ചീറ്റിപ്പോയ മൊസാദ് പദ്ധതി, ഇറാന്‍ ഭരണം അട്ടിമറിക്കാനുള്ള യുഎസ്-ഇസ്രായേല്‍ നീക്കം പാളിയതെങ്ങനെ?

Published : Mar 23, 2026, 06:18 PM IST
Mossad plan for regime change in iran

Synopsis

യുദ്ധം 25ാം ദിവസത്തേക്ക് കടന്നിട്ടും പ്രക്ഷോഭത്തിന്റെയോ ഭരണമാറ്റത്തിന്റെയോ സൂചനകളൊന്നും ഇറാനില്‍നിന്നും വരുന്നില്ല. പകരം, യുദ്ധം വ്യാപിപ്പിക്കാനും സാമ്പത്തിക മേഖലയിലും ഇന്ധനമേഖലയിലും  പ്രതിസന്ധി സൃഷ്ടിക്കാനും ഇറാനു കഴിഞ്ഞു.

നാലഞ്ച് ദിവസത്തെ ആക്രമണം, അതിനിടയില്‍ ഉന്നത നേതൃത്വത്തെ വധിക്കുക, ഭരണകൂടത്തോട് എതിര്‍പ്പുള്ളവരെ തെരുവിലിറക്കുക, ഭരണം അട്ടിമറിച്ച് പുതിയ നേതൃത്വത്തെ കൊണ്ടുവരിക. ഇറാനെ ആക്രമിക്കുമ്പോള്‍ ഇതായിരുന്നു അമേരിക്കയുടെയും ഇസ്രായേലിന്റെയും പദ്ധതി. നാലഞ്ച് നാള്‍ കൊണ്ട് യുദ്ധം തീര്‍ത്ത് പൊടിയും തട്ടി മടങ്ങാമെന്ന ആ പദ്ധതിയാണ് ഇപ്പോള്‍ പൊളിഞ്ഞത്. യുദ്ധം 25ാം ദിവസത്തേക്ക് കടന്നിട്ടും പ്രക്ഷോഭത്തിന്റെയോ ഭരണമാറ്റത്തിന്റെയോ സൂചനകളൊന്നും ഇറാനില്‍നിന്നും വരുന്നില്ല. പകരം, അമേരിക്കയ്ക്കും ഇസ്രായലിനും വലിയ തിരിച്ചടികള്‍ നല്‍കി, യുദ്ധം വ്യാപിപ്പിക്കാനും സാമ്പത്തിക മേഖലയിലും ഇന്ധനമേഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിക്കാനും ഇറാനു കഴിഞ്ഞു.

ഇറാനിലെ ഭരണം അട്ടിമറിക്കുക എന്നത് ദീര്‍ഘകാലമായി ഇസ്രായേലും അമേരിക്കയും കൊണ്ടുനടക്കുന്ന ലക്ഷ്യമായിരുന്നു. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് തടയുക, ജനാധിപത്യ പ്രക്ഷോഭകര്‍ക്കെതിരായ ആക്രമണം ഇല്ലായ്മ ചെയ്യുക, മേഖലയിലെ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ നല്‍കുന്ന സഹായം അവസാനിപ്പിക്കുക എന്നിങ്ങനെ പല ലക്ഷ്യങ്ങളും മാറിമാറി പറയുമ്പോഴും അടിസ്ഥാനപരമായി ഈ യുദ്ധം ഭരണകൂടത്തെ അട്ടിമറിക്കുകയായിരുന്നു ഉന്നംവെച്ചത്. അതിനനുസരിച്ചുള്ള പദ്ധതികളാണ് അമേരിക്കയും ഇസ്രായലും തയ്യാറാക്കിയത്. തങ്ങളുടെ പദ്ധതികള്‍ നടക്കും എന്ന് തന്നെയായിരുന്നു യുദ്ധം തുടങ്ങുമ്പോള്‍ ട്രംപിന്റെയും നെതന്യാഹുവിന്റെയും കണക്കുകൂട്ടല്‍. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നെതന്യാഹു പ്രസിഡന്റ് ട്രംപിനെ ഇക്കാര്യം ബോധ്യപ്പെടുത്തിയത്. ഇസ്രായേലിലെയും അമേരിക്കയിലെയും 14 സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ച് ന്യൂയോര്‍ക്ക് ടൈംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.

മൊസാദിന്റെ പദ്ധതി, നെതന്യാഹുവിന്റെയും ട്രംപിന്റെയും വിശ്വാസം

എല്ലാം തുടങ്ങിയത് മൊസാദ് തയ്യാറാക്കിയ ഒരു പദ്ധതിയോടെയാണ് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. യുഎസും ഇസ്രായേലും യുദ്ധത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയ ഈ പദ്ധതിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സമീപിച്ചത്. യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭരണം മറിച്ചിടാനാവുന്ന വിധം ഇറാനിലെ പ്രതിപക്ഷ ഗ്രൂപ്പുകളെ നയിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് മൊസാദ് മേധാവി പറഞ്ഞത്. ജനുവരി പകുതിയോടെ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച മൊസാദ് മേധാവി ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും ഈ പദ്ധതി സമര്‍പ്പിച്ചു.

നെതന്യാഹു ഈ പദ്ധതി അംഗീകരിച്ചു. എന്നാല്‍, മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്കും ഇസ്രായേലിലെ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളിലെ ചില ഉദ്യോഗസ്ഥര്‍ക്കും ഈ പദ്ധതിയുടെ പ്രായോഗികതയില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍, നെതന്യാഹുവും പ്രസിഡന്റ് ട്രംപും ശുഭപ്രതീക്ഷയിലായിരുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ ഇറാന്റെ നേതാക്കളെ വധിക്കുകയും, ഭരണമാറ്റം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്താല്‍ ഭരണം അട്ടിമറിച്ച് യുദ്ധം വേഗം അവസാനിപ്പിക്കാമെന്നാണ് ട്രംപും നെതന്യാഹുവും പ്രതീക്ഷിച്ചത്. ഇത് മനസ്സില്‍ വെച്ചാണ്, യുദ്ധത്തിന്റെ തുടക്കത്തില്‍ ഇറാനിലെ ജനങ്ങളെ ട്രംപ് അഭിസംബോധന ചെയ്തത്. 'ഞങ്ങള്‍ ഇത് അവസാനിപ്പിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ ഗവണ്‍മെന്റ് നിങ്ങള്‍ ഏറ്റെടുക്കുക' എന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്.

എന്നാല്‍, അമേരിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇസ്രായേല്‍ പ്രതിരോധ സേനയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ 'അമാന്‍' വിദഗ്ധരും മൊസാദിന്റെ ഈ പദ്ധതിയെ ആദ്യമേ സംശയത്തോടെയാണ് കണ്ടിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും ഇസ്രായേലും ബോംബിടുമ്പോള്‍ ഇറാനിലെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങില്ലെന്ന് യുഎസ് സൈന്യം ട്രംപിനോട് വ്യക്തമാക്കിയിരുന്നു. ഭരണം മാറ്റുന്ന വിധത്തിലുള്ള ജനകീയ മുന്നേറ്റത്തിന് സാധ്യത കുറവാണെന്നും ഇപ്പോഴത്തെ ആക്രമണം ഒരു ആഭ്യന്തര യുദ്ധത്തിന് വഴിതെളിക്കില്ലെന്നുമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം അന്നേ വ്യക്തമാക്കിയത്.

മൊസാദിന്റെ പദ്ധതി വന്ന വഴി

യുദ്ധം തുടങ്ങിയാല്‍ ഇറാനില്‍ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് സി.ഐ.എ വിശദമായി പഠിച്ചിരുന്നു. സിഐ എ വിലയിരുത്തല്‍ ഇങ്ങനെയായിരുന്നു: ഇറാന്റെ ഭരണകൂടം പൂര്‍ണ്ണമായും തകരാന്‍ സാധ്യതയില്ല. ഭരണകൂടത്തിനുള്ളിലെ സായുധ വിഭാഗങ്ങള്‍ തമ്മിലടിക്കുക, ആഭ്യന്തര യുദ്ധത്തിന് കാരണമാകുന്ന നീക്കം നടത്തുക എന്നിവയ്ക്ക് സാധ്യതയുണ്ട്. പക്ഷേ, അങ്ങനെ വന്നാലും അവര്‍ ജനാധിപത്യത്തിനു പകരം, മതനേതാക്കളെയാവും പിന്തുണയ്ക്കുക. തീവ്ര നിലപാടുള്ളവര്‍ തന്നെ അധികാരത്തില്‍ വരാനാണ് സാധ്യത.

കാലങ്ങളായി ഇസ്രായേലിന്റെ വലിയ ആഗ്രഹമായിരുന്നു ഇറാനിലെ ഭരണമാറ്റം. ഇപ്പോഴത്തെ മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയയുടെ മുന്‍ഗാമി യോസി കോഹനും ഇക്കാര്യം പരിഗണിച്ചിരുന്നു. എന്നാല്‍, ആഭ്യന്തര പ്രക്ഷോഭത്തിലൂടെ ഭരണമാറ്റം സാധ്യമല്ലെന്നും അതിന് മെനക്കെടുന്നത് സമയനഷ്ടമാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. അതിനാല്‍, ഇതിനുള്ള മുന്‍ഗണന മാറ്റാന്‍ അദ്ദേഹം ഉത്തരവിട്ടു. പകരം, ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുക, ആണവ ശാസ്ത്രജ്ഞരെയും സൈനിക നേതാക്കളെയും വധിക്കുക, ആണവ നിലയങ്ങള്‍ ആക്രമിക്കുക എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കാനായിരുന്നു യോസി കോഹന്റെ തീരുമാനം. എന്നാല്‍ പുതിയ മേധാവിയായി ഡേവിഡ് ബാര്‍ണിയ വന്നതോടെ മുന്‍തീരുമാനം മാറ്റി. ഭരണമാറ്റം വീണ്ടും മൊസാദിന്റെ മുഖ്യപരിഗണനയായി. ഭരണകൂടത്തെ അട്ടിമറിക്കലിനാണ് പ്രഥമപരിഗണനയെന്ന് അദ്ദേഹം മൊസാദിനെ ബോധ്യപ്പെടുത്തി. ഇറാനെ ആക്രമിക്കുകയും മുതിര്‍ന്ന നേതാക്കളെ വധിക്കുകയും ചെയ്താല്‍ ഭരണം മറിച്ചിടാനാവുമെന്ന് അദ്ദേഹം വിശ്വസിച്ചു. നെതന്യാഹുവിനെയും ട്രംപിനെയും ഇക്കാര്യം വിശ്വസിപ്പിക്കാനും ബാര്‍ണിയയ്ക്ക് കഴിഞ്ഞു. അങ്ങനെയാണ്, ഇറാന്‍ ആക്രമണ പദ്ധതിക്ക് അന്തിമരൂപമായത്.

പദ്ധതികളിലെ പാളിച്ച

ഇറാനില്‍ വ്യാപകമായ ആഭ്യന്തര വിപ്ലവം ഇളക്കിവിടാന്‍ കഴിയുമെന്ന ഈ വിശ്വാസമാണ് ചീറ്റിപ്പോയത്. യുദ്ധത്തിന്റെ തയ്യാറെടുപ്പുകളില്‍ സംഭവിച്ച അടിസ്ഥാനപരമായ പിഴവ് ഇതാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. നെതന്യാഹുവും ട്രംപും ഇപ്പോള്‍ ഈ പിഴവ് തിരിച്ചറിയുന്നുണ്ട്. അവരുടെ വാക്കുകളില്‍ അതുണ്ട്. നെതന്യാഹു ഇക്കാര്യത്തില്‍ രോഷാകുലനായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധം തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷം നടന്ന ഒരു സുരക്ഷാ യോഗത്തില്‍, ട്രംപ് ഏതു നിമിഷവും യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചേക്കാമെന്നും എന്നാല്‍ മൊസാദിന്റെ നീക്കങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ലെന്നും നെതന്യാഹു രോഷത്തോടെ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വ്യഴാഴ്ച നടന്ന നെതന്യാഹുവിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഇയൊരു നിലപാട് മാറ്റം കുറച്ചുകൂടി വ്യക്തമായിരുന്നു. 'ആകാശത്ത് നിന്ന് വിപ്ലവങ്ങള്‍ നടത്താന്‍ കഴിയില്ല, അതിന് കരയിലുള്ള ഇടപെടല്‍ കൂടി ആവശ്യമാണ്.' എന്നാണ് അദ്ദേഹം പറഞ്ഞത്. 'സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇറാനിയന്‍ ജനത തെരുവിലിറങ്ങുമോ എന്ന് പറയാന്‍ സമയമായിട്ടില്ല. അത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. അത് നടക്കുമോ എന്നത് അവരെ മാത്രം ആശ്രയിച്ചിരിക്കും'എന്നും നെതന്യാഹു പറഞ്ഞു. യുദ്ധം രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും പ്രസിഡന്റ് ട്രംപും ഇതേ നിഗമനത്തില്‍ എത്തി. മാര്‍ച്ച് 12-ന് ഫോക്‌സ് ന്യൂസ് റേഡിയോയില്‍ സംസാരിക്കവെ, ഇറാനിലെ സുരക്ഷാ സേന തെരുവിലിറങ്ങുന്ന പ്രതിഷേധക്കാരെ മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് വെടിവെച്ചിടുകയാണ് എന്നാണ് ട്രംപ് പറഞ്ഞത്. 'ആയുധങ്ങളില്ലാത്ത സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് മറികടക്കാന്‍ പ്രയാസമായിരിക്കും. വിപ്ലവം സംഭവിക്കും, പക്ഷേ ഉടനടി ഉണ്ടായേക്കില്ല' ട്രംപ് പറഞ്ഞു.

കുര്‍ദ് പദ്ധതിയും പൊളിഞ്ഞു

ഇറാന്‍ പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങുന്നില്ലെങ്കില്‍, വടക്കന്‍ ഇറാഖ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ കുര്‍ദിഷ് സായുധ ഗ്രൂപ്പുകളെ രംഗത്തിറക്കാനായിരുന്നു മറ്റൊരു നീക്കം. സമീപ വര്‍ഷങ്ങളില്‍ സി.ഐ.എയും മൊസാദും കുര്‍ദിഷ് സേനയ്ക്ക് ആയുധങ്ങള്‍ നല്‍കിയിരുന്നു. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍, വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തിയത് കുര്‍ദിഷ് സേനയ്ക്ക് വഴിമരുന്നിടാനായിരുന്നു. എന്നാല്‍, കുര്‍ദ് സൈന്യം ഇറാനിലേക്ക് കടന്നില്ല. അത്തരം പദ്ധതികളില്ലെന്ന് ഇറാഖി കുര്‍ദിഷ് രാഷ്ട്രീയ പാര്‍ട്ടിയായ 'പേട്രിയോട്ടിക് യൂണിയന്‍ ഓഫ് കുര്‍ദിസ്ഥാന്‍' പ്രസിഡന്റ് ബഫല്‍ തലാബാനി ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയും ചെയ്തു. 'കുര്‍ദുകളുടെ മുന്നേറ്റം വിപരീതഫലമാണ് ഉണ്ടാക്കുക. ഇറാനികള്‍ കടുത്ത ദേശീയവാദികളാണ്. പുറത്തുനിന്നുള്ള കുര്‍ദുകളുടെ കടന്നുകയറ്റത്തില്‍ രാജ്യം വിഭജിക്കപ്പെടുമെന്ന് അവര്‍ ഭയപ്പെട്ടാല്‍ കുര്‍ദുകള്‍ക്കെതിരെ ജനം ഒന്നിക്കാനാണ് സാധ്യത'അദ്ദേഹം പറഞ്ഞു.

കുര്‍ദുകളെ കരയുദ്ധത്തിനിറക്കാനുള്ള പദ്ധതിയില്‍നിന്ന് പിന്നീട് അമേരിക്കയും പിന്നോട്ടുപോയി. യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്ക് ശേഷം കുര്‍ദിഷ് സേനകളെ ഇറാനിലേക്ക് അയക്കരുതെന്ന് താന്‍ കുര്‍ദിഷ് നേതാക്കളോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. കുര്‍ദുകള്‍ അങ്ങോട്ട് പോകുന്നത് തനിക്ക് താല്‍പ്പര്യമില്ലെന്നും ട്രംപ് പറഞ്ഞു. കുര്‍ദുകളുടെ നീക്കത്തെ പിന്തുണയ്ക്കരുതെന്ന് ടര്‍ക്കിയും ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുദ്ധക്കപ്പലുകളുടെ കാവലില്‍ ഇന്ത്യൻ അടുക്കളയിലേക്ക് ഇന്ധനമെത്തുന്നു; ഹോര്‍മുസ് കടലിടുക്ക് കടന്ന് രണ്ട് എല്‍പിജി കപ്പലുകള്‍
രണ്ട് മിസൈലുകളിലൊന്ന് നിലത്ത് പതിച്ചു; അപകടമൊഴിവായത് ജനവാസമില്ലാത്തതിനാൽ, ഇന്നും റിയാദിനെ ആക്രമിച്ച് ഇറാൻ