ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക

Published : May 21, 2026, 12:42 PM IST
lay offs

Synopsis

അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികളായ മെറ്റ, ആമസോൺ, ഒറാക്കിൾ തുടങ്ങിയവയിൽ അടുത്തിടെയുണ്ടായ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു.

ന്യൂയോർക്ക്: അമേരിക്കയിൽ ദീർഘകാലം ജോലി ചെയ്ത് ഗ്രീൻ കാർഡിനായുള്ള കാത്തിരിക്കുന്ന നിരവധി ഇന്ത്യക്കാർക്ക് തിരിച്ചടിയായി ലേ ഓഫ്. എച്ച് 1 ബി വിസയിൽ അമേരിക്കയിൽ കഴിയുന്ന ഇവർക്ക് വിസ ചട്ടങ്ങൾ പ്രകാരം ജോലി നഷ്ടപ്പെട്ടാൽ പുതിയൊരു ജോലി കണ്ടെത്താനോ അല്ലെങ്കിൽ രാജ്യം വിടാനോ വെറും 60 ദിവസത്തെ സമയം മാത്രമാണ് യുഎസ് ഇമിഗ്രേഷൻ വകുപ്പ് അനുവദിക്കുന്നത്. വർഷങ്ങളായി അമേരിക്കയിൽ താമസിച്ച് വായ്പയെടുത്ത് വീട് വാങ്ങിയവരും മക്കൾ ജനിച്ചതും വളർന്നതും അമേരിക്കയിലായതുമായ നിരവധി കുടുംബങ്ങൾ ഇതോടെ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണുള്ളത്. ജോലി ഇല്ലാതായതോടെ കുട്ടികളുടെ സ്കൂൾ പ്രവേശനം, കനത്ത ഭവന വായ്പ തിരിച്ചടവുകൾ, ഇമിഗ്രേഷൻ രേഖകൾ ശരിയാക്കൽ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയെല്ലാം ഈ കുടുംബങ്ങൾക്ക് പെട്ടെന്ന് നഷ്ടമാകുന്ന സ്ഥിതിയാണ്.

അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികളായ മെറ്റ, ആമസോൺ, ഒറാക്കിൾ തുടങ്ങിയവയിൽ അടുത്തിടെയുണ്ടായ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു. ലേ ഓഫ് സംബന്ധിയായ ഒറ്റ ഇമെയിൽ വഴി ഇവരുടെ വർഷങ്ങളായുള്ള കരിയർ, സ്വന്തമാക്കിയ വീടുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, രാജ്യത്ത് തുടരാനുള്ള നിയമപരമായ അവകാശം എന്നിവയെല്ലാം പെട്ടെന്ന് തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.എന്നാൽ നിലവിലെ മന്ദഗതിയിലുള്ള തൊഴിൽ വിപണിയിൽ ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പുതിയൊരു സ്പോൺസറെ കണ്ടെത്തുക എന്നത് അങ്ങേയറ്റം പ്രയാസകരമാണ്. ഈ 60 ദിവസത്തെ സമയപരിധി കഴിഞ്ഞിട്ടും ജോലി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇവർക്ക് അമേരിക്ക വിടേണ്ടി വരും. ഈ പ്രതിസന്ധി മറികടക്കാനും അമേരിക്കയിൽ തുടരാൻ കൂടുതൽ സമയം സമ്പാദിക്കാനുമായി പല ജീവനക്കാരും താൽക്കാലികമായി ബി 2 വിസിറ്റർ വിസയിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ട്. ഈ വിസയിലേക്ക് മാറാൻ സാധിച്ചാൽ ആറ് മാസം വരെ അമേരിക്കയിൽ തുടരാൻ അനുവാദം ലഭിക്കും. എന്നാൽ നിലവിലെ കർശനമായ ഇമിഗ്രേഷൻ അന്തരീക്ഷത്തിൽ ഈ വഴിയും വലിയ പ്രതിസന്ധിയിലാണ്.

ഇമിഗ്രേഷൻ വിദഗ്ധർ വ്യക്തമാക്കുന്നതനുസരിച്ച്, എച്ച് 1ബി വിസയിൽ നിന്ന് ബി2 വിസയിലേക്ക് മാറാൻ അപേക്ഷിക്കുന്നവരോട് അമേരിക്കൻ അധികൃതർ മുൻപില്ലാത്ത വിധം കടുത്ത രേഖകളും അധിക പേപ്പർവർക്കുകളും ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഇത്തരം അപേക്ഷകൾ നിരസിക്കപ്പെടുന്നതും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഈ പ്രക്രിയ നിയമപരമാണെങ്കിൽ പോലും നിലവിലെ സാഹചര്യത്തിൽ ഇതിന് അനുമതി ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുന്നു. സാങ്കേതിക മേഖലയിലെ വൻതോതിലുള്ള പ്രതിസന്ധിയാണ് ഈ വിസ പ്രശ്നം ഇത്രത്തോളം രൂക്ഷമാക്കിയത്. ഈ വർഷം ഇതുവരെ മാത്രം ലോകമെമ്പാടുമുള്ള 144ലധികം പ്രമുഖ കമ്പനികളിൽ നിന്നായി 110000-ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും എച്ച്1ബി വിസയുള്ളവരും അതിൽ തന്നെ ഭൂരിപക്ഷവും ഇന്ത്യക്കാരുമാണ്.

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ കണക്കുകൾ പ്രകാരം എച്ച് 1ബി വിസ അപേക്ഷകളിൽ ഭൂരിഭാഗവും നേടുന്നത് ഇന്ത്യക്കാരാണ്. സാങ്കേതിക വിദ്യമേഖലയിലെ എഐ ആശ്രയത്വമാണ് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുന്നത്. കൂടുതൽ സുസ്ഥിരമായ ഇമിഗ്രേഷൻ വ്യവസ്ഥകളുള്ള കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലേക്ക് മാറാനാണ് ഇപ്പോൾ പലരും മുൻഗണന നൽകുന്നത്. കാനഡയുടെ എക്സ്പ്രസ് എൻട്രി, ഗ്ലോബൽ ടാലന്റ് സ്ട്രീം തുടങ്ങിയ പദ്ധതികൾ വഴി അങ്ങോട്ട് മാറാൻ പലരും തയ്യാറെടുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി മെറ്റ പോലെയുള്ള വൻകിട കമ്പനികൾ തങ്ങളുടെ എഞ്ചിനീയറിംഗ്, പ്രൊഡക്ട് ഡിവിഷനുകൾ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ലേ-ഓഫുകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്രിട്ടീഷ് അത്യാധുനിക ചാരവിമാനത്തിന് തൊട്ടരികിലൂടെ പറന്ന് റഷ്യൻ യുദ്ധവിമാനത്തിന്റെ പ്രകോപനം, തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം
30 വര്‍ഷം മുമ്പ് യുഎസ് വിമാനങ്ങള്‍ വെടിവെച്ചിട്ടു, 94 വയസ്സുള്ള മുന്‍ ക്യൂബന്‍ പ്രസിഡന്റിനെ പൂട്ടാന്‍ ട്രംപ് ഭരണകൂടം