
ടെഹ്റാൻ: നിലവിലെ സാമ്പത്തിക യുദ്ധത്തിലും അമേരിക്ക തോൽക്കുമെന്ന് ഇറാൻ. അമേരിക്കയുടെ കുതിച്ചുയർന്ന കടത്തിൽ നിന്നും പലിശ നിരക്കിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള നീക്കമാണ് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എസിന്‍റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അബ്ബാസ് അരഗ്ചി എക്സിൽ പ്രതികരിച്ചു.
ഇറാനെ സഹായിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെയില്ലാത്തവിധം ശക്തമായ സാമ്പത്തിക യുദ്ധം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അരഗ്ചിയുടെ ഈ പ്രതികരണം പുറത്തുവന്നത്. ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ധാരണയിൽ എത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകാൻ അനുമതി നൽകുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ രാജ്യങ്ങൾക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ രാജ്യങ്ങൾക്ക് അത് അറിയാം എന്ന് പരാമർശിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ചൈന, തുർക്കി, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇറാന്‍റെ പ്രധാന വ്യാപാര പങ്കാളികൾ. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം നിൽക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാനെ ഒരിക്കലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.
The so-called “Economic D-Day” is a diversion from America's own crisis: unprecedented debt & surging interest costs.
Doubling down on failed policies will only bring further defeat—and enmity of Iranians. US economic terrorism threatens global economy and sovereignty worldwide pic.twitter.com/Qj5SzVBjvX— Seyed Abbas Araghchi (@araghchi) August 20, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam