
അങ്കാറ: യുദ്ധത്തിന്റെ അഞ്ചാം ദിവസം തുർക്കിയിലേക്ക് തൊടുത്ത ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ നാറ്റോ വ്യോമസേന തകർത്തു. ആദ്യമായാണ് ഇറാൻ തുർക്കിക്ക് നേരെ ആക്രമണം നടത്തുന്നത്. ഇറാനുമായി 500 കിലോമീറ്റർ അതിർത്തി പങ്കിടുന്ന, ഭൂരിപക്ഷ സുന്നി മുസ്ലീം നാറ്റോ അംഗമായ തുർക്കിയെ ഒഴിവാക്കിയായിരുന്നു ഇതുവരെയുള്ള ആക്രമണം. ഇറാനിൽ നിന്ന് വിക്ഷേപിച്ച് ഇറാഖ്, സിറിയ വഴി തുർക്കി വ്യോമാതിർത്തിയിലേക്ക് പറന്നുയർന്ന ബാലിസ്റ്റിക് മിസൈൽ, നാറ്റോ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി തുർക്കി ഉദ്യോഗസ്ഥർ ഇന്നലെ പറഞ്ഞു. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ല. യുഎസ് താവളങ്ങൾ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ, ഇറാഖ്, ജോർദാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവയ്‌ക്കെതിരെ ഡ്രോണുകളും മിസൈലുകളും അയച്ച് ഇറാൻ തിരിച്ചടിച്ചിട്ടുണ്ടെങ്കിലും, തുർക്കിയെ ലക്ഷ്യം വെച്ചിരുന്നില്ല.
തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, തുർക്കിയുടെ പരമാധികാര പ്രദേശത്തിന് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും അമേരിക്കയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. സംഭവത്തെ നാറ്റോയും അപലപിച്ചു. മേഖലയിലുടനീളം ഇറാൻ ആക്രമണം തുടരുകയാണെന്നും, തുർക്കി ഉൾപ്പെടെയുള്ള എല്ലാ സഖ്യകക്ഷികളോടും നാറ്റോ ഉറച്ചുനിൽക്കുന്നുവെന്നും നാറ്റോ വക്താവ് അലിസൺ ഹാർട്ട് പറഞ്ഞു.
പ്രതികരണവും ആശങ്കകളും അറിയിക്കാൻ തുർക്കി ഇറാനിയൻ അംബാസഡറെ വിളിച്ചുവരുത്തി. അതേസമയം സംഘർഷം വർദ്ധിപ്പിക്കുന്ന നടപടികൾക്കെതിരെ ഫിദാൻ ടെഹ്‌റാനെ മുന്നറിയിപ്പ് നൽകിയതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തിരുന്നു. അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവയ്ക്കിടയിൽ വെടിനിർത്തൽ കരാർ വേണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും, കണ്ണുനീർ ഒഴുകുന്നത് നിർത്തണമെന്നും, വർഷങ്ങളായി നമ്മുടെ പ്രദേശം ആഗ്രഹിച്ചുപോന്ന ശാശ്വത സമാധാനം കൈവരിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും എർദോഗൻ പറഞ്ഞു. ഈ പുണ്യ റമദാൻ മാസത്തിൽ നമ്മുടെ അയൽക്കാരുമായി സംഘർഷമോ യുദ്ധമോ ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam