
ടെഹ്റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാൻ പതാകയേന്തിയ 'എംവി ടൂസ്ക' എന്ന ചരക്കുകപ്പൽ യുഎസ് സെൻട്രൽ കമാൻഡ് വെടിവെപ്പിന് ശേഷം പിടിച്ചെടുത്തിരുന്നു. അതീവ പ്രധാന്യമുള്ള ഈ നീക്കത്തിന് പിന്നാലെ കപ്പലിന്‍റെ ഭാവി എന്താകുമെന്നതിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. നിലവിൽ യുഎസ് സൈന്യത്തിന്‍റെ കസ്റ്റഡിയിലുള്ള ടൂസ്കയെ കൂടുതൽ പരിശോധനകൾക്കായി ഏതെങ്കിലും തുറമുഖത്തേക്കോ സുരക്ഷിതമായ നങ്കൂരസ്ഥാനത്തേക്കോ മാറ്റുമെന്നാണ് നാവിക വിദഗ്ധർ വിലയിരുത്തുന്നത്.
പരിശോധനകൾക്ക് ശേഷം കപ്പലിലെ ചരക്കിന്‍റെ സ്വഭാവം അനുസരിച്ച് കപ്പൽ പൂർണ്ണമായും അമേരിക്കൻ സർക്കാരിന്‍റെ സ്വത്തായി മാറാനാണ് സാധ്യത. നാവിക യുദ്ധനിയമങ്ങൾ പ്രകാരം ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന കപ്പലുകളെ പിടിച്ചെടുക്കാൻ അധികാരമുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കപ്പൽ സ്ഥിരമായി കൈവശം വെക്കാൻ വാഷിംഗ്ടൺ തീരുമാനിക്കുകയാണെങ്കിൽ അതിനായി പ്രത്യേക പ്രൈസ് കോടതികൾ സ്ഥാപിക്കേണ്ടി വരും. യുദ്ധകാലത്ത് ശത്രുരാജ്യങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന യുദ്ധമുതലായി ഈ കപ്പലിനെ കണക്കാക്കാൻ സാധിക്കുമെന്നാണ് മുൻ യുഎസ് നേവി ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്.
കപ്പലിലെ ജീവനക്കാരുടെ വിധി അവരുടെ പൗരത്വത്തെ ആശ്രയിച്ചിരിക്കും. ജീവനക്കാർ ഇന്ത്യക്കാരോ ഫിലിപ്പീൻസ് സ്വദേശികളോ ആണെങ്കിൽ അവരെ തിരിച്ചയക്കാനാണ് സാധ്യത. എന്നാൽ ഇറാൻ സ്വദേശികളോ അല്ലെങ്കിൽ ഇറാനിയൻ റവല്യൂഷണറി ഗാർഡ് അംഗങ്ങളോ കപ്പലിൽ ഉണ്ടെങ്കിൽ അവരെ തടവിലാക്കുകയോ യുദ്ധതടവുകാരായി പ്രഖ്യാപിക്കുകയോ ചെയ്തേക്കാം. കപ്പലിൽ ആയുധങ്ങൾ കണ്ടെത്തുകയാണെങ്കിൽ ജീവനക്കാർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. 2018 മുതൽ ഉപരോധ പട്ടികയിലുള്ള ഈ കപ്പൽ ചൈനയ്ക്കും ഇറാനും ഇടയിൽ നിരന്തരം സർവീസ് നടത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ കൃത്യമായ വിവരങ്ങൾക്കും കപ്പലിന്‍റെ നിലവിലെ അവസ്ഥയ്ക്കുമായി കാത്തിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam