
ദുബായ്: മുംബൈയിലെ ചേരികളിൽ വിദ്യാഭ്യാസത്തിന്‍റെ വെളിച്ചം പകർന്ന അധ്യാപികയായ റൂബിൾ നാഗിക്ക് വൺ മില്യൺ ഡോളർ (ഏകദേശം 9 കോടി രൂപ) മൂല്യമുള്ള 'ഗ്ലോബൽ ടീച്ചർ പ്രൈസ്'. വിദ്യാഭ്യാസ രംഗത്തെ 'നൊബേൽ' എന്നറിയപ്പെടുന്ന 'ഗ്ലോബൽ ടീച്ചർ പ്രൈസ്' ദുബായിൽ നടന്ന വാർഷിക ലോക സർക്കാർ ഉച്ചകോടിയിൽ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റൂബിൾ നാഗിക്ക് പുരസ്കാരം സമ്മാനിച്ചു. ഇന്ത്യയിലുടനീളം നൂറുകണക്കിന് ലേണിംഗ് സെന്ററുകൾ സ്ഥാപിച്ച് ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തിൽ വെളിച്ചമേകിയതിനാണ് ഈ അംഗീകാരം.
'റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷനിലൂടെ' ഇന്ത്യയിൽ എണ്ണൂറിലധികം ലേണിംഗ് സെന്ററുകളാണ് റൂബിൾ സ്ഥാപിച്ചിട്ടുള്ളത്. ഒരിക്കൽ പോലും സ്കൂളിൽ പോകാത്ത കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിനൊപ്പം, നിലവിൽ സ്കൂളിൽ പോകുന്നവർക്ക് പ്രത്യേക പരിശീലനവും ഈ സെന്ററുകൾ വഴി നൽകുന്നു. അക്ഷരാഭ്യാസം, സയൻസ്, കണക്ക്, ചരിത്രം തുടങ്ങിയ വിഷയങ്ങൾ ചുവർചിത്രങ്ങളിലൂടെ ലളിതമായി പഠിപ്പിക്കുന്ന രീതിയും അവർ ആവിഷ്കരിച്ചിട്ടുണ്ട്.
റൂബിൾ നാഗിയുടെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് മിസാൽ മുംബൈ. മുംബൈയിലെ ചേരികളിലെ വീടുകൾ ചായം പൂശി മനോഹരമാക്കുകയും അവിടുത്തെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇത് പിന്നീട് 'മിസാൽ ഇന്ത്യ' എന്ന പേരിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. കുട്ടികൾക്ക് പഠനം ഭാരമാകാതിരിക്കാൻ ചിത്രരചനയിലൂടെയും ചുവർചിത്രങ്ങളിലൂടെയും ശാസ്ത്രവും കണക്കും റൂബിൾ നാഗി പഠിപ്പിച്ചു. ഇന്ത്യയിലുടനീളം നൂറുകണക്കിന് കൂറ്റൻ ചുവർചിത്രങ്ങൾ അവർ നിർമ്മിച്ചിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്കായി സൗജന്യ വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ സമ്മാനത്തുക ഉപയോഗിക്കുമെന്നു റൂബിൾ നാഗി പറഞ്ഞു.
അഭിമാന നിമിഷമെന്ന് റൂബിൾ നാഗി
പുരസ്കാരം സ്വീകരിച്ചുകൊണ്ട് റൂബിൾ നാഗി വൈകാരികമായാണ് സംസാരിച്ചത്."ഈ പുരസ്കാരം എനിക്കും എന്റെ രാജ്യത്തിനും അഭിമാനമാണ്. 24 വർഷങ്ങൾക്ക് മുന്പ് വെറും 30 കുട്ടികളുമായി ഒരു ചെറിയ വർക്ക്‌ഷോപ്പിൽ തുടങ്ങിയ യാത്രയാണിത്. ഇന്ന് പത്ത് ലക്ഷത്തിലധികം കുട്ടികളിലേക്ക് എത്താൻ കഴിഞ്ഞു എന്നത് വിനയത്തോടെ കാണുന്നു. എല്ലാ കുട്ടികളും സ്കൂളിൽ പോകണമെന്നത് എന്റെ കുട്ടിക്കാലത്തെ സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്'- അവർ പറഞ്ഞു.
റൂബിൾ നാഗിയുടെ നിശ്ചയദാർഢ്യത്തെയും സർഗ്ഗാത്മകതയെയും ഗ്ലോബൽ ടീച്ചർ പ്രൈസ് സ്ഥാപകൻ സണ്ണി വർക്കി പ്രശംസിച്ചു. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം എത്തിക്കുന്നതിലൂടെ ഒരു സമൂഹത്തെ തന്നെയാണ് അവർ ശക്തിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ നിന്നുള്ള ആർടിസ്റ്റ് കൂടി ആയ റൂബിൾ മുംബൈ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. ഇവരുടെ മ്യൂറൽ ചിത്രങ്ങൾ രാജ്യാന്തര പ്രദർശനങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam