രഹസ്യം ചോർത്തി ഇസ്രായേലിന് നൽകാൻ സമ്മതിക്കില്ല, ആണവ പരിശോധന അനുവദിക്കില്ല; കടുപ്പിച്ച് ഇറാൻ

Published : Jun 24, 2026, 06:32 PM IST
IRAN

Synopsis

ഇറാനും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും തമ്മിൽ ആണവ പരിശോധനയെച്ചൊല്ലി തർക്കം രൂക്ഷമായി. കർശന പരിശോധന നടത്തുമെന്ന ഏജൻസിയുടെ നിലപാടിനെതിരെ, രഹസ്യങ്ങൾ ചോർത്താൻ അനുവദിക്കില്ലെന്ന് ഇറാൻ പ്രതികരിച്ചു. 

റാനും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും തമ്മിൽ ആണവ പരിശോധനയെച്ചൊല്ലി വാക്പോര് രൂക്ഷമാകുന്നു. ഇറാന്റെ ആണവ നിലയങ്ങളിൽ കർശന പരിശോധന നടത്തുമെന്ന അധ്യക്ഷൻ റാഫേൽ മരിയാനോ ഗ്രോസിയുടെ പ്രസ്താവനയാണ് ഇറാന്റെ കടുത്ത അതൃപ്തിക്ക് കാരണമായത്. ആണവ പരിശോധനകളുടെ മറവിൽ ഇസ്രായേലിന് രാജ്യത്തിന്റെ സുപ്രധാന രഹസ്യങ്ങൾ ചോർത്തി നൽകാൻ അനുവദിക്കില്ലെന്ന് ഇറാന്റെ ഔദ്യോഗിക സർക്കാർ മാധ്യമമായ ഐആർഐബി വ്യക്തമാക്കി. 

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിൽ അടുത്തിടെ ഒരു താൽക്കാലിക സമാധാന കരാർ ഒപ്പുവെച്ചിരുന്നു. 60 ദിവസത്തെ ഈ താൽക്കാലിക ഉടമ്പടി പ്രകാരം ഇറാന്റെ ആണവ സാമഗ്രികൾ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ നിരീക്ഷണത്തിലായിരിക്കുമെന്ന് വ്യക്തമാക്കുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഡൊണാൾഡ് ട്രംപും ഇറാൻ സമ്പൂർണ്ണ ആണവ പരിശോധനയ്ക്ക് സമ്മതിച്ചതായി അവകാശപ്പെട്ടു. 

ഇറാൻ തങ്ങളുടെ ആണവനിലയങ്ങളിൽ അന്താരാഷ്ട്ര പരിശോധനകൾക്ക് സമ്മതിച്ചിട്ടുണ്ടെന്നായിരുന്നു  യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം. എന്നാൽ, ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയുമായുള്ള സഹകരണം നിലവിലുള്ള ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി മാത്രമേ തുടരുകയുള്ളുവെന്ന് ടെഹ്റാൻ ആവർത്തിക്കുന്നു. 

തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുതിയ അവകാശവാദം ഉന്നയിച്ചത്. ആണവ പരിശോധനകൾക്ക് ഇറാൻ പൂർണമായി സമ്മതിച്ചിട്ടുണ്ട്. ഇത് ആണവരംഗത്തെ സുതാര്യത ഉറപ്പാക്കും. അവർ   തയ്യാറായിരുന്നില്ലെങ്കിൽ കൂടുതൽ ചർച്ചകൾ മുന്നോട്ട് പോകുമായിരുന്നില്ലെന്നും ട്രംപ് കുറിച്ചു.

കഴിഞ്ഞ വാരാന്ത്യത്തിൽ സ്വിറ്റ്സർലൻഡിൽ ആരംഭിച്ച അമേരിക്ക-ഇറാൻ ചർച്ചകളെ സംബന്ധിച്ച് ഇരുരാജ്യങ്ങളും മുന്നോട്ടുവയ്ക്കുന്ന വ്യത്യസ്ത അവകാശവാദങ്ങളുടെ തുടർച്ചയായാണ് പുതിയ വിവാദം. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ  ഇൻസ്പെക്ടർമാർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാൻ ഇറാൻ തയ്യാറായതോടെ ചർച്ചകളിൽ നിർണായക പുരോഗതി കൈവരിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം പ്രതികരിച്ച ടെഹ്റാൻ, ഐഎഇഎയുമായുള്ള സഹകരണം നിലവിലുള്ള നിയമപരവും സാങ്കേതികവുമായ ചട്ടക്കൂടിനുള്ളിൽ മാത്രമേ തുടരുകയുള്ളുവെന്ന് വ്യക്തമാക്കി. ട്രംപ് അവകാശപ്പെടുന്നതുപോലുള്ള പുതിയ ധാരണകളൊന്നും നിലവിലില്ലെന്ന സൂചനയാണ് ഇറാന്റെ പ്രതികരണത്തിൽ നിന്നുണ്ടാകുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ന്യൂയോർക്ക് രാഷ്ട്രീയത്തിൽ മാംദാനി തരംഗം; പരമ്പരാഗത ഡെമോക്രാറ്റുകളെ അട്ടിമറിച്ച് സോഷ്യലിസ്റ്റുകളുടെ പടയോട്ടം
രാജ്യത്ത് ഇനിയും വിമാനയാത്രാ നിരക്ക് കുതിച്ചുയരുമോ? ഇന്ധനവില വര്‍ധനയും ആഗോള പ്രതിസന്ധിയും കാരണമാകാമെന്ന് റിപ്പോർട്ട്