
ദില്ലി: ഓപ്പറേഷൻ സിന്ദൂരിനുശേഷം അസർബൈജാൻ, തുർക്കി രാജ്യങ്ങളെ ഒഴിവാക്കി ഇന്ത്യയിലെ വിനോദ സഞ്ചാരികൾ. 2025-ൽ ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ നടപടി എന്നിവയിൽ ഈ രണ്ട് രാജ്യങ്ങളും പാകിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് ഇന്ത്യൻ വിനോദ സഞ്ചാരികളുടെ യാത്ര കുത്തനെ ഇടിഞ്ഞത്. 2025 ജൂൺ മുതൽ ഡിസംബർ വരെ അസർബൈജാനിലേക്ക് പോയ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 63 ശതമാനം കുറവുണ്ടായി. 2024 നെ അപേക്ഷിച്ച് ഇതേ കാലയളവിൽ തുർക്കിയിലേക്ക് പോയ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 34 ശതമാനം കുറവുണ്ടായി.
കഴിഞ്ഞ മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ തുർക്കി നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. പാകിസ്ഥാന് അനുകൂലമായി തുർക്കിയും വ്യക്തമായ നയതന്ത്ര നിലപാട് സ്വീകരിച്ചു. അതിനുശേഷം, ഇന്ത്യയിൽ തുർക്കി ബഹിഷ്‌കരണ ക്യാമ്പയിൻ ഉണ്ടായി. അസർബൈജാനും പാകിസ്ഥാന് പൂർണ പിന്തുണ നൽകി. ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നു തുർക്കിയും അസർബൈജാനും. മെയ്ക്ക് മൈ ട്രിപ്പ്, ഈസ് മൈ ട്രിപ്പ്, ക്ലിയർട്രിപ്പ് തുടങ്ങിയ യാത്രാ പോർട്ടലുകൾ തുർക്കി ടൂറിസ്റ്റ് പാക്കേജുകൾ പ്രോത്സാഹിപ്പിക്കില്ലെന്നും നിലപാട് സ്വീകരിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ മൂന്ന് രാജ്യങ്ങൾ മാത്രമാണ് പാകിസ്ഥാനെ അനുകൂലിച്ചതെന്നും ബാക്കിയുള്ള രാജ്യങ്ങൾ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പിന്തുണച്ചതായും പ്രധാനമന്ത്രി മോദി കഴിഞ്ഞ വർഷം പാർലമെന്റിൽ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം മെയ് വരെ അസർബൈജാൻ തങ്ങളുടെ ടൂറിസം മേഖലയുടെ പ്രധാന ലക്ഷ്യ വിപണികളിൽ ഒന്നായി ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നു. ഇന്ത്യൻ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ ഈ രംഗത്ത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇരുരാജ്യങ്ങൾക്കുമുണ്ടാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam