
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ സായുധവിഭാഗമായ ഐആർജിസി(ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സ്)യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സെപാഹ് ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. സങ്കീർണമായ ഇന്റലിജൻസ് ഓപ്പറേഷനിലൂടെ ഹോർമുസ് കടലിടുക്കിന്റെ പ്രവേശനകവാടത്തിന് സമീപത്തുവെച്ചാണ് അമേരിക്കയുടെ ആളില്ലാ അന്തർവാഹിനിയായ 'ഡൈവ്-എൽഡി' പിടിച്ചെടുത്തതെന്നാണ് ഇറാന്റെ അവകാശവാദം. പിടിച്ചെടുത്ത അന്തർവാഹിനിയുടെ വീഡിയോദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്.
അന്തർവാഹിനി പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കയുടെ എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനമാണ് ഹോർമുസിൽ അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ടതെന്നും ഐആർജിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
The first visuals have been released of the American Dive-LD unmanned submarine, seized by Iran's Islamic Revolution Guards Corps (IRGC) early on Tuesday. pic.twitter.com/ump8zQZt7c
— IRNA News Agency ☫ (@IrnaEnglish) September 8, 2026
അതേസമയം, ഇറാന്റെ അവകാശവാദങ്ങൾക്ക് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി അമേരിക്കയും രംഗത്തെത്തി. മേഖലയിലെ പരിശോധനയ്ക്കിടെ തങ്ങളുടെ ഒരു അണ്ടർവാട്ടർ ഡ്രോണിന് സാങ്കേതിക തകരാർ സംഭവിച്ചെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. ഇത് പഴയ മോഡലാണെന്നും ഇതിൽ പ്രധാനപ്പെട്ടതോ രഹസ്യസ്വഭാവമുള്ളതോ ആയ വിവരങ്ങളൊന്നും ഇല്ലെന്നും റഡാർ ഉപകരണങ്ങളില്ലെന്നും പെന്റഗൺ വക്താവ് അറിയിച്ചു. അതേസമയം, ഇറാൻ പിടിച്ചെടുത്തെന്ന് അവകാശപ്പെടുന്ന അന്തർവാഹിനി തന്നെയാണോ ഇതെന്ന് അമേരിക്ക വ്യക്തത നൽകിയിട്ടില്ല.
യുഎസ് യുദ്ധക്കപ്പലിന് നേരേ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇതുവരെ ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്തതായാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ(സെന്റ്കോം) അവകാശവാദം. അതിനിടെ, ഇറാനെതിരായ സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎസ് ട്രഷറി വകുപ്പ് 27 ഇറാനിയൻ എയർലൈൻ കമ്പനികൾക്കെതിരേ കൂടി ഉപരോധം ഏർപ്പെടുത്തി. ഐആർജിസിയുടെയും ഇറാൻ സേനയുടെയും പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതായി ആരോപിച്ചാണ് ഇറാനിൽനിന്നുള്ള സ്വകാര്യ വിമാനക്കമ്പനികൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. ഐആർജിസിയുടെ ആയുധക്കടത്തിനും നേതാക്കളുടെ യാത്രകൾക്കും ഈ സ്വകാര്യ വിമാനക്കമ്പനികളെയാണ് ആശ്രയിക്കുന്നതെന്നും യുഎസ് ആരോപിച്ചു. അതിനിടെ ആക്രമണകാരികളെ പൂർണമായും പശ്ചാത്താപത്തിലേക്ക് നയിക്കുന്നത് വരെ ഇറാൻ ചെറുത്തുനിൽപ്പ് തുടരുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam