
ടെഹ്‌റാൻ : ഹോർമുസ് നിയന്ത്രണത്തിന് പുതിയ പദ്ധതി ഉടനെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം നിയന്ത്രിക്കുന്നതിനായി പണം ഈടാക്കാനാണ് ഇറാൻ ആലോചിക്കുന്നത്. കപ്പലുകളിൽ നിന്ന് ആവശ്യമായ ഫീസ് ഈടാക്കാനാണ് ഇറാൻ പദ്ധതിയിടുന്നത്. ഇറാനിയൻ നിയമനിർമ്മാതാവ് ഇബ്രാഹിം അസീസിയുടെ പ്രസ്താവന വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് പുറത്ത് വിട്ടത്. ഹോർമൂസ് കടലിടുക്ക് കടക്കാൻ കപ്പലുകളിൽ നിന്നും ഫീസ് പിരിക്കുമെന്നും, അതേസമയം ഇറാനെ എതിർത്ത രാജ്യങ്ങളിലെ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ അനുമതി നൽകില്ലെന്നുമാണ് ഇറാൻ പറയുന്നത്.
തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ കടത്തിവിടുകയുള്ളൂ എന്നും ഭരണകൂടം വ്യക്തമാക്കി. കൂടാതെ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങൾക്ക് മുന്നിൽ ഈ പാത തുറക്കില്ലെന്നും ഇബ്രാഹിം അസീസി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഹോർമുസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നതിനിടെയും കൂടുതൽ കപ്പലുകൾ നിലവിൽ കടത്തിവിടുന്നുണ്ട്. ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കപ്പലുകളാണ് ഇതിനോടകം ഇറാൻ കടത്തിവിട്ടത്.
അതിനിടെ ഇറാന് നേരെയുള്ള ആക്രമണം പുനരാരംഭിക്കുന്നത് അമേരിക്കയും ഇസ്രയേലും ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരാനുള്ള ശ്രമങ്ങളുമായി പാക് ആഭ്യന്തര മന്ത്രി ഇറാനിലുണ്ട്. എന്നാൽ ചൈന സന്ദർശനത്തിന് ശേഷം തിരികെയെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതായാണ് പുറത്തുവരുന്ന വിവരം. സൈന്യത്തെ ഉപയോഗിച്ച് നയതന്ത്ര പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചാൽ ഇറാനെതിരെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി 2.0 നടപ്പാക്കാൻ ട്രംപ് ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം ഇറാനെതിരെ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഓപ്പറേഷൻ എപ്പിക് ഫ്യൂറി പുതിയ പേരിൽ നടപ്പാക്കാൻ ഉള്ള സാധ്യത പ്രതിരോധ വകുപ്പ് പരിശോധിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam