
ദില്ലി: ഇറാനുമായി ചർച്ചയ്ക്ക് ശ്രമിക്കുന്നുവെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ). സഹകരണം തുടരേണ്ടത് അനിവാര്യമാണെന്നും വെടി നിർത്തൽ സ്വാഗതം ചെയ്യുന്നുവെന്നും ഐഎഇഎ മേധാവി അറിയിച്ചു. ഇറാന്റെ ആണവായുധ പദ്ധതിയിൽ വിവാദങ്ങൾ അവസാനിപ്പിക്കാൻ ഇതാണ് മികച്ച സമയം. ഐഎഇഎയുമായി സഹകരണം അവസാനിപ്പിക്കാൻ ഇറാൻ നടപടി തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ഖത്തറിലെ അമേരിക്കൻ തവളത്തിലേക്കുള്ള ആക്രമണം യുഎൻ തത്വങ്ങൾ അനുസരിച്ചെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിന് ഖത്തറുമായി ഇതിനു ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും ഖത്താറുമായി ഉള്ളത് ദീർഘകാല ബന്ധമാണെന്നും ഇറാൻ വക്താവ് വ്യക്തമാക്കി.
അതേസമയം, 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ വ്യോമ പാത തുറന്ന് ഇസ്രയേൽ. ഇസ്രയേൽ എയർപോർട്ട് അതോറിറ്റിയാണ് വ്യോമപാത വീണ്ടും തുറന്നതായി വ്യക്തമാക്കിയത്. ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വ്യോമപാത പൂർണമായി അടച്ചത്.
പശ്ചിമേഷ്യയെ ആശങ്കയിലാക്കി 12 ദിവസം നീണ്ട ഏറ്റുമുട്ടലിനാണ് നിലവിൽ അന്ത്യമായത്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇറാൻ മിസൈലുകൾ ലോഞ്ച് ചെയ്തതായി അറിയാൻ സാധിച്ചതായാണ് ഇസ്രയേൽ സൈന്യം ചൊവ്വാഴ്ച വിശദമാക്കിയത്. ഇതിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ സൈറണുകൾ മുഴങ്ങിയിരുന്നു.