
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ആദ്യമായി ഡാൻസിങ് മിസൈൽ പ്രയോഗിച്ച് ഇറാൻ. യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അത്യാധുനിക മിസൈലുകൾ വിക്ഷേപിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ തന്നെ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത, ഖര ഇന്ധനം ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലാണ് ‘സെജ്ജിൽ’ മിസൈൽ. ദിശമാറി സഞ്ചരിക്കാനുള്ള കഴിവുള്ളതിനാലാണ് ഇവയെ ഡാൻസിങ് മിസൈൽ എന്ന് വിളിക്കുന്നത്.
2,000 കിലോമീറ്റർ പരിധിയുള്ള മിസൈലിന് 700 കിലോഗ്രാം ആയുധം വഹിക്കാൻ കഴിയുമെന്നാണ് പറയുന്നത്. ദിശമാറ്റുന്നതിനാൽ ഇസ്രായേലിന്റെ അയൺഡോം പോലുള്ള മിസൈൽ വേധ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്നാണ് ഇറാന്റെ അവകാശവാദം. 18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവുമുള്ള ഈ മിസൈൽ, വേഗത്തിൽ വിക്ഷേപണത്തിന് സജ്ജമാക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 1990 കളുടെ തുടക്കത്തിലാണ് സെജ്ജിൽ മിസൈലിന്റെ രൂപകൽപന ആരംഭിച്ചത്. 2008ലായിരുന്നു ആദ്യ പരീക്ഷണം.
യുദ്ധം പതിനാറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇറാന്റെ മിസൈൽ വിക്ഷേപണം. ഫെബ്രുവരി 28ന് തുടങ്ങിയ ആക്രമണം അയവില്ലാതെ തുടരുകയാണ്. ഇറാന്റെ 86 കാരനായ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുകയും മിഡിൽ ഈസ്റ്റിലുടനീളം സംഘർഷമാരംഭിക്കുകയും ചെയ്തു. ഇറാൻ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ടു. ഇസ്രായേലും അമേരിക്കയും ഇറാനിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് തുടരുകയാണ്. യുദ്ധത്തിൽ ഇതിനകം രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു, അവരിൽ ഭൂരിഭാഗവും ഇറാനിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam