വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊർജ, വ്യാപാര സഹകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി ഊർജം, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, സുരക്ഷ, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ യോഗത്തിൽ അവലോകനം ചെയ്തതായും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പുതിയ അവസരങ്ങൾ ആരാഞ്ഞതായും വിദേശകാര്യമന്ത്രി അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിയതിന് ഖത്തർ പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. കൂടാതെ, നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ഖത്തറിന്റെ വിലയിരുത്തലുകൾ കൂടിക്കാഴ്ചയിൽ പങ്കുവെച്ചതായും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

