
ജനീവ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ച അവസാനിച്ചു. ആണവ വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ച ഇറാൻ ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും വ്യക്തമാക്കി. ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൺ, എന്നീ രാജ്യങ്ങൾക്ക് ഒപ്പം യൂറോപ്യൻ യൂണിയൻ പ്രതിനിധിയും ചർച്ചയിൽ പങ്കാളിയായി. ഇറാന്റെ ആണവ പദ്ധതികളും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുമായിരുന്നു ചർച്ചകൾ.
അതേസമയം ചർച്ചകൾ ഇനിയും തുടരുമെന്ന് ഫ്രാൻസ് അറിയിച്ചു. ഇന്നത്തെ ചർച്ചകൾ ഏതാണ്ട് മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നു. ഇപ്പോഴത്തെ സംഘർഷങ്ങൾ ആരംഭിച്ച ശേഷം നടക്കുന്ന ആദ്യത്തെ വിപുലമായ ചർച്ചയായിരുന്നു ഇന്നത്തേത്. എല്ലാ വിഷയങ്ങളിലും ചർച്ച തുടരാൻ ഇറാൻ തയ്യാറാണെന്നാണ് ഇന്നത്തെ ചർച്ചയിൽ വ്യക്തമായതെന്ന് ചർച്ചയ്ക്ക് ശേഷം ജർമൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാൻ അമേരിക്കയുമായും ചർച്ച തുടരണമെന്നായിരുന്നു ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി പറഞ്ഞത്. നേരത്തെ അമേരിക്കയിലെത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ കണ്ട ശേഷമാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജനീവയിലെത്തിയത്.
അതേസമയം ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇറാൻ. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേൽനോട്ടത്തിലാണ് ആണവ പദ്ധതി നടക്കുന്നതെന്നും ഇറാൻ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ആണവ പദ്ധതി സമാധാനപരമായിട്ടാണെന്നും ഇറാൻ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ ആണവായുധം ഉണ്ടാക്കാതിരിക്കാൻ ഇറാൻ ദീര്‍ഘനാളായി വാദിക്കുന്നുണ്ട്.
എന്നാൽ തങ്ങളുടെ നടപടികള്‍ നിയമാനുസൃതമെന്നാണ് യുഎന്നിൽ ഇസ്രയേൽ അറിയിച്ചത്.പഴുതുകളില്ലാത്ത നിരീക്ഷണത്തിലൂടെ ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ കഴിയും. ദീർഘകാല കരാറിലൂടെ സമാധാനം സാധ്യമാണെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഐക്യരാഷ്ട്ര സഭയിൽ അറിയിച്ചു. ഇസ്രയേൽ -ഇറാൻ സംഘര്‍ഷത്തിൽ നിര്‍ണായക നിലപാടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയത്.