
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങളോട് അമേരിക്ക അറിയിച്ച നിലപാട് ചർച്ച ചെയ്യാൻ ഇറാൻ. അമേരിക്കൻ നിലപാട് പരിശോധിച്ച് ഇറാനെടുക്കുന്ന തീരുമാനം നിർണായകമാകും. യുദ്ധം തീർക്കാൻ ഇറാൻ വെച്ച നിർദേശത്തോട് അമേരിക്ക കാലതാമസം കൂടാതെ പ്രതികരിച്ചിരിക്കുന്നു. ഇനി ഇറാന്റെ ഊഴമാണെന്നതിനാൽ തന്നെ ടെഹ്റാനിലെ ചർച്ചകളിലേക്ക് ലോകവും ഉറ്റുനോക്കുകയാണ്. ആണവ വിഷയം, ഹോർമൂസ് കടലിടുക്ക്, മരവിപ്പിച്ച സ്വത്തുക്കൾ, നാവിക ഉപരോധം തുടങ്ങി നിരവധി സങ്കീർണതകൾ പരസ്പരം ഉണ്ടെന്നിരിക്കെ ഇവയുടെ മുൻഗണനയാണ് നിലവിലെ പ്രശ്നമെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ സർക്കാർ വിഷയം ചർച്ച ചെയ്ത് പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ അനുമതിയോടെയാകും മറുപടി അറിയിക്കുത. സമാധാന ചർച്ചകൾ മുന്നോട്ടു പോകുമോ എന്നത് ഇതോടെ അറിയാം.
അതേസമയം സമാധാന ചർച്ച നടന്നാലും ഇല്ലെങ്കിലും അമേരിക്ക തുടർന്നും ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് കണക്കാക്കിയാണ് ഇറാനിലെ ഒരുക്കങ്ങൾ. സ്ത്രീകൾക്ക് ഉൾപ്പടെ കൂട്ടമായി ഇറാൻ ആയുധ പരിശീലനം നൽകുകയാണ്. സ്ത്രീകൾക്ക് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും നൽകിയുള്ള ജനകീയ പരിശീലനമടക്കം രാജ്യത്ത് സജീവമാണ്. രാജ്യത്തിനകത്ത് നിന്ന് തന്നെ സംഘർഷം ഉടലെടുക്കാനുള്ള സാധ്യത കൂടിയാണ് ഇറാൻ ഭരണകൂടം മുന്നിൽ കാണുന്നതെന്ന് വ്യക്തം. ഇറാന് നേരെ ആക്രമണമുണ്ടായാൽ നേരിടാൻ എത്ര മിസൈലുകൾ വേണമെങ്കിലും സജ്ജമെന്ന് ഇറാൻ സേനയായ ഐ ആർ ജി സിയും മുന്നറിയിപ്പ് നൽകി. അതിനിടെ 2014 ൽ സ്ഥാപിച്ച ഇറാഖിലെ സൈനിക താവളം അമേരിക്ക പൂർണമായി ഒഴിഞ്ഞു. ഇറാനുമായുള്ള സംഘർഷത്തിൽ ഈ താവളത്തിലേക്കും ആക്രമണം ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam