
വാഷിംഗ്ടൺ/ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. 'യുഎസ്എസ് എബ്രഹാം ലിങ്കൺ' എന്ന വിമാന വാഹിനിക്കപ്പലിന്‍റെ നേതൃത്വത്തിലുള്ള അമേരിക്കൻ നാവികപ്പട അറബിക്കടലിൽ നിലയുറപ്പിച്ചതോടെ, ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങൾ മണ്ണിനടിയിൽ കൂടുതൽ ആഴത്തിലേക്ക് ഒളിപ്പിക്കാൻ തുടങ്ങിയതായി പുതിയ ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിലെ സുരക്ഷ മുൻനിർത്തി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിന്യസിച്ച യുഎസ്എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് ഇറാൻ തീരത്തിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി നൂറുകണക്കിന് മിസൈൽ ബോബോട്ടുകളെ ഇറാൻ കടലിലിറക്കി.
ഇറാന്‍റെ സ്വന്തം ഡ്രോൺ കാരിയറായ 'ഷാഹിദ് ബഗേരി' ബന്ദർ അബ്ബാസ് തീരത്ത് നിന്ന് ആറ് കിലോമീറ്റർ അകലെ സജ്ജമാക്കിയിട്ടുണ്ട്. 60 ഡ്രോണുകളെ വരെ ഒരേസമയം വഹിക്കാൻ ശേഷിയുള്ളതാണിത്. ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിലേക്കുള്ള തുരങ്ക കവാടങ്ങൾ വൻതോതിൽ മണ്ണ് ഇട്ട് മൂടുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി കണ്ടെത്തിയിട്ടുണ്ട്. 2025 ജൂണിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണങ്ങളിൽ ആണവ കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് കൂടുതൽ സുരക്ഷിതമായ രീതിയിൽ ആണവ കേന്ദ്രങ്ങളെ ഭൂമിക്കടിയിലേക്ക് മാറ്റുന്നത്.
കഴിഞ്ഞ വർഷം ജൂണിൽ അമേരിക്കയുടെ വമ്പൻ ബോംബുകൾ ഫോർഡോ ആണവ കേന്ദ്രത്തിൽ പതിച്ചിരുന്നു. 200 അടി താഴെയുള്ള ലബോറട്ടറികളെപ്പോലും തകർക്കാൻ ശേഷിയുള്ളവയായിരുന്നു അവ. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഇറാൻ ഇപ്പോൾ പുതിയ നിർമ്മാണങ്ങൾ നടത്തുന്നത്. അമേരിക്കൻ സൈനിക വിന്യാസം 'ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനാണോ' എന്ന ഭീതിയിലാണ് ടെഹ്‌റാൻ. എന്നാൽ സമാധാനം നിലനിർത്താനാണ് തങ്ങളുടെ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam