'അന്തിമ പോരാട്ടത്തിന്‍റെ ഏറ്റവും നിർണായക ഘട്ടം, ജാഗ്രതയോടെ വീടുകളിൽ തുടരുക, എന്‍റെ ആഹ്വാനത്തിനായി കാത്തിരിക്കുക': ഇറാനിലെ ജനങ്ങളോട് റെസ പഹ്‌ലവി

Published : Mar 12, 2026, 04:58 PM IST
Exiled Prince Reza Pahlavi

Synopsis

നിലവിലെ ഭരണകൂടത്തിനെതിരായ പോരാട്ടം നിർണായക ഘട്ടത്തിലാണെന്ന് ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവി. അവശ്യവസ്തുക്കൾ കരുതിവെച്ച് വീടുകളിൽ തുടരാനും രാജ്യവ്യാപകമായി സമരം തുടരാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. സൈന്യം ജനങ്ങൾക്കൊപ്പം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടെഹ്റാൻ: ഇസ്രയേൽ- യുഎസ്- ഇറാൻ സംഘർഷം തുടരവേ ജനങ്ങൾക്ക് നിർദേശങ്ങളുമായി ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവി. ജനങ്ങളോട് അവരുടെ വീടുകൾക്കുള്ളിൽ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു, നിലവിലെ ഭരണകൂടത്തിനെതിരായ അന്തിമ പോരാട്ടത്തിന്റെ ഏറ്റവും നിർണായക ഘട്ടമാണിതെന്ന് റെസ പഹ്‌ലവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. എത്രയും വേഗം അവശ്യവസ്തുക്കൾ കരുതിവെയ്ക്കണമെന്ന് പഹ്‌ലവി ഇറാനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യം നിർണായകമായ രാഷ്ട്രീയ പോരാട്ട ഘട്ടത്തിലാണെന്നും പൗരന്മാർ രാജ്യവ്യാപകമായി സമരം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിൽ പൗരന്മാരോടൊപ്പം ചേരാൻ പഹ്‌ലവി ഇറാനിലെ സൈന്യത്തോട് ആഹ്വാനം ചെയ്തു. ഇറാനിലെ ജനങ്ങൾ തന്‍റെ അന്തിമ ആഹ്വാനത്തിനായി കാത്തിരിക്കണമെന്നും റെസ പഹ്‌ലവി വീഡിയോയിൽ പറയുന്നു.

റെസ പഹ്‌ലവിയുടെ സന്ദേശം

"നമ്മൾ ഇപ്പോൾ അന്തിമ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലാണ്. സുരക്ഷയ്ക്കായി പുറത്തിറങ്ങാതെ വീടുകളിൽ തന്നെ തുടരുക. ജോലിക്ക് പോകാതെ സമരം തുടരുക. നിങ്ങളുടെ ഐക്യം പ്രകടിപ്പിക്കാൻ, മുദ്രാവാക്യം വിളി പൂർണ്ണ ശക്തിയോടെ തുടരുക"- എന്നാണ് മുൻ കിരീടാവകാശി പറഞ്ഞത്. അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്ന് വേർപെട്ട് ജനങ്ങളോടൊപ്പം ചേരാനുള്ള അവസാന അവസരമാണ് ഇതെന്നാണ് സൈന്യത്തോടുള്ള റെസ പഹ്‍ലവിയുടെ ആഹ്വാനം.

അതേസമയം ഭരണകൂടത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തിൽ പഹ്‌ലവിയുടെ സംഭാവന എന്തെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർന്നു. ഇറാനിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ ചിലർ അദ്ദേഹത്തിന്റെ സന്ദേശത്തെ പൊള്ളയെന്ന് വിളിച്ചു. ഇറാന് പുറത്ത് ഇരുന്ന് രാഷ്ട്രീയ പോരാട്ടത്തിൽ പങ്കുചേരാത്തതിന് അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു. ഇറാനിലെ ജനങ്ങൾക്കായി ഇന്‍റർനെറ്റ് ലഭ്യമാക്കാനോ അവരെ സാമ്പത്തികമായി സഹായിക്കാനോ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും പെഹ്ലവിക്ക് നേരെ ചോദ്യം ഉയർന്നു. അതേസമയം റെസ പെഹ്ലവിയുടെ ആഹ്വാനം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന കമന്‍റുകളും കാണാം.

ആരാണ് റെസ പഹ്‌ലവി?

റെസ പഹ്‌ലവിയെന്ന ഇറാനിലെ മുൻ കിരീടാവകാശി, ഇപ്പോൾ പ്രവാസിയായി ജീവിക്കുന്നു. ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് റെസ പഹ്‌ലവി. 1960 ഒക്ടോബർ 31 ന് ഇറാനിലെ ടെഹ്‌റാനിൽ ജനിച്ചു. 1967 ൽ പിതാവിന്റെ കിരീടധാരണ സമയത്ത് അദ്ദേഹത്തെ ഔദ്യോഗികമായി കിരീടാവകാശിയായി നാമകരണം ചെയ്തു. 1978 ൽ ടെക്സസിലെ റീസ് എയർഫോഴ്സ് ബേസിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിൽ യുദ്ധവിമാനം പറത്തൽ പരിശീലനത്തിനായി പോയി. പിതാവിന് അധികാരം നഷ്ടമായതോടെ റെസ പെഹ്‍ലവി യുഎസിലായി താമസം. പ്രവാസ ജീവിതത്തിനിടെ സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടി. ഇറാന്‍റെ പരമോന്നത നേതാവായിരുന്ന അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാന്‍റെ മോചനത്തിനുള്ള സമയമായെന്നും ട്രംപിന് നന്ദിയെന്നും റെസ പഹ്‌ലവി പ്രതികരിച്ചിരുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധം അവസാനിപ്പിക്കാം, പക്ഷേ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ; നിലപാട് വ്യക്തമാക്കി പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ
കുവൈത്തിലെ മംഗഫ് റെസിഡൻഷ്യൽ കെട്ടിടത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം