യം പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഇനി എന്ത് ചെയ്യും, ജീവനക്കാരുടെ വിധിയെന്ത്? നാവിക വിദഗ്ധരുടെ വിലയിരുത്തൽ
ആളിക്കത്തി പശ്ചിമേഷ്യൻ യുദ്ധം! രാജ്യാന്തര വിപണിയില്‍ കത്തിക്കയറി എണ്ണവില, ഹോര്‍മുസ് കടലിടുക്ക് അടച്ചു