
ടെഹ്റാൻ: അമേരിക്കയുമായി സമവായ സാധ്യതകൾ തുറന്നിട്ട് ഇറാൻ വിദേശകാര്യമന്ത്രി. വിഷയത്തിൽ ഇറാനുമായി ചർച്ചകൾ നടക്കുകയാണെന്ന അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ചാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി സമാവായ സാധ്യതകൾ വിവരിച്ചത്. ഇറാൻ വിഷയത്തിൽ ട്രംപ് ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ബാസ് അരഗ്ച്ചി പറഞ്ഞു. യുദ്ധമല്ല, തെറ്റായ കണക്കുകൂട്ടലാണ് പ്രശ്നമെന്നും അദ്ദേഹം സി എൻ എന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അമേരിക്കയുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്ന വിവരവും മന്ത്രി സ്ഥിരീകരിച്ചു. ഇറാൻ ആണവ പദ്ധതിയിൽ ധാരണയിലെത്താനുള്ള സാധ്യതകളും അബ്ബാസ് അരഗ്ച്ചി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അമേരിക്കയ്ക്ക് എതിരെ ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയിയുടെ മുന്നറിയിപ്പ് ഇന്നും ആവർത്തിച്ചിരിക്കെയാണ് സമവായ സ്വരം മന്ത്രി നൽകുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഇറാൻ ഭരണകൂടവുമായി അമേരിക്ക ചർച്ചകൾ നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി ആദ്യം രംഗത്തെത്തിയത് പ്രസിഡന്റ് ഡോണൾഡ് ട്രംപായിരുന്നു. ഇറാൻ സൈനിക മേധാവി വാഷിംഗ്ടണ് കടുത്ത മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകളിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധസാധ്യത തള്ളിക്കളയാതെ തന്നെ നയതന്ത്ര നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ഇറാൻ നമ്മളോട് സംസാരിക്കുന്നുണ്ട്. എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് നമുക്ക് നോക്കാം. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം എന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും അമേരിക്കയുടെ വമ്പൻ നാവികവ്യൂഹം ഇറാൻ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam