ഒടുവിൽ ഇന്ത്യയുടെ ശ്രമം ഫലം കണ്ടു, മോദിയുടെ സന്ദർശനത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പോലകൾ തിരികെ നൽകി നെതർലൻഡ്സ്; ചോള രാജവംശത്തിന്റെ സുപ്രധാന ചരിത്രരേഖ

Published : May 17, 2026, 12:31 AM IST
 Chola Copper Plate Netherlands

Synopsis

ചോള കാലഘട്ടത്തിലുള്ള ചെമ്പോലകൾ ഇന്ത്യയ്ക്ക് കൈമാറി നെതർലൻഡ്സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ ആണ് നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ചെമ്പോലകൾ കൈമാറ്റം ചെയ്തത്. 

ആംസ്റ്റർഡാം: നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പോലകൾ ഇന്ത്യയ്ക്ക് തിരികെ നൽകി നെതർലൻഡ്സ്. 11-ാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലുള്ള ചെമ്പോലകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ നെതർലൻഡ്സ് ഇന്ത്യയ്ക്ക് കൈമാറിയത്. കേന്ദ്രസർക്കാരിൻ്റെ വർഷങ്ങൾ നീണ്ട നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണ് നെതർലൻഡ്‌സിൽ 'ലൈഡൻ പ്ലേറ്റുകൾ'എന്നറിയപ്പെടുന്ന 'ആനൈമംഗലം ചെമ്പോലകൾ' നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ തിരികെ നൽകിയത്.

ചെമ്പോലകളുടെ കൈമാറ്റം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിൻ്റെ സൂചനയാണ്. എല്ലാ ഇന്ത്യക്കാർക്കും അങ്ങേയറ്റം സന്തോഷം നൽകുന്ന നിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പതിനൊന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ചോള കാലഘട്ടത്തിലെ ചെമ്പോലകൾ നെതർലൻഡ്‌സിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതായി പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും മനോഹരമായ ഭാഷകളിലൊന്നായ തമിഴിലുള്ള എഴുത്തുകളാണ് 21 വലിയ ഫലകങ്ങളും 3 ചെറിയ ഫലകങ്ങളും അടങ്ങുന്ന ഈ ചോള ചെമ്പോലകളിൽ ഭൂരിഭാഗവുമുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

 

മഹാനായ രാജേന്ദ്ര ചോഴൻ ഒന്നാമൻ, തന്റെ പിതാവായ രാജരാജ ചോഴൻ ഒന്നാമൻ നൽകിയ ഒരു വാക്കാലുള്ള ഉറപ്പിന് ഔദ്യോഗിക രൂപം നൽകിയതുമായി ബന്ധപ്പെട്ടതാണ് ഇവ. ചോഴ വംശത്തിന്റെ മഹത്വവും ഇവ വിളിച്ചോതുന്നു. ചോഴന്മാരിലും അവരുടെ സംസ്കാരത്തിലും നാവിക കരുത്തിലും ഇന്ത്യക്കാരായ നാം അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നെതർലൻഡ്സ് സർക്കാരിനും പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യപകുതി മുതൽ ഈ ചെമ്പോലകൾ സൂക്ഷിച്ചിരുന്ന ലൈഡൻ യൂണിവേഴ്സിറ്റിക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.

ഇന്ത്യക്ക് പുറത്ത് സംരക്ഷിക്കപ്പെട്ടിട്ടുള്ള ചോള രാജവംശത്തിന്റെ അവശേഷിക്കുന്ന ഏറ്റവും സുപ്രധാനമായ ചരിത്രരേഖകളായാണ് ചരിത്രകാരന്മാർ ഇതിനെ കണക്കാക്കുന്നത്. 21 ചെമ്പോലകൾക്ക് ഏകദേശം 30 കിലോ തൂക്കം വരും. ചോള രാജവംശത്തിന്റെ രാജമുദ്ര പതിച്ച വെങ്കല വളയത്തിലാണ് ചെമ്പോലകൾ കോർത്തിരിക്കുന്നത്. സംസ്കൃതം, തമിഴ് ഭാഷകളിലാണ് ചെമ്പോലകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഡച്ച് നിയന്ത്രണത്തിലായിരുന്ന നാഗപട്ടണത്തുനിന്ന് 18-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ക്രിസ്ത്യൻ മിഷനറിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഫ്ലോറൻഷ്യസ് കാമ്പർ ആണ് ചെമ്പോലകൾ നെതർലൻഡ്സിലേക്ക് കൊണ്ടുപോയത്. പുരാവസ്തുക്കൾ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമിതിയുടെ സമ്മേളനത്തിൽ, ചെമ്പോലകളുടെ ഉത്ഭവ രാജ്യം ഇന്ത്യയാണെന്ന വാദം സാധുവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇത് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടാൻ സമിതി നെതർലൻഡ്‌സിനോട് നിർദേശിച്ചിരുന്നു.

യുഎഇ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ആണ് നെതർലൻഡ്സിൽ എത്തിയത്. സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വഴിത്തിരുവാകുമോ പാകിസ്ഥാന്‍റെ പുതിയ നീക്കം, പാക് ആഭ്യന്തര മന്ത്രി നേരിട്ട് ഇറാനിലെത്തി; സമാധാന ചർച്ചകൾ പുനരാംരംഭിക്കാൻ നീക്കം
ചൈനയിൽ കിട്ടിയ സകല സമ്മാനങ്ങളും വിമാനം കയറുംമുന്നേ ചവറ്റുകുട്ടയിൽ കളഞ്ഞ് ട്രംപും സംഘവും; ചാരപ്പേടി, പാലിച്ചത് കർശന നിർദേശങ്ങൾ